ഭൂമി കോവിഡ് കാലത്ത്

ഏപ്രില്‍ 22 ലോകഭൗമദിനം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇപ്രാവശ്യം ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1970 മുതലാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 51 ആണ്ട് പൂര്‍ത്തിയാകുമ്പോള്‍, കുഞ്ഞന്‍വൈറസ് ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ സകല രാജ്യങ്ങളേയും […]

ഏപ്രില്‍ 22 ലോകഭൗമദിനം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇപ്രാവശ്യം ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1970 മുതലാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 51 ആണ്ട് പൂര്‍ത്തിയാകുമ്പോള്‍, കുഞ്ഞന്‍വൈറസ് ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ സകല രാജ്യങ്ങളേയും ആയുധ ശക്തികൊണ്ടും പണാധിപത്യം കൊണ്ടും ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്ന ലോക പൊലീസ് ചമഞ്ഞിരുന്ന അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്നതെന്നത് പുതിയ ചിന്തകള്‍ക്ക് വഴി തുറക്കുന്നു. യുറോപ്യന്‍ ശക്തികളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്. യു.കെ., ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ഏഷ്യന്‍ വന്‍ ശക്തിയായ ചൈനയിലെ വുഹാനില്‍ ഉദയം ചെയ്ത വൈറസ് അവിടെ ഭീകര താണ്ഡവമാടിയ ശേഷം ലോകത്തെല്ലായിടത്തും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. അമേരിക്കയില്‍ മാത്രം മൂന്നേക്കാല്‍ക്കോടി രോഗികളും അഞ്ചര ലക്ഷത്തില്‍ ഏറെ മരണവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ അതീവ ഗുരുതര സാഹചര്യമാണ് പ്രതിദിനം സംജാതമായി ക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ലോകത്ത് പുതുതായി ഉണ്ടാകുന്ന 10 ലക്ഷത്തോളം രോഗികളില്‍ നാലിലൊന്നും ഇന്ത്യയില്‍ നിന്നാണെന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്നു എന്നത് വളരെ ഭീതിതമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.
ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തി ലോകത്തിന് തന്നെ പുത്തന്‍ മാതൃക കാണിച്ചു കൊടുത്ത കൊച്ചു കേരളത്തേയും ഇപ്പോള്‍ കുഞ്ഞന്‍ വൈറസ് വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള മരണനിരക്കും രോഗം ഭേദപ്പെട്ടു വരുന്നതിന്റെ ഉയര്‍ന്ന തോതും ലോകത്തിനാകെ മാതൃകയാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ഇടക്കാലത്ത് നാം കാണിച്ച അലംഭാവം ഇരുട്ടടിയായി മാറിയിരിക്കുന്നു. കേരളത്തിലെ സുശക്തമായ ആരോഗ്യ സംവിധാനവും അതിനെ ഫലപ്രദമായി ഉപയോഗിച്ച ഭരണാധികാരികളുടെ കഴിവും എടുത്തു പറയേണ്ടതാണെങ്കിലും ജനങ്ങളില്‍ വേണ്ടത്ര അവബോധമുണ്ടാക്കാന്‍ ഇനിയും സാധിച്ചില്ലെന്നു വേണം കരുതാന്‍.
വൈറസ് വ്യാപനം തടയുന്നതില്‍ നാം പിറകോട്ട് പോയി എന്നതിന്റെ സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണം 20000ന് അടുത്ത് എത്തിയിരിക്കുന്നു.
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുശക്തമായതിന്റെ വലിയൊരു ഗുണഫലം നമുക്കുണ്ടായിരുന്നുവെങ്കിലും ജാഗ്രതക്കുറവും അശ്രദ്ധയും മൂലം നേട്ടങ്ങള്‍ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. വികസിതമെന്ന് ഊറ്റം കൊണ്ട പല രാജ്യങ്ങള്‍ക്കും ഇന്നത്തെ ഗതി ഉണ്ടായതും ഇത്തരം അശ്രദ്ധമായ ഇടപെടലുകള്‍ മൂലമാണ്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും വേണ്ടത്ര സുസജ്ജമല്ലാത്ത ആരോഗ്യ സംവിധാനങ്ങള്‍ മൂലം കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങേണ്ടിവരുന്നതും ശ്മശാനങ്ങളിലെ അതി ഭീകര കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്.
