ദ്വൈതാദ്വൈത സംവാദത്തിന്റെ കൂടല്‍
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലായി പെടുന്ന ഒരു സ്ഥലമാണ് മലയാളത്തില്‍ കൂടല്‍ എന്നും കന്നഡയില്‍ കൂഡ്‌ലു എന്നും പേരുള്ള സ്ഥലം. ഈ പേരില്‍ പോസ്റ്റോഫീസും വില്ലേജോഫീസും ഉണ്ട്.പതിനാറാം നൂറ്റാണ്ടില്‍ നടന്ന ദ്വൈതവും അദ്വൈതവും തമ്മിലുള്ള പൊരിഞ്ഞ സംവാദത്തില്‍ നിന്നാണ് ഈ നാടിന് ആ പേരുവീണത്. കൂടുന്നതാണല്ലോ കൂടല്‍. ചേരിതിരിഞ്ഞ തര്‍ക്കത്തിന്റെ പര്യവസാനത്തില്‍ ഇവിടെ രണ്ടും സംഗമിക്കുകയായിരുന്നു. ദ്വൈതവും അദ്വൈതവും കൂടി അഥവാ ഒന്നായി.അദ്വൈതത്തിനു വേണ്ടി മാധ്വാചാര്യരും ദ്വൈതത്തിനു വേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരും തമ്മില്‍ നടന്ന […]
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലായി പെടുന്ന ഒരു സ്ഥലമാണ് മലയാളത്തില്‍ കൂടല്‍ എന്നും കന്നഡയില്‍ കൂഡ്‌ലു എന്നും പേരുള്ള സ്ഥലം. ഈ പേരില്‍ പോസ്റ്റോഫീസും വില്ലേജോഫീസും ഉണ്ട്.പതിനാറാം നൂറ്റാണ്ടില്‍ നടന്ന ദ്വൈതവും അദ്വൈതവും തമ്മിലുള്ള പൊരിഞ്ഞ സംവാദത്തില്‍ നിന്നാണ് ഈ നാടിന് ആ പേരുവീണത്. കൂടുന്നതാണല്ലോ കൂടല്‍. ചേരിതിരിഞ്ഞ തര്‍ക്കത്തിന്റെ പര്യവസാനത്തില്‍ ഇവിടെ രണ്ടും സംഗമിക്കുകയായിരുന്നു. ദ്വൈതവും അദ്വൈതവും കൂടി അഥവാ ഒന്നായി.അദ്വൈതത്തിനു വേണ്ടി മാധ്വാചാര്യരും ദ്വൈതത്തിനു വേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരും തമ്മില്‍ നടന്ന […]
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലായി പെടുന്ന ഒരു സ്ഥലമാണ് മലയാളത്തില്‍ കൂടല്‍ എന്നും കന്നഡയില്‍ കൂഡ്‌ലു എന്നും പേരുള്ള സ്ഥലം. ഈ പേരില്‍ പോസ്റ്റോഫീസും വില്ലേജോഫീസും ഉണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ നടന്ന ദ്വൈതവും അദ്വൈതവും തമ്മിലുള്ള പൊരിഞ്ഞ സംവാദത്തില്‍ നിന്നാണ് ഈ നാടിന് ആ പേരുവീണത്. കൂടുന്നതാണല്ലോ കൂടല്‍. ചേരിതിരിഞ്ഞ തര്‍ക്കത്തിന്റെ പര്യവസാനത്തില്‍ ഇവിടെ രണ്ടും സംഗമിക്കുകയായിരുന്നു. ദ്വൈതവും അദ്വൈതവും കൂടി അഥവാ ഒന്നായി.
അദ്വൈതത്തിനു വേണ്ടി മാധ്വാചാര്യരും ദ്വൈതത്തിനു വേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരും തമ്മില്‍ നടന്ന സംവാദത്തില്‍ ദ്വൈതമാണ് സാങ്കേതികാര്‍ത്ഥത്തില്‍ വിജയിച്ചത്. എന്നാല്‍ ദ്വൈതത്തിന് മാത്രമായി നാടിനെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് എല്ലാം കൂടിച്ചേരുന്ന ഒരു സ്ഥലമായി കൂടലിലെ മാറ്റുകയായിരുന്നു. അതുവഴി കൂടല്‍ എന്ന് നാടിനു പേരുവരികയും ചെയ്തു.
