ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി: ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വം

സ്വയം കരഞ്ഞ് കൊണ്ട് മനുഷ്യന്‍ ജനിക്കുന്നു, മറ്റുള്ളവരെ കരയിച്ച് കൊണ്ട് അവന്‍ മരിക്കുന്നു. കരയുന്നവരുടെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ചൂടും അളവും സംഭവ ബഹുലമായ ജീവിതത്തിന്റെ വിലയിരുത്തലുകളാണ്. അങ്ങനെ വിലയിരുത്തുകയാണെങ്കില്‍ ഈയിടെ അന്തരിച്ച ഡോക്ടര്‍ മുഹമ്മദ് കുഞ്ഞിയുടെ ജീവിതം ധന്യമായിരുന്നു. പരേതനായ ഡോ. മുഹമ്മദ് കുഞ്ഞിയെ അനുസ്മരിക്കുമ്പോള്‍ എന്റെ സ്മൃതി പഥത്തില്‍ ഒട്ടേറെ കാര്യങ്ങള്‍, സംഭവങ്ങള്‍ നിഴലിക്കുന്നുണ്ട്. അവയെല്ലാം ഇവിടെ രേഖപ്പെടുത്തുക അസാധ്യം. ഡോക്ടര്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുടെ അനുജത്തിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അതിന് […]

