ഡോ. പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തകനും പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോ ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസായിരുന്നു. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആസ്പത്രിയിലായിരുന്നു, അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇബ്രാഹിം ഹാജിയുടെ അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഈമാസം 11ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ അര്‍ദ്ധരാത്രിയോടെ കോഴിക്കോട് മിംസിലേക്ക് മാറ്റുകയായിരുന്നു. മലബാര്‍ […]

കോഴിക്കോട്: പ്രമുഖ വ്യവസായിയും ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തകനും പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോ ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസായിരുന്നു. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആസ്പത്രിയിലായിരുന്നു, അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇബ്രാഹിം ഹാജിയുടെ അന്ത്യം.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഈമാസം 11ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ അര്‍ദ്ധരാത്രിയോടെ കോഴിക്കോട് മിംസിലേക്ക് മാറ്റുകയായിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍, ചന്ദ്രിക ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യവസായിയായിരുന്നു അദ്ദേഹം. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനാണ്.
1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിഷയുടയും മകനായി ജനിച്ച ഇബ്രാഹിം ഹാജി 1967ലാണ് ഗള്‍ഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്‌സ്റ്റൈല്‍സ്, ജ്വല്ലറി, ഗാര്‍മന്റ്സ് മേഖലയില്‍ വ്യവസായം കെട്ടിപ്പടുത്തു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളര്‍ന്നു. 25 രാജ്യങ്ങളിലെ 20,000ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മംഗലാപുരത്തെ പി.എ എഞ്ചിനിയറിംഗ് കോളേജ് അറിയപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാണ്. ദുബായിലെ ഓസ്റ്റിന്‍ കമ്പനിയില്‍ സ്‌പെയര്‍പാര്‍ട്‌സ് ഡിവിഷനില്‍ സെയില്‍സ്മാനായാണ് ഇബ്രാഹിം ഹാജി ജീവിതം ആരംഭിച്ചത്. പിന്നീട് ഗല്‍ദാരി ഓട്ടോമൊബൈല്‍സില്‍ (മസ്ദ ഡിസ്ട്രിബ്യൂട്ടേഴ്‌സ്) സ്‌പെയര്‍പാര്‍ട്‌സ് മാനേജറായി ജോലിയില്‍ കയറി. മസ്‌ക്കത്തിലെ അല്‍ ഹഷര്‍ ഓട്ടോ മൊബൈല്‍സ് (നിസാന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ്) മാനേജറായും പ്രവര്‍ത്തിച്ചു. 1976ല്‍ ദുബായില്‍ സെഞ്ച്വറി ട്രേഡിംഗ് കമ്പനി (എല്‍.എല്‍.സി) ആരംഭിച്ചു. അജ്മാനിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ഷാര്‍ജയിലെ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പേസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കുവൈത്തിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അബുദാബിയിലെ ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍, മഞ്ചേരിയിലെ പേസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മഞ്ചേരിയിലെ ബ്ലോസം പബ്ലിക് സ്‌കൂള്‍ എന്നിവയുടെ അമരക്കാരനായിരുന്നു. റാസല്‍ഖൈമയില്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്റെ ബ്രാഞ്ചും നടത്തിവരികയായിരുന്നു. റിംസ് ഫൗണ്ടേഷന്റെയും റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെയും ചെയര്‍മാനും കോഴിക്കോട് ഒറിസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്. ഇന്‍ഡസ് മോട്ടോര്‍സ് കമ്പനി ലിമിറ്റഡിന്റെ കേരള-ചെന്നൈ വൈസ് ചെയര്‍മാന്‍, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍, ദുബായിലെ അല്‍ഷമാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, എ.ബി.സി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓപ്പറേറ്റേര്‍സിന്റെ ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിക്കുകയായിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മുന്‍ കോര്‍ട്ട് മെമ്പറും എ.പി.ജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഗവര്‍ണര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോ ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍, സി.എച്ച് മുഹമ്മദ് കോയ നാഷണല്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, ദുബായ് ടെക്‌സ്മാസ് അസോസിയേഷന്‍ മുന്‍ ചെയര്‍മാന്‍, സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്റെ കേരള ഘടകം ട്രസ്റ്റി, ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) അംഗം, പള്ളിക്കര സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ അമേരിക്കന്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയും മേഘാലയ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. കൈരളി ടി.വി എന്‍.ആര്‍.ഐ ബിസിനസ് അവാര്‍ഡ്, ദി ഗോള്‍ഡന്‍ അവാര്‍ഡ്, കര്‍ണാടക ജയന്റ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, റാസല്‍ഖൈമ-കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ അവാര്‍ഡ്, ദുബായ് ഗ്ലോബല്‍ മീഡിയ അച്ചീവ്‌മെന്റ് അവാര്‍ഡ്, ബാംഗ്ലൂര്‍ ഗര്‍ഷോം ഫൗണ്ടേഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരള പ്രവാസി ലീഗ് പ്രവാസപ്രഭ പുരസ്‌കാരം, വടകര ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുരസ്‌കാരം, ദോഹ കെ.സി വര്‍ഗീസ് ഫൗണ്ടേഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഇന്‍ഡോ അറബ് എക്‌സലന്‍സ് അവാര്‍ഡ്, ജെ.സി.ഐ കാസര്‍കോടിന്റെയും തലശ്ശേരിയുടേയും പുരസ്‌കാരങ്ങള്‍, എന്‍.ആര്‍.ഐ ജ്വവല്‍ കമ്മ്യൂണിറ്റി അവാര്‍ഡ്, കെസഫ് പുരസ്‌കാരം, എ.പി. അസ്ലം മെമ്മോറിയല്‍ ക്ഷേമ അവാര്‍ഡ്, മഹമൂദ് ഹസന്‍ ഗുരിക്കള്‍ അവാര്‍ഡ്, സിറ്റിസണ്‍ ഓഫ് കാലിക്കറ്റ് പുരസ്‌കാരം തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ഇബ്രാഹിം ഹാജിയെ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ വീട്ടിലെത്തിച്ച മയ്യത്ത് നാല് മണിക്ക് കോഴിക്കോട് മിനി ബൈപ്പാസില്‍ സരോവരം പാര്‍ക്കിന് മുന്നില്‍ പേസ് ടവറില്‍ ജനാസ നിസ്‌കാരത്തിന് വെക്കും. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം മഞ്ചേരി നജ്മുല്‍ ഹുദാ അറബിക് കോളേജ് അങ്കണത്തില്‍ ഖബറടക്കും.
ഭാര്യമാര്‍: മറിയം ചെറുവത്തൂര്‍, സാജിദ മാഹി. മക്കള്‍: അബ്ദുല്‍ലത്തീഫ്, മുഹമ്മദ് ഷാഫി, ആയിഷ, അബ്ദുല്ല ഇബ്രാഹിം, അമീന്‍ ഇബ്രാഹിം, സല്‍മാന്‍, സുബൈര്‍, ബിലാല്‍, ആദില്‍, ഹയ ഫാത്തിമ. സഹോദരങ്ങള്‍: പി.എ അബൂബക്കര്‍ ഹാജി, പി.എ ഹംസ, പി.എ ബീഫാത്തിമ, പരേതരായ പി.എ ഖാലിദ് ഹാജി, പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി, പി.എ ഫസല്‍ ഹാജി, പി.എ അബ്ബാസ് ഹാജി (കെ.എം.സി.സി സ്ഥാപക നേതാവ്).

Related Articles
Next Story
Share it