"തോല്‍പ്പിച്ചാല്‍ ഞങ്ങള്‍ ബിജെപിയിലേക്ക് പോകും"; കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വോട്ടുവാങ്ങാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രം: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് ഭീഷണി. മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിനെ ജയിപ്പിച്ചില്ലെങ്കില്‍, കൈപ്പത്തിയില്‍ ജയിച്ചവരെ ചാക്കിലാക്കി ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാന നേതാവിന്റെ ഗദ്ഗദത്തിനു പിന്നാലെയാണ് ഈ ബ്ലാക്ക്‌മെയിലിംഗ്. ജയിച്ചാലും ബി ജെ പി, തോറ്റാലും ബി ജെ പി എന്നാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒറ്റനോട്ടത്തില്‍ പരിഹാസ്യമെന്നു […]

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് ഭീഷണി. മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിനെ ജയിപ്പിച്ചില്ലെങ്കില്‍, കൈപ്പത്തിയില്‍ ജയിച്ചവരെ ചാക്കിലാക്കി ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാന നേതാവിന്റെ ഗദ്ഗദത്തിനു പിന്നാലെയാണ് ഈ ബ്ലാക്ക്‌മെയിലിംഗ്. ജയിച്ചാലും ബി ജെ പി, തോറ്റാലും ബി ജെ പി എന്നാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒറ്റനോട്ടത്തില്‍ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കില്‍ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്? ശിഷ്ട രാഷ്ട്രീയജീവിതത്തില്‍ ഭാഗ്യപരീക്ഷണം ബിജെപിയില്‍ ആകാമെന്നു തീരുമാനിക്കുന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ബിജെപിയില്‍ ചേരണമെങ്കില്‍ അതങ്ങു ചെയ്താല്‍ മതിയല്ലോ. അതിനീ ഭീഷണിയെന്തിന്?

ഭീഷണിയും വെല്ലുവിളിയും സംഘപരിവാറിന്റെ ഭാഷയാണല്ലോ. ഇപ്പോള്‍ തറ്റുടുത്തു നില്‍ക്കുന്നവര്‍ നാളെ ബിജെപിയായാല്‍ എന്താണ് സംഭവിക്കുക? അതാലോചിച്ചാല്‍ മതി. ഭീഷണി മുഴക്കുന്നവര്‍ക്ക് ആകെ അറിയാവുന്ന 'രാഷ്ട്രീയ പ്രവര്‍ത്തനം' അക്രമമാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്, ഇക്കാലമത്രയും അത് സിപിഎമ്മിനെതിരെയാണ് പ്രയോഗിച്ചത്. അക്കൂട്ടര്‍ ബിജെപിയില്‍ ചേര്‍ന്നാലോ? ലക്ഷ്യം മതന്യൂനപക്ഷങ്ങളായിരിക്കും. അതായത്, തോല്‍പ്പിച്ചാല്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ദൈനംദിന ജീവിതത്തിനു തങ്ങള്‍ വെല്ലുവിളിയാകും എന്നാണ് വ്യംഗ്യത്തില്‍ പറഞ്ഞുവെയ്ക്കുന്നത്.

എന്തുകൊണ്ട് ഈ ഭീഷണിയുമായി യുഡിഎഫ് ഇറങ്ങുന്നത്? മലപ്പുറം ജില്ലയിലേയ്ക്ക് നോക്കിയാല്‍ ഉത്തരം കിട്ടും. യുഡിഎഫിന്റെ പരമ്പരാഗത നെടുംകോട്ടയാണ് മലപ്പുറം എന്നാണല്ലോ വെപ്പ്. യുഡിഎഫിന് ഭരണം കിട്ടണമെങ്കില്‍ മലപ്പുറം ജില്ല തൂത്തുവാരിയേ മതിയാകൂ. ആ സ്ഥിതി മാറുകയാണ്. 2011ല്‍ യുഡിഎഫ് അധികാരം പിടിച്ചത് മലപ്പുറത്തു നിന്നു കിട്ടിയ 12 സീറ്റിന്റെ ബലത്തിലാണ്. മലപ്പുറം ഒഴിവാക്കിയാല്‍ യുഡിഎഫിന് 58ഉം എല്‍ഡിഎഫിന് 66 സീറ്റുകളാണ് അന്ന് ലഭിച്ചത്. മലപ്പുറം ഒഴിവാക്കി ആകെ വോട്ടിന്റെ കണക്കെടുത്താല്‍ യുഡിഎഫിന് 69 ലക്ഷവും എല്‍ഡിഎഫിന് 71 ലക്ഷവുമായിരുന്നു അന്നതെ വോട്ടു നില.

2016ല്‍ മലപ്പുറത്തിനു സംഭവിച്ച മാറ്റം നോക്കുക. എല്‍ഡിഎഫ് നാലു സീറ്റില്‍ ജയിച്ചു. യുഡിഎഫിന് 2011ല്‍ 1027629 വോട്ടു കിട്ടിയത് 2016ല്‍ 1026067 ആയി കുറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫിന്റെ ആകെ വോട്ടു കുറയുകയാണ് ചെയ്തത്. എല്‍ഡിഎഫിനോ, 2011ലെ ഏഴു ലക്ഷം വോട്ട് ഒമ്പതു ലക്ഷമായി ഉയര്‍ന്നു. 2011ല്‍ ജില്ലയില്‍ യുഡിഎഫിന് ആകെ മൂന്നു ലക്ഷത്തിലധികമുണ്ടായിരുന്ന ഭൂരിപക്ഷം ഒന്നരലക്ഷത്തില്‍ ചില്വാനമായി ഇടിഞ്ഞു. ചില മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് തുച്ഛമായ വോട്ടുകള്‍ക്കാണ്.

മലപ്പുറം ജില്ലയുടെ രാഷ്ട്രീയസ്വഭാവത്തില്‍ ഗണ്യമായ മാറ്റം സംഭവിക്കുകയാണ്. പുതിയ തലമുറയുടെ പൊതുചായ്വ് ഇടതുപക്ഷത്തേയ്ക്കാണ്. കോണിയ്ക്ക് വോട്ടു ചെയ്തില്ലെങ്കില്‍ സ്വര്‍ഗം കിട്ടില്ല എന്ന ഭീഷണിയൊന്നും പുതിയ തലമുറ വകവെയ്ക്കുന്നില്ല. എല്‍ഡിഎഫ് നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയും പുതിയ അട്ടിമറികള്‍ക്ക് തിരി കൊളുത്തുകയും ചെയ്യുമെന്ന വേവലാതി ലീഗിലും യുഡിഎഫിലും വ്യാപകമാണ്. മലപ്പുറം ജില്ലയുടെ രാഷ്ട്രീയ സ്വഭാവം കീഴ്‌മേല്‍ മറിയുകയാണ്.

മലപ്പുറം കൈവിടുമെന്ന ഭീതിയാണ്, 'തോല്‍പ്പിച്ചാല്‍ ബി ജെ പിയായിക്കളയും' എന്ന കോണ്‍ഗ്രസിന്റെ വെല്ലുവിളിയുടെ ഉറവിടമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles
Next Story
Share it