സംവാദത്തിന്റെ സ്മരണയ്ക്ക് കൂടലിന്റെ കിഴക്കും പടിഞ്ഞാറുമായി ഓരോ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളും ഉയര്‍ന്നു. കാവുഗോളി ശ്രീ മഹാവിഷ്ണുക്ഷേത്രവും കാവുഗോളി ശ്രീ ശിവക്ഷേത്രവും. ശിവക്ഷേത്രം ദേശീയപാതയുടെ കിഴക്കും വിഷ്ണു ക്ഷേത്രം പടിഞ്ഞാറും.
കാവുഗോളി പട്ടേരി വീടിനടുത്ത വിഷ്ണുമംഗലം ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംവാദം. പതിനാറാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. കാലം സംബന്ധിച്ച് കൃത്യതയില്ല.
ദ്വൈതാചാര്യന്‍ ത്രിവിക്രമ പണ്ഡിതാചാര്യരുടെ ബൃന്ദാവനം (സമാധിസ്ഥാനം) സ്ഥിതിചെയ്യുന്നത് കൂഡ്‌ലുവിലെ പട്ടേരി മനയുടെ മുമ്പിലെ വയലിലാണ്. മനയുടെ വകയാണ് വയലും. ഇവിടെ കല്ലിലും കോണ്‍ക്രീറ്റിലും പണിത ശവകുടീരവുമുണ്ട്. കുടീരത്തിനകത്ത് സമാധിയിരുത്തിയ സ്ഥലത്ത് ഒരു തറ. അവിടെ വിളക്കുവെക്കാറുണ്ട്. ചുമരില്‍ ആചാര്യരുടെ ഛായാചിത്രം. ചുമരില്‍ പതിച്ച മാര്‍ബിള്‍ ഫലകങ്ങളില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ആചാര്യര്‍ രചിച്ച വായുസ്തുതി, നരസിംഹ സ്തുതി, വിഷ്ണു സ്തുതി തുടങ്ങിയ കൃതികളിലെ ശ്ലോകങ്ങളാണവ. (ഈ കൃതികള്‍ക്കു പുറമെ ഉഷാഹരണ, മാധ്വ സ്‌തോത്രം, തത്വപ്രദീപ എന്നിവയും ത്രിവിക്രമ പണ്ഡിതാചാര്യര്‍ രചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്).
18 ദിവസത്തെ സംവാദമാണ് കാവുഗോളി പട്ടേരി മനയില്‍ നിശ്ചയിച്ചത്. 17-ാം ദിവസം അവസാനിപ്പിച്ചു. മധ്യസ്ഥനായിരുന്ന അന്നത്തെ കുമ്പള രാജാവ് ജയസിംഹന്‍ ഇടപെട്ടാണ് സംവാദം അവസാനിപ്പിച്ചത്. ആരും തോല്‍ക്കാതെയും ജയിക്കാതെയും. എങ്കിലും ജയിച്ചത് ദ്വൈതമെന്ന് നാട്ടുകാര്‍ കണക്കാക്കി. ത്രിവിക്രമ പണ്ഡിതരുടെ ഒരു ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ മാധ്വാചാര്യര്‍ വിയര്‍ത്തതിനെ തുടര്‍ന്നാണ് സംവാദം അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് പറയപ്പെടുന്നത്.
മാധ്വാചാര്യരും ത്രിവിക്രമ പണ്ഡിതരും എതിര്‍പക്ഷത്തെ നിരവധി പണ്ഡിതരെ വാദപ്രതിവാദത്തില്‍ തോല്‍പിച്ചിട്ടുണ്ട്. രാജാക്കന്മാര്‍ ഇവരുടെ ഉപദേശങ്ങള്‍ തേടുമായിരുന്നു. അദ്വൈതപ്രചരണവുമായി ഊരുചുറ്റുന്നതിനിടെയാണ് കര്‍ണാടക ഉഡുപ്പിക്കാരനായ മാധ്വാചാര്യര്‍ കാവുമഠത്തിലെത്തുന്നത്. ശിവള്ളി ബ്രാഹ്മണരിലെ ഒരു ഉപവിഭാഗമായ പജത്തായ വിഭാഗക്കാരായ കാവുമഠക്കാരുടെ സമ്പ്രദായങ്ങളിലും ആചാരങ്ങളിലും അദ്ദേഹം വിയോജിപ്പും എതിര്‍പ്പും പ്രകടിപ്പിച്ചു. ശിവനും വിഷ്ണുവും ദേവിയും നാഗവുമെല്ലാം കാവുമഠക്കാരുടെ ആരാധനാമൂര്‍ത്തികളായിരുന്നു. ഇതില്‍ യാതൊരു തെറ്റുമില്ലെന്ന് ദ്വൈതാചാര്യനും കാവുമഠം അധിപനുമായ ത്രിവിക്രമ പണ്ഡിതാചാര്യര്‍ വാദിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംവാദം നടന്നത്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും അനവധി ശിഷ്യന്മാരും നാട്ടുപ്രമാണികളും പുരോഹിതന്മാരും ഉണ്ടായിരുന്നു.