ജീവ സാന്നിധ്യം കൊണ്ട് വേറിട്ടു നില്‍ക്കുന്ന 4600 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയില്‍ ഇതിനു മുന്‍പും ചില പ്രത്യേക കാലഘട്ടങ്ങളില്‍ പ്രത്യേക ഇനം ജീവജാലങ്ങള്‍ക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമായ മനുഷ്യന് തന്നെ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. 31 ലക്ഷത്തിലേറെ ആളുകള്‍ ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ലക്ഷങ്ങള്‍ വലിയ ഭീതിയിലാണ്. ഭൂമിയുടെ മാറ് പിളര്‍ന്ന് താന്‍ ഉണ്ടാക്കിയ സമ്പാദ്യമൊന്നും ഇതിനെ ചെറുക്കാന്‍ മതിയാവില്ല എന്ന യാഥാര്‍ത്ഥ്യം മനുഷ്യന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
വൈറസിന് രാജ്യാതിര്‍ത്തികളോ രാഷ്ട്രീയമോ ജാതി-മത ചിന്തകളോ സാമ്പത്തിക വേര്‍തിരിവോ ഒന്നും ബാധകമല്ലെന്ന് ബോധ്യപ്പെടുത്തും വിധം ചെറിയ ദ്വീപ് രാജ്യങ്ങളില്‍ ഒഴികെ എല്ലായിടത്തും ആയത് എത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഒരു പാട് പാഠങ്ങള്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന്നാധാരം ഓസോണ്‍ പാളിയും ഹരിതാലയ വാതകങ്ങളുമാണെന്ന് നമുക്കറിയാം. ഇവ രണ്ടും ഇന്ന് ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയിലാണ്. ഭൂമി തണുത്തറഞ്ഞു പോകാതിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ചെറിയൊരു മേലാപ്പുള്ളതു കൊണ്ടാണ്. ഈ ചെറു ചൂട് അല്‍പ്പമൊന്ന് കൂടിയാല്‍ ഭൂമി ചുട്ടുപഴുക്കും.
ഭൂമിയിലെ ജീവവാസത്തിന് യോഗ്യമായ 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് നിലനിര്‍ത്തിപ്പോരുന്നതിന് പ്രധാന കാരണം ഹരിതാലയ വാതകങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ വികസനത്തിന്റെ പേരില്‍ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഓസോണ്‍ ശോഷണത്തിനും കാരണമായി തീര്‍ന്നു. ഓസോണ്‍ പാളിയില്ലാത്ത ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള വിഷരശ്മികള്‍ ഭൂമിയില്‍ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും.
ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകല്‍. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ 10 മുതല്‍ 25 സെ.മീറ്റര്‍ വരെ മഞ്ഞുരുകി തീര്‍ന്നിരിക്കുന്നു. 2000 ത്തോടെ ഹിമാലയന്‍ മേഖലകളില്‍ 1970 കളിലേതിനേക്കാള്‍ 15% മഞ്ഞു മലകള്‍ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50% ആകും എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. മാലിദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും മഞ്ഞു മലകളാല്‍ മൂടപ്പെട്ട നേപ്പാള്‍ പോലുള്ള രാജ്യങ്ങളും സമൂഹ മന:സാക്ഷി ഉണര്‍ത്താന്‍ ചില പ്രതീകാത്മക പ്രതിഷേധങ്ങള്‍ നടത്തി കഴിഞ്ഞു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലക്കെടുക്കാന്‍ ടണ്‍ കണക്കിന് ഹരിതാലയ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങള്‍ തയ്യാറാവുന്നില്ല.
സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വര്‍ദ്ധിക്കുന്നതും നമ്മെ ആശങ്കകുലരാക്കുന്നു. സമുദ്ര താപനിലയില്‍ ഉണ്ടാകുന്ന ചെറിയ വര്‍ദ്ധന പോലും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതില്‍ ഉയര്‍ന്നാല്‍ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയില്‍ അകപ്പെടും. ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവും. ജീവനും, സ്വത്തിനും ഇതു മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ വിവരണാതീതമായിരിക്കും.
