ന്യൂഡല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തള്ളിയാണ് ഇ.ഡിയുടെ എതിര് സത്യവാങ് മൂലം. സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇ.ഡി പറയുന്നു. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ഇ.ഡി ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്തിലെ വിചാരണ മാറ്റണമെന്ന ഹര്‍ജിയിലാണ് ഇ.ഡി എതിര് സത്യവാങ്മൂലം നല്‍കിയത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി ഹര്‍ജി നല്‍കിയത്. കേരളത്തില്‍ വിചാരണ നടപടികള്‍ നടന്നാല്‍ അത് അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡിയുടെ ഹര്‍ജിയിലെ ആരോപണം. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഇ.ഡിയുടെ ആവശ്യം സാങ്കല്പിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജുഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും വാദിച്ചിരുന്നു. ഇ.ഡിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.