സംവാദത്തിന്റെ സ്മാരകമെന്നോണം കാവുമഠത്തിന്റെ തെക്കു ഭാഗത്തായി ഒരു വിജയസ്തംഭമുണ്ട്. അതിന്റെ കരിങ്കല്‍ ഫലകത്തില്‍ ആനത്തോട്ടിയുടെ ചിത്രം കൊത്തിവെച്ചിട്ടുണ്ട്. മാധ്വാചാര്യരെന്ന പണ്ഡിതഗജവീരനെ തളച്ചു എന്നതിന്റെ പ്രതീകാത്മക ചിത്രണമാണത്.
ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട വിജയസ്തംഭം പില്‍ക്കാലത്ത് പുന:ര്‍നിര്‍മിക്കുകയായിരുന്നുവത്രെ. തകര്‍ക്കപ്പെട്ട ആനത്തോട്ടി ആലേഖനം ചെയ്ത ഒരു കരിങ്കല്ലിന്റെ അവശിഷ്ടം കാവുമഠത്തിന്റെ കുളത്തിന്റെ പടവിലുണ്ട്. തകര്‍ത്ത ശേഷം കുളത്തിലെറിഞ്ഞ കല്ല് പിന്നീട് മഠത്തിലെ അന്തേവാസികള്‍ പടവില്‍ എടുത്തുവെച്ചതാണത്രെ.
സംവാദാനന്തരം മാധ്വാചാര്യര്‍ സ്ഥലം വിട്ടു. പിന്നീട് ഉഡുപ്പിയിലെ ശിവക്ഷേത്രത്തോടനുബന്ധിച്ച ഒരു മുറിയില്‍ താമസമാക്കിയ അദ്ദേഹം അവിടെ വെച്ച് മരണപ്പെട്ടുവെന്നാണ് വിവരം. ത്രിവിക്രമ പണ്ഡിതര്‍ കൂഡ്‌ലുവിലെ പട്ടേരി മനയില്‍ വെച്ചു തന്നെയാണ് മരിച്ചത്.
നാരായണ പണ്ഡിതാചാര്യയും കല്യാണി ദേവിയും ത്രിവിക്രമ പണ്ഡിതരുടെ മക്കളാണ്. ഇരുവരും പിതാവിനെപ്പോലെ വേദേതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും സംസ്‌കൃതത്തിലും പണ്ഡിതര്‍. ഇരുവരും സംസ്‌കൃത ശ്ലോകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗായത്രി മന്ത്രത്തിന്റെ ലളിതസാരം എന്ന് വിശേഷിപ്പിക്കാവുന്ന കല്യാണിമന്ത്രം കല്യാണി ദേവി രചിച്ചതാണ്. മാധ്വാചാര്യരുടെ ജീവചരിത്രം-മാധ്വ വിജയം- രചിച്ചത് നാരായണ പണ്ഡിതാചാര്യയാണ്. നാരായണ പണ്ഡിതാചാര്യരുടെ ശവകുടീരം കാവുമനയുടെ പരിസരത്തുണ്ട്.
