പഴകിയ മീനുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്തനടപടി വേണം

കാസര്‍കോട് ജില്ലയില്‍ വീണ്ടും പഴകിയതും ഫോര്‍മാലിന്‍ എന്ന മാരക രാസവസ്തു കലര്‍ത്തിയതുമായ മീനുകള്‍ വില്‍ക്കുകയാണെന്ന പരാതികള്‍ വ്യാപകമാകുകയാണ്. ഇത്തരം മീനുകള്‍ പരിശോധിച്ചുള്ള നടപടികള്‍ നിര്‍ത്തിവെച്ചതോടെയാണ് ഇതൊരു അവസരമായി കണ്ട് മോശമായ മീനുകളുടെ വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. പഴകിയ മീനുകളുടെ വില്‍പ്പന തടയുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ നഗരങ്ങളിലെ മല്‍സ്യമാര്‍ക്കറ്റുകളിലും മറ്റ് മല്‍സ്യവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകളടക്കം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു. അതിന് ശേഷം ശുദ്ധമായ മീനുകള്‍ തന്നെ വിപണിയില്‍ […]

കാസര്‍കോട് ജില്ലയില്‍ വീണ്ടും പഴകിയതും ഫോര്‍മാലിന്‍ എന്ന മാരക രാസവസ്തു കലര്‍ത്തിയതുമായ മീനുകള്‍ വില്‍ക്കുകയാണെന്ന പരാതികള്‍ വ്യാപകമാകുകയാണ്. ഇത്തരം മീനുകള്‍ പരിശോധിച്ചുള്ള നടപടികള്‍ നിര്‍ത്തിവെച്ചതോടെയാണ് ഇതൊരു അവസരമായി കണ്ട് മോശമായ മീനുകളുടെ വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. പഴകിയ മീനുകളുടെ വില്‍പ്പന തടയുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ നഗരങ്ങളിലെ മല്‍സ്യമാര്‍ക്കറ്റുകളിലും മറ്റ് മല്‍സ്യവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകളടക്കം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു. അതിന് ശേഷം ശുദ്ധമായ മീനുകള്‍ തന്നെ വിപണിയില്‍ നിന്നും വാങ്ങാന്‍ കിട്ടിയിരുന്നു. ഇതോടെ പരിശോധനയും നിര്‍ത്തിവെച്ചു. എന്നാലിപ്പോള്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍പ്പനക്കെത്തുന്നത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മീനുകളാണെന്ന പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഏറെ നാളുകളായി രുചിയും മണവും നഷ്ടമായ മത്തിയും അയിലയും അടക്കമുള്ള മീനുകളാണ് ജില്ലയില്‍ വ്യാപകമായി വില്‍പ്പനക്ക് വെച്ചിരുന്നത്. ആരോഗ്യവിഭാഗം പരിശോധന സജീവമാക്കിയപ്പോള്‍ രുചിയും മണവുമുള്ള മീനുകള്‍ കിട്ടിതുടങ്ങിയത് മല്‍സ്യ ഉപഭോക്താക്കളില്‍ സന്തോഷം പകര്‍ന്നിരുന്നു. പരിശോധനയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറിയതോടെയാണ് ഗുണനിലവാരമില്ലാത്ത മീനുകള്‍ തിരിച്ചെത്തിയത്. പണം കൊടുത്ത് രുചിയില്ലാത്ത മീനുകള്‍ കഴിക്കേണ്ട ഗതികേടിലാണ് മല്‍സ്യ ഉപഭോക്താക്കള്‍. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മല്‍സ്യം മത്തിയാണ്. ചെറിയ വിലക്ക് ധാരാളം കിട്ടും എന്നതുമാത്രമല്ല പലരെയും മത്തിയിലേക്ക് ആകര്‍ഷിക്കുന്നത്. നല്ല രുചിയും മണവും ഇതിനുണ്ട്. മത്തിയുടെ ആ സ്വാഭാവികരുചിയും മണവും വീണ്ടും നഷ്ടമായി തുടങ്ങിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നു. അയിലയുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. ആളുകള്‍ കൂടുതല്‍ വാങ്ങുന്ന മീനുകളില്‍ വിറ്റഴിയാതെ കിടക്കുന്നവ ഫോര്‍മാലിനും മറ്റും കലര്‍ത്തി സൂക്ഷിക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മീനുകള്‍ ഒറ്റനോട്ടത്തില്‍ പഴകിയതാണെന്ന് തോന്നുകയില്ല. കറിവെച്ചുകഴിക്കുമ്പോഴായിരിക്കും ഇത് വായില്‍ വെക്കാന്‍ പോലും കൊള്ളില്ലെന്ന് ബോധ്യപ്പെടുക. മീനിന്റെ രുചി ഉണ്ടാവില്ലെന്ന് മാത്രമല്ല വല്ലാത്തൊരു ചുവയുമുണ്ടാകും. ഹോട്ടലുകളില്‍ പൊരിച്ചുനല്‍കുന്ന മീനുകള്‍ക്ക് വന്‍ വിലയാണ് ഈടാക്കുന്നത്. എന്നാല്‍ പല പൊരിച്ച മീനുകള്‍ക്കും ഓക്കാനം വരുത്തുന്ന എന്തോ തരം രുചിയായിരിക്കും. ഹോട്ടലുകളില്‍ ഇതേ ചൊല്ലിയുള്ള വാക്കുതര്‍ക്കങ്ങളുണുണ്ടാകുന്നുണ്ട്. പൊതുവെ മീനുകള്‍ പോഷകസമൃദ്ധമാണെങ്കിലും മായം കലര്‍ത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഫോര്‍മാലിന്‍ കലര്‍ത്തിയ പഴകിയ മീനുകള്‍ കറിവെച്ചും പൊരിച്ചും കഴിക്കുമ്പോള്‍ അത് ഉണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും. ആന്തരികാവയവങ്ങള്‍ക്ക് വരെ കേടുവരാനും കിഡ്നി തകരാറിലാകാനും ഇത് ഇടവരുത്തുമെന്നാണ് ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. മുടക്കുന്ന പണത്തിന് മോശമായ മീനുകള്‍ നല്‍കുന്നത് കൊടിയ വഞ്ചനയും അനീതിയുമാണ്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ലംഘനം കൂടിയാണിത്. ഗുണനിലവാരമുള്ള മീനുകള്‍ ലഭിക്കേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്. കീശ വീര്‍പ്പിക്കാന്‍ പഴകിയതും വിഷം കലര്‍ന്നതുമായ മീനുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു ദാക്ഷിണ്യവും നല്‍കരുത്. കര്‍ശന നടപടി തന്നെ ഇവര്‍ക്കെതിരെ സ്വീകരിക്കണം.

Related Articles
Next Story
Share it