കാസര്‍കോട്: ഏറെ കാലമായി കാസര്‍കോട് നഗരത്തില്‍ രാത്രി എട്ട് മണിയാവുന്നതോടെ വണ്‍വേ ദിശ തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ നഗരത്തില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ ഹസീന നൗഷാദ് ആര്.ടി.ഒ-ട്രാഫിക് പൊലീസ് മേധാവികള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു.
നഗരത്തിലെ ട്രാഫിക് ജംഗ്ക്ഷനിലെ ട്രാഫിക് സിഗ്നലുകളുടെ നിയന്ത്രണം രാത്രി എട്ട് മണിയോടെ അവസാനിപ്പിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷന് റോഡ്, ബാങ്ക് റോഡ്, ഫോര്‍ട്ട് റോഡ് തുടങ്ങിയ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളധികവും വണ്‍വേ ദിശ തെറ്റിച്ച് എം.ജി റോഡ് വഴി പഴയ ബസ്സ്റ്റാന്റ് ഭാഗത്തേക്ക് പ്രവേശിക്കുന്നത് കാരണം ഈ സമയത്ത് ഏറെ കാലമായി എം.ജി റോഡില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
ഇതു മൂലം അത്യാവശ്യ യാത്രക്കാര്‍ക്ക് പുറമെ ആംബുലന്‍സ് വാഹനങ്ങള്‍ പോലും കുരുക്കില്‍പ്പെടുന്നത് ഇവിടെ പതിവാണ്. ദിശതെറ്റിച്ച് വരുന്ന വാഹനങ്ങള്‍ സാഹസികമായി എതിര് വാഹനത്തെ വെട്ടിക്കുമ്പോള്‍ റോഡ് വശത്ത് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങളില്‍ ഉരസി കേട് പാട് സംഭവിക്കുന്നതും ഇതുമൂലമുള്ള വാക്ക് തര്‍ക്കങ്ങളും പതിവാണ്. ഈ പരിസരങ്ങളിലെ വ്യാപാരികളും ഈ കുരുക്കില്‍ പ്രയാസപ്പെടുന്നു. രാത്രി പത്ത് മണി വരെ അനുഭവപ്പെടുന്ന ഈ കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ വകുപ്പ് തലത്തില്‍ നടപടി ഉണ്ടാവണമെന്ന അവശ്യം ശക്തമാവുകയാണ്.