ഉപ്പളയില്‍ പിടികൂടിയത് ഒരുകോടിയിലേറെ രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയും കൊക്കെയിനുമുള്‍പ്പെടെ ഏതാണ്ട് ഒരുകോടിയിലേറെ രൂപയുടെ ലഹരി ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലി(26)യാണ് അറസ്റ്റിലായത്. ഇത് കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.മയക്കുമരുന്ന് കണ്ടെത്തിയ വീട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കഴിഞ്ഞുവെന്നും ജല്ലാ പൊലീസ് മേധാവി പറഞ്ഞു.പത്വാടി കൊണ്ടക്കൂരിലെ ഇരുനില വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയിലും […]

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയും കൊക്കെയിനുമുള്‍പ്പെടെ ഏതാണ്ട് ഒരുകോടിയിലേറെ രൂപയുടെ ലഹരി ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലി(26)യാണ് അറസ്റ്റിലായത്. ഇത് കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
മയക്കുമരുന്ന് കണ്ടെത്തിയ വീട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കഴിഞ്ഞുവെന്നും ജല്ലാ പൊലീസ് മേധാവി പറഞ്ഞു.
പത്വാടി കൊണ്ടക്കൂരിലെ ഇരുനില വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയിലും മറ്റുമായി സൂക്ഷിച്ച ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചത്. 3.4 കിലോ ഗ്രാം എം.ഡി.എം.എ, 96 ഗ്രാം കൊക്കെയിന്‍, 642 ഗ്രാം ഗ്രീന്‍ കഞ്ചാവ്, 30 മയക്കു ഗുളികകള്‍ എന്നിവയാണ് പിടിച്ചത്. എം.ഡി.എം.എ ഇത്രയധികം പിടികൂടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നും ബംഗളൂരുവില്‍ നിന്നും മറ്റും വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് അസ്‌ക്കര്‍ അലിയെന്നും പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 30ന് മേല്‍പ്പറമ്പ് കൈനേത്ത് റോഡില്‍ വെച്ച് എം.ഡി.എം.എയുമായി അബ്ദുല്‍റഹ്മാന്‍ എന്ന ബി.ഇ. രവി(28)യെ അറസ്റ്റു ചെയ്തിരുന്നു. കര്‍ണ്ണാടകയിലെ ചിക് മംഗളൂരു മൂഡിഗരെ സ്വദേശിയായ ഇയാളുടെ മൊഴിയാണ് പൊലീസിനെ ഉപ്പളയിലേക്കെത്തിച്ചത്.

പ്രതി അസ്‌ക്കര്‍ അലിയെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് കൊണ്ടുവരുന്നു

ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

ഉപ്പള: ഉപ്പളയില്‍ ഇന്നലെ നടത്തിയത് ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. പത്വാടിയിലെ അസ്‌ക്കര്‍ അലി(26)യുടെ വീട്ടില്‍ നിന്നാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നര കിലോയോളം എം.ഡി.എം.എ, ഒരു കിലോ ഗ്രീന്‍ കഞ്ചാവ്, 96 ഗ്രാം കൊക്കെയിന്‍, 30 മയക്കുഗുളികകള്‍ തുടങ്ങിയവ പിടിച്ചെടുത്തത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോട്ക്കല്‍ ഭാഗത്ത് വെച്ച് കാറില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. അതിന് ശേഷമുള്ള വലിയ ലഹരിവേട്ടയാണ് ഇന്നലെ നടന്നത്. ഇത്രയും മയക്കുമരുന്ന് എത്തിക്കുന്ന മാഫിയയുടെ തലവന്‍ ആരെന്ന ചോദ്യത്തിന് ഇതുവരെ പൊലീസിന് ഉത്തരം കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. മയക്കുമരുന്നുമായി പിടികൂടിയാല്‍ തന്നെ ആന്ധ്രയില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ കൊണ്ടു വന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. ഇതൊന്നും പൊലീസ് ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല.
മയക്കു മരുന്നിന്റെ പ്രധാന ഉറവിടം കണ്ടത്താന്‍ വേണ്ടി കാലങ്ങളോളമായി പൊലീസ് പരക്കം പായുന്നുണ്ട്. എന്നാല്‍ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണസംഘം കുഴങ്ങുന്നു.
പിടിക്കപ്പെടുന്നവര്‍ ചെറിയ ഏജന്റുമാര്‍ മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ അഞ്ചുഗ്രാം മുതല്‍ 50 ഗ്രാം വരെ മയക്കുമരുന്ന് ഓണ്‍ലൈന്‍ വഴിയും മറ്റുമാര്‍ഗങ്ങളിലൂടെയും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു. മയക്കു മരുന്ന് സൂക്ഷിച്ച സ്ഥലത്ത് നിന്ന് കിലോമീറ്ററോളം പോയിട്ടാണ് ഏജന്റുമാര്‍ മുഖം മൂടി ധരിച്ച് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈ മാറുന്നത്. ഇങ്ങനെ ചെയ്യുന്നത് ആവശ്യക്കാര്‍ പൊലീസിന് ഒറ്റി കൊടുക്കുമെന്ന ഭയം മൂലമാണ്.
കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍കുമാര്‍, ബേക്കല്‍ ഡി.വൈ.എസ്.പി വി.വി. മനോജ്, മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ്‌കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഡോള്‍സണ്‍ ജോസഫ്, എസ്.ഐ. നിഖില്‍ എന്നിവര്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം നടത്തിയ റെയ്ഡിലാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടന്നത്.
പൊലീസ് പരിശോധന രാത്രി ഏഴുമണിവരെ നീണ്ടുനിന്നു.

