കോഴിക്കോട്: ലൗ ജിഹാദ് പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് അദ്ദേഹം തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേര്‍ വിദേശത്തുനിന്നടക്കം വിളിച്ചു വിമര്‍ശനം അറിയിച്ചുവെന്നും ജോര്‍ജ് എം. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായ ഷെജിനും ജ്യോസ്‌നയും തമ്മിലുണ്ടായ പ്രണയ വിവാഹത്തെ തുടര്‍ന്നാണ് ജോര്‍ജ് എം. തോമസ് ഇന്നലെ കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പ്രതികരിച്ചത്. എന്നാല്‍ ഷെജിന്റെയും ജോസ്‌നയുടേയും വിവാഹത്തെ അനുകൂലിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്തുവരികയും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ളവര്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ജോര്‍ജ് എം. തോമസ് മലക്കം മറിഞ്ഞ് തന്റെ ആദ്യത്തെ പ്രസ്താവനയില്‍ നിന്ന് തടിയൂരിയത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോര്‍ജ് എം. തോമസ് ഇന്നലെ പറഞ്ഞത്.