ഡോ. ശ്രീപത് റാവു: ആതുര സേവനത്തിനായി ഉഴിഞ്ഞു വെച്ച ഭിഷഗ്വരന്‍

നാലഞ്ചു പതിറ്റാണ്ടുകളായി പനി മുതല്‍ പല രോഗങ്ങള്‍ക്കും കാസര്‍കോട്ടെ രോഗികള്‍, പ്രത്യേകിച്ചും തായലങ്ങാടിക്കാര്‍ ആശ്രയിച്ചിരുന്നത് ശുഭ ക്ലീനിക്കിനെയായിരുന്നു. അതൊരു ശുഭാപ്തി വിശ്വാസമായിരുന്നു. റാവു ഡോക്ടര്‍ ഒന്ന് തലയാട്ടിയാല്‍, രോഗിയുടെ രോഗം പകുതിയും കുറഞ്ഞിരുന്നു. വളരെയേറെ തിരക്കിനിടയിലും എല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുതയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.പല ദിക്കുകളില്‍ നിന്നും വന്ന രോഗികള്‍ ടോക്കണ്‍ എടുത്ത് തന്റെ ഊഴത്തിനായി മണിക്കൂറുകളോളം കാത്തിരുന്നത് ഡോ. ശ്രീപത് റാവുവിലുള്ള വിശ്വാസം കൊണ്ടു തന്നെയായിരുന്നു. സമീപപ്രദേശമായതിനാല്‍ തായലങ്ങാടിക്കാര്‍ക്കുണ്ടായിരുന്ന ഒരു ആനുകൂല്യം, മുന്‍കൂര്‍ […]

നാലഞ്ചു പതിറ്റാണ്ടുകളായി പനി മുതല്‍ പല രോഗങ്ങള്‍ക്കും കാസര്‍കോട്ടെ രോഗികള്‍, പ്രത്യേകിച്ചും തായലങ്ങാടിക്കാര്‍ ആശ്രയിച്ചിരുന്നത് ശുഭ ക്ലീനിക്കിനെയായിരുന്നു. അതൊരു ശുഭാപ്തി വിശ്വാസമായിരുന്നു. റാവു ഡോക്ടര്‍ ഒന്ന് തലയാട്ടിയാല്‍, രോഗിയുടെ രോഗം പകുതിയും കുറഞ്ഞിരുന്നു. വളരെയേറെ തിരക്കിനിടയിലും എല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുതയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
പല ദിക്കുകളില്‍ നിന്നും വന്ന രോഗികള്‍ ടോക്കണ്‍ എടുത്ത് തന്റെ ഊഴത്തിനായി മണിക്കൂറുകളോളം കാത്തിരുന്നത് ഡോ. ശ്രീപത് റാവുവിലുള്ള വിശ്വാസം കൊണ്ടു തന്നെയായിരുന്നു. സമീപപ്രദേശമായതിനാല്‍ തായലങ്ങാടിക്കാര്‍ക്കുണ്ടായിരുന്ന ഒരു ആനുകൂല്യം, മുന്‍കൂര്‍ ടോക്കണ്‍ എടുത്ത് ആ നിശ്ചിത സമയത്ത് ക്ലിനിക്കില്‍ എത്തിയാല്‍ മതിയായിരുന്നു എന്നതാണ്. മരുന്ന് ഔഷധമാകുന്നതും അത് അമൃതാകുന്നതും ഡോക്ടര്‍ക്ക് രോഗിയോടുള്ള സമീപനത്തെ ആശ്രയിച്ചിരിക്കുന്നു. പല കടുംവര്‍ണ്ണങ്ങളിലുള്ള മരുന്നുകള്‍കൊണ്ട്, രോഗികള്‍ക്ക് ആശ്വാസവും ഡോക്ടറോടുള്ള വിശ്വാസവും നേടിയെടുക്കാനായത്, ഡോ. ശ്രീപത് റാവുവിന്റെ ആത്മാര്‍ത്ഥതയും,അര്‍പ്പണ മനോഭാവും കൊണ്ടാണ്. തുച്ഛമായ ഫീസ് വാങ്ങി സാധാരണക്കാരുടെ ഡോക്ടര്‍ എന്ന് അദ്ദേഹം അറിയപ്പെടുമ്പോഴും സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവരും അദ്ദേഹത്തില്‍ അഭയം പ്രാപിച്ചിരുന്നു. രോഗിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് രോഗിയെ റഫര്‍ ചെയ്യാനും അദ്ദേഹം ഒട്ടും അമാന്തം കാട്ടിയിരുന്നില്ല. ഡോ. ശ്രീപത് റാവുവിന്റെ പ്രയാധിക്യവും രോഗാതുരനായതും കാലാനുസൃതമായ നാടിന്റെ മാറ്റവും പുതുതലമുറയ്ക്ക് സ്‌പെഷ്യലിസ്റ്റുകളോടുള്ള പ്രതിപത്തിയും മൂലം രണ്ടായിരമാണ്ടിന് ശേഷം ക്ലിനിക്കിലെ ജന ബാഹുല്യം കുറഞ്ഞിരുന്നെങ്കിലും സാധാരണക്കാരായ രോഗികള്‍ക്ക് ഡോ. റാവു തന്നെയായിരുന്നു ആശ്രയവും ആശ്വാസവും. യഫാ തായലങ്ങാടി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ അതുല്യമായ സേവനം പരിഗണിച്ച് ആദരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ അസുഖബാധിതനായിരുന്നതിനാല്‍ സഹോദരനാണ് ആദരവ് ഏറ്റുവാങ്ങിയത്. 2017 മാര്‍ച്ച് മൂന്നിന് ദുബായില്‍ നടന്ന യഫാ മെഗാ ഇവന്റില്‍ യഫാ യു.എ.ഇ അംഗങ്ങള്‍ അദ്ദേഹത്തിന്റെ നിസ്തുല സേവനത്തെ ആദരിച്ച് കൊണ്ട് ഒരു ഉപഹാരം സമ്മാനിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് വേണ്ടി മകളാണ് അത് ഏറ്റുവാങ്ങിയത്.
ഡോ. ശ്രീപത് റാവുവിന്റെ വിയോഗം ഒരുനാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

-ഹാരിസ് ബായിക്കര

Related Articles
Next Story
Share it