കാസര്‍കോടിന്റെ വികസനത്തെ മുരടിപ്പിക്കുന്ന മാന്ദ്യം

കാസര്‍കോട് നഗരത്തില്‍ കച്ചവട മേഖല വന്‍ തളര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. പട്ടാപ്പകല്‍ പോലും ഈ ചെറുകിട നഗരം വിജനമായത് പോലെ കാണപ്പെടാറുണ്ട്. അതിന്റെ സാക്ഷ്യ പത്രമാവാം, ഒരു അവധി നാളിന്റെ പ്രതീതി കാസര്‍കോട്ടെ കട ഉടമകളുടെ മുഖഭാവങ്ങളില്‍ നിന്നും ശരീര ഭാഷകളില്‍ നിന്നും ഇത് വായിച്ചെടുക്കാനാവുന്നുണ്ട്. ഇവിടെ മാര്‍ക്കറ്റ് പരിസരത്ത് പോലും കടകള്‍ നടത്തിവരുന്ന പലരോടും എങ്ങനെയുണ്ട് കച്ചോടം എന്ന് ആരും പരസ്പരം പോലും ചോദിക്കാറില്ലത്രെ. കോവിഡ് മഹാമാരി 99 ശതമാനവും വിട്ടു പോയതോടെ ഒരു ഹൃസ്വ […]

കാസര്‍കോട് നഗരത്തില്‍ കച്ചവട മേഖല വന്‍ തളര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. പട്ടാപ്പകല്‍ പോലും ഈ ചെറുകിട നഗരം വിജനമായത് പോലെ കാണപ്പെടാറുണ്ട്. അതിന്റെ സാക്ഷ്യ പത്രമാവാം, ഒരു അവധി നാളിന്റെ പ്രതീതി കാസര്‍കോട്ടെ കട ഉടമകളുടെ മുഖഭാവങ്ങളില്‍ നിന്നും ശരീര ഭാഷകളില്‍ നിന്നും ഇത് വായിച്ചെടുക്കാനാവുന്നുണ്ട്. ഇവിടെ മാര്‍ക്കറ്റ് പരിസരത്ത് പോലും കടകള്‍ നടത്തിവരുന്ന പലരോടും എങ്ങനെയുണ്ട് കച്ചോടം എന്ന് ആരും പരസ്പരം പോലും ചോദിക്കാറില്ലത്രെ. കോവിഡ് മഹാമാരി 99 ശതമാനവും വിട്ടു പോയതോടെ ഒരു ഹൃസ്വ കാലത്തേക്ക് നഗരം ഉണര്‍ന്നു വരുന്നുണ്ടായിരുന്നു. തെരുവുകളില്‍ തിരക്ക് വര്‍ധിച്ചു വരുന്നത് പലരിലും ആഹ്ലാദം നുരയിട്ടിരുന്നു. പക്ഷെ അത് വീണ്ടും കരിന്തിരി കത്തിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയിലേക്ക് മാറുകയായിരുന്നു. കച്ചവടക്കാരില്‍ ഒരു ചെറിയ ശതമാനം പൂട്ടിപ്പോയിക്കഴിഞ്ഞു. പലരും കൈയിലുള്ള ഷോപ്പുകള്‍ പൂട്ടാന്‍ മടിക്കുന്നത് പിന്നീടത് തിരിച്ചു കിട്ടാനോ മറ്റൊരു കട ആ വാടകക്ക് കിട്ടാനോ സാധ്യത ഇല്ലാത്തത് കൊണ്ടാണ്. ഉള്ള വയറ്റിപ്പിഴപ്പ് മുട്ടിപ്പോയാല്‍ തിരിച്ചു പിടിക്കാന്‍ വിഷമമാണ്. ഷോപ്പുകള്‍ കിട്ടുകയാണെങ്കില്‍ തന്നെ ഇപ്പോഴത്തെ എത്രയോ ഇരട്ടി ഡെപ്പോസിറ്റും മാസ വാടകയും നല്‍കേണ്ടി വരും.
