കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥനെ കാസര്‍കോട് ജില്ലയ്ക്കും ഒരിക്കലും മറക്കാനാവില്ല. ജില്ലയിലെ കാര്‍ഷികമേഖലയക്ക് അദ്ദേഹം നല്‍കിയത് വിലപ്പെട്ട സംഭാവനകള്‍. കാസര്‍കോട് ചൗക്കിയിലെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുകയും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വ്യക്തി കൂടിയാണ് സ്വാമിനാഥന്‍. സി.പി.സി.ആര്‍.ഐയുടെ ഗവേഷണവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിച്ച അദ്ദേഹം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ക്ക് ജില്ലയിലേക്ക് വന്നിരുന്നു. സി.പി.സി.ആര്‍.ഐ വളപ്പില്‍ സ്വാമിനാഥന്‍ നട്ട തെങ്ങ് ഇപ്പോള്‍ കായ്ഫലം നല്‍കിവരുന്നു. 2002ല്‍ സ്വാമിനാഥന്‍ സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രസംഘത്തിനൊപ്പം […]

ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥനെ കാസര്‍കോട് ജില്ലയ്ക്കും ഒരിക്കലും മറക്കാനാവില്ല. ജില്ലയിലെ കാര്‍ഷികമേഖലയക്ക് അദ്ദേഹം നല്‍കിയത് വിലപ്പെട്ട സംഭാവനകള്‍. കാസര്‍കോട് ചൗക്കിയിലെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുകയും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വ്യക്തി കൂടിയാണ് സ്വാമിനാഥന്‍. സി.പി.സി.ആര്‍.ഐയുടെ ഗവേഷണവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിച്ച അദ്ദേഹം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ക്ക് ജില്ലയിലേക്ക് വന്നിരുന്നു. സി.പി.സി.ആര്‍.ഐ വളപ്പില്‍ സ്വാമിനാഥന്‍ നട്ട തെങ്ങ് ഇപ്പോള്‍ കായ്ഫലം നല്‍കിവരുന്നു. 2002ല്‍ സ്വാമിനാഥന്‍ സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രസംഘത്തിനൊപ്പം ജില്ലയിലെ വിവിധ കാര്‍ഷികമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്‍സ്റ്റിറ്റിയൂഷന്‍ വില്ലേജ് ലിങ്കിങ്ങ് പരിപാടിയുടെ ഭാഗമായാണ് സ്വാമിനാഥന്‍ വന്നത്. ഗ്രാമപ്രദേശങ്ങളിലെ കാര്‍ഷികരീതികളെക്കുറിച്ച് താല്‍പ്പര്യപൂര്‍വം ചോദിച്ചറിഞ്ഞ് അതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. ചെര്‍ക്കള പാടി ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച കര്‍ഷക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് സ്വാമിനാഥന്‍ തിരിച്ചുപോയത്. പടന്നക്കാട് കാര്‍ഷിക കോളേജിലും സ്വാമിനാഥന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
2000 ഫെബ്രുവരിയില്‍ ജില്ലയിലെത്തിയപ്പോഴാണ് പടന്നക്കാട് കാര്‍ഷിക കോളേജില്‍ പോയി അന്നത്തെ അസോസിയേറ്റ് ഡീന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്‍ഷികമേഖലയിലെ നൂതനസാധ്യതകളെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകള്‍ പകര്‍ന്നുനല്‍കിയത്.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.വി പീറ്റര്‍ക്കൊപ്പം കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെത്തി മടങ്ങും വഴിയായിരുന്നു സ്വാമിനാഥന്റെ കാര്‍ഷിക കോളേജ് സന്ദര്‍ശനം. ഉച്ചയോടെ കോളേജിലെത്തിയ അദ്ദേഹം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മറ്റ് ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരുമായി വൈകിട്ടുവരെ സംവദിച്ചിരുന്നു. ഡോ. എം.എസ് സ്വാമിനാഥന്റെ സന്ദര്‍ശനത്തിന്റെ പ്രയോജനം പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും ലഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യ സങ്കരയിനം തെങ്ങിന്‍തൈ പുറത്തിറക്കിയത് പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രമാണ്. ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ പിലിക്കോട്ടെത്തിയതിന്റെ സ്മരണയ്ക്കായി കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ അത്യുല്‍പ്പാദന ശേഷിയുള്ള കേരശ്രീ എന്ന തെങ്ങിന്‍ തൈ അങ്കണത്തില്‍ നട്ടുനനച്ചാണ് സ്വാമിനാഥന്‍ മടങ്ങിപ്പോയത്. കേരശ്രീ തെങ്ങ് ഇപ്പോഴും നിലവിലുള്ള ഓഫീസിന് മുമ്പില്‍ നിറയെ കായ്ഫലവുമായി കുലച്ചുനില്‍ക്കുകയാണ്. ആദിവാസി മേഖലയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരന്തരം പഠനങ്ങളിലേര്‍പ്പെട്ട സ്വാമിനാഥന്‍ തന്റെ കണ്ടെത്തലുകള്‍ കാസര്‍കോട് ജില്ലയിലെ ആദിവാസിമേഖലയ്ക്കും കൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു.
കാസര്‍കോട്ടെ ഡി.വൈ.എസ്.പിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡംഗം സെക്രട്ടറിയുമായ ഉദുമ അരവത്തെ ഡോ. വി. ബാലകൃഷ്ണനുമായി സ്വാമിനാഥന് വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ആദിവാസി മേഖലയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വന്യ-ഭക്ഷ്യവിഭവങ്ങള്‍ എന്ന വിഷയത്തിലെ ഗവേഷണം വയനാട് പുത്തൂര്‍ വയലിലെ ഡോ. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ പൂര്‍ത്തിയാക്കാന്‍ ബാലകൃഷ്ണന് സ്വാമിനാഥന്‍ അവസരം നല്‍കിയിരുന്നു. ബാലകൃഷ്ണന്റെ ഗവേഷണ ഗൈഡും സ്വാമിനാഥനായിരുന്നു. 2008ല്‍ പി.എച്ച്.ഡി ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായ സ്വാമിനാഥനില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി ബാലകൃഷ്ണന്‍ കരുതുന്നു. ആഗസ്ത് ആറിന് സ്വാമിനാഥന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ബാലകൃഷ്ണന്‍ കുടുംബസമേതം ചെന്നൈയില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച.

ഡോ.വി ബാലകൃഷ്ണനും കുടുംബവും എം.എസ് സ്വാമിനാഥനോടൊപ്പം
Related Articles
Next Story
Share it