അസ്‌ക്കര്‍ അലിയുടെ വീട്ടില്‍ പൊലീസ്
സംഘത്തെ കണ്ട് നാട്ടുകാര്‍ അന്തംവിട്ടു

ഉപ്പള: പത്വാടിയില്‍ മയക്കുമരുന്നുകള്‍ പിടികൂടിയതറിഞ്ഞ് ആള്‍ക്കാര്‍ കൂട്ടമായെത്തി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. അസ്‌ക്കറിന്റെ വീട്ടില്‍ നിറയെ പൊലീസുകാരെ കണ്ടപ്പോള്‍ ആദ്യം സംഭവം എന്തെന്നറിയാതെയാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. ആദ്യം ചിലര്‍ കവര്‍ച്ച നടന്നെന്നാണ് വിശ്വസിച്ചത്. ചിലര്‍ കൊലപാതകം നടന്നുവെന്ന് പ്രചരിപ്പിച്ചു. പൊലീസിന്റെ കൂടെ ചുരുങ്ങിയ ആള്‍ക്കാര്‍ മാത്രമാണ് അകത്തേക്ക് പോയത്. വീണ്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ജീപ്പുകള്‍ നിരകളായി വരുന്നത് കണ്ട് നാട്ടുകാര്‍ അന്തംവിട്ടു. ആള്‍ക്കാര്‍ കൂടി വരുന്നത് കാരണം വീട്ടിലെ ഗേറ്റടച്ച് പൊലീസ് കാവലേര്‍പ്പെടുത്തി. ചിലര്‍ സമീപത്തെ വീടിന്റെ രണ്ടാം നിലയില്‍ കയറിയാണ് പൊലീസിന്റെ നടപടി വീക്ഷിച്ചു കൊണ്ടിരുന്നത്.
അകത്ത് നിന്ന് ഒരാള്‍ പുറത്തുവന്ന് സംഭവം മയക്കുമരുന്നാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ഇത് വിശ്വസിക്കാന്‍ പോലും കൂട്ടാക്കിയില്ല. അസ്‌ക്കര്‍ ഒരൊറ്റ കേസിലും പ്രതിയല്ല. പിതാവ് ഈയിടെയാണ് ലണ്ടനില്‍ നിന്ന് നാട്ടിലെത്തിയത്. അസ്‌ക്കര്‍ അലിയുടെ അനുജന്‍ ഒരു മാസം മുമ്പാണ് ലണ്ടനിലേക്ക് മടങ്ങിയത്. അസ്‌ക്കര്‍ മയക്കുമരുന്നിന്റെ കച്ചവടം എപ്പോള്‍ തുടങ്ങിയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്.

മയക്കുമരുന്നുകള്‍ വാങ്ങാന്‍
കോടിക്കണക്കിന് രൂപ എവിടെനിന്ന് കിട്ടി ?
പിന്നില്‍ പ്രമുഖരെന്ന് സംശയം

ഉപ്പള: പത്വാടിയിലെ അസ്‌ക്കര്‍ അലിക്ക് വില്‍പ്പനക്കു മയക്കുമരുന്നുകള്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപ എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പിന്നില്‍ പ്രമുഖരാണെന്ന സംശയം ബലപ്പെടുന്നു. അസ്‌ക്കറില്‍ നിന്ന് മയക്കുമരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയവര്‍ കുടുങ്ങും. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ അസ്‌ക്കര്‍ അലിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് ഒരുകോടിയിലേറെ രൂപ വിലമതിക്കുമെന്നാണ് പൊലീസിന്റെ കണക്ക്. ഇത്രയും വലിയ പണം അസ്‌ക്കറിന് ആരാണ് നല്‍കിയതെന്നാണ് കണ്ടെത്തേണ്ടത്. ഇതിന് പിന്നില്‍ പ്രമുഖരായ ഒരു സംഘം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുകള്‍ ബംഗളൂരുവില്‍ നിന്ന് കൊണ്ടു വന്നതാണെന്നാണ് പൊലീസിനോട് അസ്‌ക്കര്‍ പറഞ്ഞത്. ഇതിന് വേണ്ടി ഇത്രയും തുക മുതല്‍ മുടക്കിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുന്നൂറും മൂന്നൂറും ഗ്രാം മയക്കു മരുന്നും കഞ്ചാവും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്തതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇത് വാങ്ങിയവരെക്കുറിച്ച് പൊലീസ് രഹസ്യമായി അന്വേഷിച്ചുവരികയാണ്.
അസ്‌ക്കര്‍ അലിയുടെ പഴയകാല ചരിത്രവും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.

Related Articles
Next Story
Share it