പലരും ഈ മാന്ദ്യത്തിന്, പല കാരണങ്ങള്‍ ചൂണ്ടി കാട്ടുന്നു. ചിലര്‍ പറയുന്നത് ഓണ്‍ലൈന്‍ മേഖലയുടെ വ്യാപനത്തെയാണ്. ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും അവര്‍ വല വിരിച്ചു കഴിഞ്ഞു. സാധനം ഓര്‍ഡര്‍ ചെയ്തു കൂള്‍ ആയി ഇരുന്നാല്‍ ദിവസങ്ങള്‍ക്കകം വാതിലില്‍ മുട്ടി വിളിക്കും. ഉള്‍നാടന്‍ വീടുകളിലെ യുവതികള്‍ക്ക് ഓണ്‍ലൈനില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യുന്നതും അതൊരു ബൈക്കുകാരന്‍ വീട്ടുപടിക്കല്‍ കൊണ്ടെത്തിക്കുന്നതും കേവല അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഒരു ഹരം (ഹോബി) ആയി മാറി വന്നിട്ടുണ്ട്. വെറുതെയാണെങ്കിലും ഇത്തരം ഹരം കൊണ്ട് നടക്കുന്ന യുവതികള്‍, വീട്ടമ്മമാര്‍ നാട്ടുംപ്രദേശത്ത് വര്‍ധിച്ചു വന്നിട്ടുണ്ട്. ഒരു സൂചിയും നൂലും പോലും ഓര്‍ഡര്‍ ചെയ്ത് സോഫയില്‍ ചാരിയിരിക്കുക. അതാ അത് ഡോര്‍ പടിക്കലെത്തുന്നു. പല രഹസ്യ സാധനങ്ങളും കടകളില്‍ പോയി വാങ്ങാന്‍ മടിയുള്ളവര്‍ക്ക് ഇത് പാക്ക് ആയി വരുമ്പോള്‍ കൂടുതല്‍ സ്വകാര്യത കിട്ടുന്നുണ്ട് എന്നത് സമ്മതിക്കണം. നാട്ടിലെ സാധാരണക്കാരെ തുണക്കുന്നതിന് പകരം കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്നോ എന്നൊന്നും ചോദിക്കരുത്. അതേസമയം പൂര്‍ണ്ണമായും മാന്ദ്യത്തിനു കാരണം ഓണ്‍ലൈന്‍ മാത്രമാണെന്ന് സമ്മതിക്കാനാവുന്നില്ല. മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നാട്ടിന്‍ പ്രദേശങ്ങളിലെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സുലഭമായി എന്നതാണ്. അവിടങ്ങളില്‍ അവശ്യ വസ്തുക്കള്‍ പട്ടണങ്ങളെക്കാളും വില കുറച്ചു ലഭ്യമാകുന്നു. അതൊരു തള്ളിക്കളയാവുന്ന കാരണമല്ല. മറ്റൊരു സൗകര്യം അവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടം പോലെ ഇടം കിട്ടുന്നു എന്നുള്ളതാണ്. ഇക്കാലത്ത് ഒരു ചെറുകിട വാഹനമെങ്കിലും ഇല്ലാത്തവര്‍ വളരെ ചുരുങ്ങും. കച്ചവട സ്ഥാപനങ്ങളുടെ പ്രധാന ആവശ്യം പരിസരങ്ങളില്‍ വാഹന പാര്‍ക്കിങ് ലഭ്യമാക്കുക എന്നതാണ്. ഇത് പറയുകയാണെങ്കില്‍, കാസര്‍കോട്ട് പല കെട്ടിടങ്ങള്‍ക്കും എങ്ങനെ പെര്‍മിറ്റ് ലഭ്യമായി എന്നത് ആരെയും കുഴക്കുന്ന ചോദ്യമാണ്. പക്ഷെ അതിന് കാസര്‍കോട്ടുകാര്‍ക്ക് ലളിതമായ ഉത്തരമുണ്ട്. കാശുണ്ടെങ്കില്‍ നടക്കാത്തത് വല്ലതുമുണ്ടോന്ന്. വാഹന പാര്‍ക്കിങ് സൗകര്യം കാട്ടിക്കൊടുത്ത് തന്നെയാണ് പല കെട്ടിടങ്ങളുടെയും പെര്‍മിഷന്‍ കെട്ടിടം തുറക്കുന്നതിനു മുമ്പ് കൈക്കലാക്കിയത്. പക്ഷെ ആ പാര്‍ക്കിങ് ഇടം പോലും പിന്നീട് ഷോപ്പ് മുറികളായി മാറുന്ന പ്രതിഭാസം ഇവിടെ കാണാം. ഇതിനെ ആരും നാഗരാസൂത്രണത്തിന്റെ പോരായ്മ എന്ന് പറയില്ലല്ലോ. അത്തരം ചില കെട്ടിട ഉടമകള്‍ അവരുടെ സ്വന്തം വാഹനം ഒരിടത്തിടാന്‍ സ്ഥലം നോക്കി ഈ നഗരത്തില്‍ മണിക്കൂറുകളോളം കറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഈ മേഖലയില്‍ ഒരു മാന്ദ്യം എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനെ മറികടക്കാന്‍ ഭരണകൂടം, നഗരസഭകള്‍ പോംവഴികള്‍ കണ്ടെത്തേണ്ടതുണ്ട്. അതോടൊപ്പം കച്ചവടക്കാരുടെ സംഘടനകളും.