ഭൂമിയുടെ ഉപരിതല ചൂട് 2050 ഓടെ 3 ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്നും 2080 ആകുമ്പോഴേക്ക് ഇത് 3.5 മുതല്‍ 5.58 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്നും കറന്റ് സയന്‍സ് മാസികയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കാര്‍ഷിക വിളകളേയും മറ്റു ജീവജാലങ്ങളേയുമാണ്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ രൂക്ഷമായ വരള്‍ച്ച കാരണമായി തീരും. നിലവില്‍ ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിയന്ത്രണങ്ങള്‍ക്കുമപ്പുറത്തേക്ക് ഉയരുകയും കൃഷി ഭൂമികള്‍ മരുപ്രദേശങ്ങള്‍ ആകുകയും ചെയ്യും. രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധി ദാരിദ്ര്യത്തിലേക്കു നയിക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരക്കംപാച്ചില്‍ കൂട്ടക്കലാപമായി പരിണമിക്കുമെന്നതില്‍ സംശയമില്ല. ആര്‍ത്തി മൂത്ത മനുഷ്യന്‍ മണ്ണും വിണ്ണും കടലും കായലും കാടും മലയും തുടങ്ങി പ്രകൃതിവിഭവങ്ങള്‍ വിറ്റ് തിന്നാനുള്ള മത്സരത്തിലാണ്. നാടിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന കുന്നുകളും മലകളും ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവങ്ങള്‍ ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അതി തീവ്രമഴക്കും അതിരൂക്ഷ വരള്‍ച്ചക്കും കാരണമാകുന്നു. 2018ലും, 2019 ലും കേരളത്തില്‍ ഉണ്ടായതു പോലുള്ള പ്രളയമഴ ഉണ്ടായില്ലെങ്കിലും 2020 ലും ഉരുള്‍പ്പൊട്ടല്‍ നമ്മെ ഞെട്ടിച്ചിരിക്കുന്നു. സൂര്യതാപവര്‍ദ്ധനയും വരള്‍ച്ചയും വലിയ ഭീഷണി ഉയര്‍ത്തുന്നു. നദികള്‍ വറ്റിവരളുന്നു. ഭൂഗര്‍ഭജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ലവണജല അധിനിവേശം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലതരം പ്രകൃതി ദുരന്തങ്ങള്‍ക്ക് പുറമേ പുതിയ പുതിയ പകര്‍ച്ച രോഗങ്ങള്‍ കൂടി രംഗപ്രവേശം ചെയ്തതോടെ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്നു. കോവിഡ് കാലം ടണ്‍ കണക്കിന് പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഭൂമിക്ക് സംഭാവന നല്‍കിയിരിക്കുന്നു. ലോകം പുരോഗമിച്ചപ്പോള്‍ ഇ-മാലിന്യങ്ങളുടെ അളവിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്.
'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയും 'പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ വരുംതലമുറകളെ കൂടി ആലോചിച്ചു കൊണ്ടു വേണം അതു ചെയ്യാന്‍, പ്രകൃതി അവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന്' നമ്മെ പഠിപ്പിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കാറല്‍ മാര്‍ക്‌സും നമ്മുക്ക് നല്‍കിയ സന്ദേശം വളരെ വലുതാണ്. വ്യാവസായിക വിപ്ലവത്തിലൂടെ വളര്‍ന്നു വന്ന മുതലാളിത്തവും കോളനി മേധാവിത്വത്തിലൂടെ ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കിയ സാമ്രാജ്യത്വവും ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ കൊന്നൊടുക്കുന്നത് പ്രകൃതിയേയാണ്. വികസനത്തിന്റെ പേരില്‍ ലോകത്താകെ നടക്കുന്ന പേക്കൂത്തുകള്‍ ചെറുന്യൂനപക്ഷം വരുന്ന സമ്പന്നരുടെ കീശ വീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗം മാത്രമായിരിക്കുന്നു.
തുടരുന്ന കൊറോണ കാലത്തെങ്കിലും മനുഷ്യന്‍ തന്റെ അത്യാര്‍ത്തിക്ക് അവധി നല്‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം. നാം ഒറ്റകെട്ടായി നിന്നാല്‍ നമുക്ക് പ്രകൃതി ദുരന്തങ്ങളേയും കോവിഡ്-19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളേയും ചെറുത്ത് തോല്‍പ്പിച്ച് അതിജീവിക്കാനാകും. ആയതിന് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്‍പ്പവും ശുചിത്വത്തിലൂന്നിയ ജീവിത രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൂമിയെ സംരക്ഷിച്ച്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെ തന്നെ സംരക്ഷിക്കുന്ന പ്രക്രിയയില്‍ നാം ഓരോരുത്തരും പങ്കുചേരാമെന്ന് ലോക ഭൗമ ദിനത്തിന്റെ 51-ാം പിറന്നാള്‍ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

Related Articles
Next Story
Share it