ഗള്‍ഫില്‍ ഈന്തപ്പഴ മധുരം പകര്‍ന്ന് അരനൂറ്റാണ്ടോളമായി ഇ.ബി അഹമ്മദ്

ദുബായിലെ കാസര്‍കോടന്‍ മലയാളികള്‍ക്കിടയില്‍, വിശിഷ്യാ കെ.എം.സി.സി പ്രവര്‍ത്തര്‍ക്കിടയില്‍ ഇബിച്ച എന്ന ഇ.ബി. അഹമ്മദ് സുപരിചിതമായ നാമമാണ്. ദുബായ് കെ.എം.സി.സിയുടേയും മറ്റു കൂട്ടായ്മകളുടെയും പൊതുപരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവരും തിരിച്ചറിയുക മധുരമൂറും ഈന്തപ്പഴങ്ങളിലൂടെയാണ്. 70 വയസ് പിന്നിട്ട ഇബിച്ച പ്രവാസജീവിതത്തിന്റെ അമ്പതാണ്ടോടടുക്കുകയാണ്.1949ല്‍ ദേളിയിലാണ് ജനനം. 1994 മുതല്‍ ബദിയടുക്ക പഞ്ചായത്തില്‍ ചെടേക്കാലില്‍ സ്ഥിരതാമസക്കാരനായി. സാധാരണ കാസര്‍കോടുകാരെ പോലെ ജോലി അന്വേഷിച്ച് ചെന്നെത്തിയത് പഴയ ബോംബെയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കാലത്താണ് 1974 ഏപ്രില്‍ ഒമ്പതിന് കപ്പലില്‍ […]

ദുബായിലെ കാസര്‍കോടന്‍ മലയാളികള്‍ക്കിടയില്‍, വിശിഷ്യാ കെ.എം.സി.സി പ്രവര്‍ത്തര്‍ക്കിടയില്‍ ഇബിച്ച എന്ന ഇ.ബി. അഹമ്മദ് സുപരിചിതമായ നാമമാണ്. ദുബായ് കെ.എം.സി.സിയുടേയും മറ്റു കൂട്ടായ്മകളുടെയും പൊതുപരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവരും തിരിച്ചറിയുക മധുരമൂറും ഈന്തപ്പഴങ്ങളിലൂടെയാണ്. 70 വയസ് പിന്നിട്ട ഇബിച്ച പ്രവാസജീവിതത്തിന്റെ അമ്പതാണ്ടോടടുക്കുകയാണ്.
1949ല്‍ ദേളിയിലാണ് ജനനം. 1994 മുതല്‍ ബദിയടുക്ക പഞ്ചായത്തില്‍ ചെടേക്കാലില്‍ സ്ഥിരതാമസക്കാരനായി. സാധാരണ കാസര്‍കോടുകാരെ പോലെ ജോലി അന്വേഷിച്ച് ചെന്നെത്തിയത് പഴയ ബോംബെയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കാലത്താണ് 1974 ഏപ്രില്‍ ഒമ്പതിന് കപ്പലില്‍ സ്വപ്‌നങ്ങളുടെ പറുദീസയായ ദുബായിലേക്ക് വരുന്നത്. ബര്‍ ദുബായ് പോര്‍ട്ട് റാഷിദ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ വന്നിറങ്ങിയ ഇബിച്ച തന്റെ പ്രവാസ ജീവിതത്തിന്റെ അഞ്ചാം പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
ഗള്‍ഫിലെ പ്രവാസ ജീവിതത്തില്‍ 47 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്തു. ഇടയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും കണ്ട് സ്‌പോണ്‍സര്‍ അദ്ദേഹത്തോട് പറഞ്ഞുവത്രെ; കുറച്ച് കാലം നാട്ടില്‍ പോയി വിശ്രമിച്ച് ഇങ്ങോട്ട് തന്നെ വരണം, തിരികെ വന്ന് എന്റെ ഓഫീസില്‍ ഇരുന്ന് വിശ്രമിച്ചോളൂയെന്ന്. അത്രമാത്രം സ്‌നേഹമായിരുന്നു അറബ് പ്രമുഖനായ സ്‌പോണ്‍സര്‍ക്ക് ഈബിച്ചയോട്.
സാമൂഹ്യ മേഖലയില്‍ നിറഞ്ഞിരിക്കുമ്പോള്‍ തന്നെ കലാ കായിക മേഖലകളിലും ഈബിച്ച വ്യാപൃതനായിരുന്നു. ക്രിക്കറ്റ് ആയിരുന്നു ഇഷ്ടപ്പെട്ട ഗെയിം. യു.എ.ഇയില്‍ എവിടെ മത്സരമുണ്ടായാലും അവിടെ എത്തിയിരിക്കും. ഒഴിവ് സമയങ്ങളിലൊക്കെയും ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാന്‍ ഇബിച്ച മുമ്പിലുണ്ടായിരുന്നു. പിന്നീട് അമ്പയറിംഗിലും ശ്രദ്ധ ചെലുത്തി. വോളിബോളും ഷട്ടില്‍ ബാഡ്മിന്റണും ഇഷ്ട ഗെയിമുകളായിരുന്നു. കലാ രംഗത്തും ഈബിച്ച നിറഞ്ഞ് നിന്നു. അക്കാലത്തെ കൂടിച്ചേരലുകളില്‍ ഇബിച്ചാന്റെ ഗാനം ഒഴിച്ച് കൂടാനാവാത്തതായിരുന്നു. ഗസല്‍ പാട്ടുകളോടായിരുന്നു പ്രിയം. റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങളോടാണ് എറ്റവും ഇഷ്ടം.
2007ല്‍ ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി കെ.എം.സി.സി പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്നു. തൊട്ടടുത്ത വര്‍ഷം കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടായി. നീണ്ട ഒമ്പത് വര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു. ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായും ഇപ്പോള്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷനായും പ്രവര്‍ത്തിക്കുന്നു.
ഇബിച്ചാന്റെ ഈത്തപ്പഴ വിതരണം എല്ലാ പ്രവര്‍ത്തകരുടെയും മനസില്‍ എന്നുമുണ്ടാകും. എന്ത് പ്രോഗ്രാമായാലും ഇബിച്ചാന്റെ വക ഒരു സ്‌പെഷ്യല്‍ ഈത്തപ്പഴം വരും. എള്ള് കൊണ്ട് പൊതിഞ്ഞ പ്രത്യേക തരം ഈത്തപ്പഴം നിറച്ച തളികകളുമായിട്ടായിരിക്കും ഇബിച്ചാന്റെ സ്‌നേഹ സമ്മാനം ഓരോ മീറ്റിംഗിലുമുണ്ടാവുക. ചെടയ്കല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. സുബൈദ അഹമ്മദ് ആണ് ഭാര്യ. കദീജത്ത് സഹീദ, മുഹമ്മദ് ശക്കീല്‍ എന്നിവര്‍ മക്കള്‍.
ഇ.ബി അഹമ്മദിന് ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഷാര്‍ജ ഡിസേര്‍ട്ട് ക്യൂബ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് പ്രവാസ ലോകത്തിന്റെ സ്‌നേഹാദരവ് നല്‍കിയിരുന്നു ഒപ്പം സമൂഹത്തിനും നാടിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്കയെയും ഹൈദര്‍ കുടുപ്പംകുഴിയെയും ഡോ. അസ്മത് റഹീമ മുബഷിയെയും ആദരിക്കുകയുണ്ടായി.


-സലാം കന്യപ്പാടി

Related Articles
Next Story
Share it