പൊതുവെ പകലുകളില്‍ ചൂട് വര്‍ധിച്ചു വരുന്ന കാലാവസ്ഥ കൂടിയാണ് നമ്മള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ നഗരത്തില്‍ ആള്‍ക്കാരെ കണ്ടു വരുന്നത് വൈകുന്നേരങ്ങളിലാണ്. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് വൈകി വന്നു വൈകി തിരിച്ചു പോകുന്നതൊന്നും ഇപ്പോള്‍ വിഷമകരമല്ല. പക്ഷെ കാസര്‍കോട്ട് 6-7 മണി ആകുമ്പോഴേക്കും കടകള്‍ക്ക് ഷട്ടറുകള്‍ വീണു തുടങ്ങും. ഇതേസമയം ഉള്‍പ്രദേശങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടയുന്നത് 10-11 മണിക്കാണ്. അപ്പോള്‍ ടൗണില്‍ വന്നവര്‍ പോലും അവശ്യ സാധനങ്ങള്‍ പോകുന്ന വഴിക്ക് വാങ്ങുന്ന കാഴ്ചകളും കണ്ടുവരുന്നു. എട്ട് മണി കഴിഞ്ഞും കാസര്‍കോട് ടൗണില്‍ തുറന്നു കിടക്കുന്നുണ്ടാവും എന്ന് ഉറപ്പിക്കാവുന്ന കടകള്‍ തുലോം പരിമിതമാണ്. നേരത്തെ പൂട്ടിപ്പോകുന്നവര്‍ റൂട്ട് ബസ്സുകാരെ കുറ്റം പറയും. ബസ്സുകാര്‍ തിരിച്ചു നേരത്തെ പൂട്ടുന്ന കടക്കാരെയും. അതിനെ കുറിച്ചു ഈയിടെ ഒരിക്കല്‍ ഇതേ പത്രത്തില്‍ എഴുതിയിരുന്നു. ആവര്‍ത്തിക്കുന്നില്ല. രാത്രി 9 മണി വരെ ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളിലേക്കെങ്കിലും ബസ് സൗകര്യം ആവശ്യമാണ്. കോവിഡിന് മുമ്പ് 9.30 വരെ ബസ്സുകള്‍ ഓടിക്കൊണ്ടിരുന്നു. എന്തുകൊണ്ട് നഗരസഭക്ക്, പരിസര പഞ്ചായത്തധികൃതര്‍ക്ക് ഇതിലൊക്കെ ഇടപെട്ടുകൂടാ? നഗരസഭക്ക് വ്യാപാരി സംഘടനകളോട് ചേര്‍ന്നുകൊണ്ട് ഒരു വ്യാപാരോത്സവം സംഘടിപ്പിക്കാവുന്നതാണ്. വൈകുന്നേരം 4 മുതല്‍ കുറഞ്ഞത് 9-10 മണിവരെ നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍. നാട്ടിന്‍ പ്രദേശങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ഡിസ്‌കൗണ്ടില്‍ നല്‍കണം. സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം വ്യാപാരോത്സവങ്ങള്‍ നടത്തപ്പെട്ടിരുന്നു.


-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it