സ്വയം കരഞ്ഞ് കൊണ്ട് മനുഷ്യന്‍ ജനിക്കുന്നു, മറ്റുള്ളവരെ കരയിച്ച് കൊണ്ട് അവന്‍ മരിക്കുന്നു. കരയുന്നവരുടെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ചൂടും അളവും സംഭവ ബഹുലമായ ജീവിതത്തിന്റെ വിലയിരുത്തലുകളാണ്. അങ്ങനെ വിലയിരുത്തുകയാണെങ്കില്‍ ഈയിടെ അന്തരിച്ച ഡോക്ടര്‍ മുഹമ്മദ് കുഞ്ഞിയുടെ ജീവിതം ധന്യമായിരുന്നു. പരേതനായ ഡോ. മുഹമ്മദ് കുഞ്ഞിയെ അനുസ്മരിക്കുമ്പോള്‍ എന്റെ സ്മൃതി പഥത്തില്‍ ഒട്ടേറെ കാര്യങ്ങള്‍, സംഭവങ്ങള്‍ നിഴലിക്കുന്നുണ്ട്. അവയെല്ലാം ഇവിടെ രേഖപ്പെടുത്തുക അസാധ്യം. ഡോക്ടര്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുടെ അനുജത്തിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത് തന്നെ. ഞങ്ങള്‍ തമ്മിലുള്ള പരിചയത്തിനും തുടര്‍ന്നുണ്ടായ സുഹൃദ്ബന്ധത്തിനും മുപ്പത് വര്‍ഷക്കാലത്തെ പഴക്കമുണ്ട്. പ്രഥമ വീക്ഷണത്തില്‍ എനിക്ക് ദൃശ്യമായത് ഡോക്ടര്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും സ്ഥിരോത്സാഹവും നല്ല പെരുമാറ്റവും ഒത്തിണങ്ങിയ ഒരാളായിട്ടാണ്.
എനിക്ക് എന്തെന്നില്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുകയാണ്. എന്നെ അനുജന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം നോക്കി കണ്ടിരുന്നത്. ഇത്രയും അടുത്തത് ഇത്ര പെട്ടെന്ന് അകലാനായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നിപ്പോകുന്നു. മിത ഭാഷിയായിരുന്ന ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ഒരു നല്ല ചിന്തകനും സംഘാടകനുമായിരുന്നു. അഭിപ്രായം തുറന്ന് പറയുകയും അത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള സഹായ സഹകരണങ്ങള്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും പല മേഖലകളിലും അദ്ദേഹം തിളങ്ങി നിന്നിട്ടുണ്ട്. പിന്നോക്കം നിന്നിരുന്ന ബദിയടുക്കയുടെ വികസന കാര്യങ്ങളില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച് പോന്ന ശ്രദ്ധ വാക്കുകള്‍ക്കപ്പുറമാണ്. ആത്മാര്‍ത്ഥതയും സേവനതല്‍പ്പരതയും സ്‌നേഹവും നന്മയും ഒത്തിണങ്ങിത്തിളങ്ങിയിരുന്ന ഡോക്ടറുടെ മരണം മൂലം ഏറെ ക്ഷീണം തട്ടിയത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമാണ്. ഡോക്ടറുടെ കസേരയിലിരുന്നുകൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ച ജന സേവനം നിരവധിയാണ്. നാടിനും സമുദായത്തിനും പരേതന്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ നിസ്തുലവും സ്തുത്യര്‍ഹവുമാണ്.
ദൈവ ഭക്തി. സത്യസന്ധത, നിഷ്‌കളങ്കത, വിനയ ശീലം, പരോപകാര തല്‍പരത, വിശാലമനസ്‌കത, ഉദാര മനസ്‌കത, ദീനാനുകമ്പ തുടങ്ങിയ മഹല്‍ ഗുണങ്ങള്‍ ഡോക്ടറില്‍ സദാ പ്രകടമായിരുന്നു. സൗമ്യശീലവും സേവന താല്‍പര്യവും ഒരു പോലെ സൂക്ഷിച്ച് കൊണ്ട് ആതുര രംഗത്തും പൊതുരംഗത്തും കളങ്കരഹിതമായ സേവനങ്ങള്‍ അര്‍പ്പിച്ച ആളായിരുന്നു ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി. ജാതി മത ഭേദമന്യേ ആരോടും ആത്മാര്‍ത്ഥതയോടെ നന്നായി പെരുമാറുന്നത് കൊണ്ടാണ് ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തെ തങ്ങളുടെ ഹൃദയത്തില്‍ കുടിയിരുത്തിയത്.
അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആര്‍ക്കും തന്നെ മറക്കാനാവാത്ത ഒരു വ്യക്തി ഗുണമാണ് സ്‌നേഹ സമ്പന്നമായ അദ്ദേഹത്തിന്റെ പെരുമാറ്റം. സുസ്‌മേരവദനനായിട്ടല്ലാതെ നമുക്കദ്ദേഹത്തെ ദര്‍ശിക്കുക സാധ്യമല്ല. വിടര്‍ന്ന പുഞ്ചിരിയുമായി രോഗികളെയും അതിഥികളെയും സ്വാഗതം ചെയ്യുന്ന അദ്ദേഹത്തിന്റെ ആ സ്‌നേഹ ശീലം നമ്മുടെ മനോമുകുരത്തില്‍ എന്നും അവശേഷിക്കും. രോഗികള്‍ അര്‍ധരാത്രിയില്‍ വാതിലില്‍ മുട്ടിയാല്‍ സന്തോഷത്തോടെ പുഞ്ചിരിച്ച് വാതില്‍ തുറക്കും. വേണ്ടുന്ന ശുശ്രൂഷകള്‍ ചെയ്ത് കൊടുക്കും.
ഡോക്ടറുടെ അകാലത്തിലുള്ള നിര്യാണം അദ്ദേഹത്തെ നേരിട്ടും അല്ലാതെയും അറിയുന്ന ഒട്ടനവധി ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ആ വേദനയില്‍ നിന്നും ഉതിര്‍ന്ന് വീണ കണ്ണുനീര്‍ ഡോക്ടറുടെ ജീവിത വിജയം കുറിക്കുന്നു. ബദിയടുക്ക നിവാസികളുടെ സ്‌നേഹപുത്രന്‍, അവരുടെ മനസിലെ കെടാവിളക്ക്, എല്ലാ മതവിഭാഗങ്ങളുടെയും കണ്ണിലെ കൃഷ്ണമണി, അതെല്ലാമായിരുന്നു ആ ഹൃദയം നിശ്ചലമായപ്പോള്‍ നഷ്ടപ്പെട്ട് പോയത്. ആ മൃതദേഹം അവസാനമായി ഒന്ന് കാണാനും മാസ്മര ശക്തിയുള്ള ഒരു പുഞ്ചിരി സദാ വിരിഞ്ഞ് നില്‍ക്കാറുള്ള ആ മുഖത്തേക്ക് അവസാനമായി ഒന്നു നോക്കാനായി ആളുകളുടെ തിക്കും തിരക്കുമായി. പിന്നെ കണ്ടവര്‍ കണ്ടവര്‍ കരഞ്ഞുപോയി.
മനുഷ്യനില്‍ ഉത്തമന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരമുള്ളവനത്രെ എന്ന നബി വചനത്തില്‍ വിശ്വസിച്ച ആ ജീവിതത്തിന് തിരശീല വീണെങ്കിലും അതിന്റെ സ്മരണ നമ്മിലെന്നും പച്ച പിടിച്ച് നില്‍ക്കും. തീര്‍ച്ച.
പരേതാത്മാവിന് നിത്യശാന്തി നല്‍കുമാറാകണമേ എന്ന് അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ആ കുടുംബാംഗങ്ങള്‍ക്ക് ആകസ്മികമായി നേരിട്ട ഈ അത്യാഹിതം കൊണ്ടുണ്ടായ കദന ഭാരം താങ്ങുവാനുള്ള മനക്കരുത്തും സഹന ശക്തിയും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ-ആമീന്‍.

Related Articles
Next Story
Share it