കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ.എം. ശ്രീധരന് വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. അദ്ദേഹത്തിന്റെ കഥകാദികെ എന്ന വിവര്‍ത്തനമാണ് പുരസ്കാരത്തിന് അര്‍ഹമായത്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഉദിനൂരില് ജനിച്ച എ.എം ശ്രീധരന് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ 1985ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2006ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ റീഡര്‍ ആന്റ് ഹെഡ് ആയി. മലയാളത്തോടൊപ്പം ബ്യാരി, തുളു തുടങ്ങിയ ഭാഷകള്‍ക്കും ഗവേഷണ സൗകര്യമൊരുക്കി. ബ്യാരി നിഘണ്ടുവിലൂടെ ലോകത്തിന് മുന്നിലേക്ക് പുതിയൊരു ഭാഷയെയും സംസ്കാരത്തെയും കൊണ്ടുവന്നു. ലിപിയില്ലെന്നും സാഹിത്യമില്ലെന്നും പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ട തുളുഭാഷയെയും സംസ്കാരത്തെയും വീണ്ടെടുക്കാന്‍ അക്ഷീണ പരിശ്രമമാണ് ശ്രീധരന് നടത്തിയത്.
യു.ജി.സിയില്‍ നിന്ന് രണ്ടു തവണ മേജര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി. മലയാളം പഠനവകുപ്പ് തലവന്‍, നീലേശ്വരം കാമ്പസ് ഡയറക്ടര്‍, യു.ജി.സി, എന്‍.സി.ആര്.ടി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളില്‍ വിഷയ വിദഗ്ധന്‍, സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റി അംഗം, ഫാക്കല്‍റ്റി ഡീന്‍, അക്കാദമിക് കൗണ്‍സില്‍ അംഗം, പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള ഫോക്ലോര് അക്കാദമി നിര്‍വാഹക സമിതി അംഗം, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന് ഉപദേശക സമിതിയിലും പ്രവര്‍ത്തിച്ചു. ഭാര്യ: പ്രസന്ന (അധ്യാപിക). മക്കള്‍: ശ്രീകാന്ത്, കാവ്യ. മരുമക്കള്‍: നിഖില്‍ സന്തോഷ്, സാരംഗ.