ത്രിവിക്രമ പണ്ഡിതാചാര്യരുടെ രചനകളും അദ്ദേഹത്തിന്റെ ജീവചരിത്രവും കൂഡ്‌ലു സംവാദത്തിന്റെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു പുസ്തകം-സുമന്തവിജയം-കന്നഡയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ധാരാളം താളിയോല ഗ്രന്ഥങ്ങള്‍ കാവുമഠത്തില്‍ ഉണ്ടായിരുന്നു. പലതും നഷ്ടപ്പെട്ടു. കുറേയെണ്ണം ഇതേക്കുറിച്ച് പഠിക്കാന്‍ വന്നവര്‍ കൊണ്ടുപോയി. കോഴിക്കോട് യൂണിവേഴ്‌സിറ്റി ആര്‍ക്കൈവില്‍ ചില താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതായും വിവരമുണ്ട്. ഡോ. എന്‍.വി.പി. ഉണിത്തിരിയാണ് അവ അവിടെ എത്തിച്ചതെന്ന് മനയിലെ താമസക്കാരിലൊരാളായ ശ്രീനിവാസ പട്ടേരി പറയുന്നു.
കാവുമഠത്തിന്റെ തെക്കിനിയ്ക്കിപ്പുറം ദ്വൈതവും വടക്കിനിയ്ക്കപ്പുറം അദ്വൈതവും ആണെന്ന് വി.ടി. ഭട്ടതിരിപ്പാട് തന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് നാടകത്തില്‍ പറയുന്നുണ്ട്. യോഗക്ഷേമ സഭയുടെ ഫണ്ടു പിരിവുമായി ബന്ധപ്പെട്ട് വി.ടി. കാവുമഠത്തില്‍ വരികയും നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണത്രെ അത്.
കാവുമഠം ഒന്നിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ഒരു വലിയ ബ്രാഹ്മണ ഇല്ലമാണ്. അതില്‍ ദ്വൈതികളും അദ്വൈതികളുമുണ്ട്. ഇപ്പോള്‍ ജ്യേഷ്ഠാനുജന്മാരായ നാലുപേരും അവരുടെ കുടുംബവും ഇവിടെ താമസിക്കുന്നു. മനയില്‍ കാര്യമായ പുതുക്കിപ്പണിയലുകള്‍ നടക്കുന്നുണ്ട്.
സംവാദാനന്തരം കാവുമഠത്തിലും ശിവള്ളി ബ്രാഹ്മണരിലും വിഭാഗീയതയും ചേരിതിരിവും രൂക്ഷമാവുകയും പലരും നാടുവിടുകയും ചിലര്‍ സന്യസിക്കാന്‍ പോവുകയും ചെയ്തു. ഇല്ലം നാശോന്മുഖമായി. കുറേക്കാലം പൂജകള്‍ മുടങ്ങി.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് തെക്കന്‍ കേരളക്കാരനായ ഒരു ഗൃഹസ്ഥന്‍ മനസ്താപം വന്ന് തനിക്ക് സന്യാസിയാകണമെന്ന ആഗ്രഹവുമായി കാവുമഠത്തിലെത്തി. അയാള്‍ ത്രിവിക്രമ പണ്ഡിതാചാര്യരുടെ സമാധിസ്ഥാനത്തു പ്രാര്‍ത്ഥിച്ച ശേഷം സ്വയം സന്യാസ ദീക്ഷ സ്വീകരിക്കുകയായിരുന്നുവത്രെ. കുടുംബസ്ഥനായതിനാല്‍ ആരും തനിക്ക് ദീക്ഷ തരുന്നില്ലെന്ന കാരണത്താലാണത്രെ അയാള്‍ ഇവിടെയെത്തിയത്. അയാളാണ് സമാധിസ്ഥാനത്ത് ഇന്നു കാണുന്ന കുടീരം പണിതതും ശ്ലോകങ്ങള്‍ മാര്‍ബിളില്‍ കൊത്തിവെച്ചതും.
വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിന്റെ ഒരു കൂട് കാവുമഠത്തിലെ മാവ് മുത്തശ്ശിയിലാണ്. വളരെ പ്രായമുള്ള മൂന്നുനാല് മാവുകളും കാഞ്ഞിരവും ഈ പറമ്പിലുണ്ട്. വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാസര്‍കോട് ജില്ലയുടെ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ആകെ 22 കൂടുകളെ ഇവയ്ക്കുള്ളൂ. കാസര്‍കോട്ട് 15ഉം കണ്ണൂരില്‍ ഏഴും. അവയിലൊന്നാണ് കാവുമഠത്തിലേത്. 30 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള, തീരപ്രദേശത്തു നിന്ന് അധികം ദൂരെയല്ലാത്ത മരങ്ങളില്‍ മാത്രമേ ഈ പരുന്ത് കൂടുവെക്കാറുള്ളൂ.
-രവീന്ദ്രന്‍ പാടി