ഡോ. അബ്ദുല്‍സത്താറിന്റെ രചനകളില്‍ തെളിഞ്ഞുകാണുന്നത് മനുഷ്യസ്‌നേഹത്തിന്റെ ഏടുകള്‍-സന്തോഷ് ഏച്ചിക്കാനം

കാസര്‍കോട്: രോഗവും സാഹിത്യവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും എഴുത്തുകാരനും ഡോക്ടറും ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരാണെന്നും ഈ ബന്ധമാണ് എഴുത്ത് തന്റെ ദൗത്യമായി സ്വീകരിച്ച ആതുര സേവകനായ ഡോ. എ.എ. അബ്ദുല്‍സത്താര്‍ നിര്‍വഹിക്കുന്നതെന്നും പ്രശസ്ത കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ഡോ. അബ്ദുല്‍സത്താറിന്റെ മൂന്നാമത്തെ പുസ്തകമായ 'യാത്രകള്‍ അനുഭവങ്ങള്‍' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക പ്രശസ്തരായ പല എഴുത്തുകാരും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. മറ്റൊരു തരത്തില്‍ വ്യത്യസ്തമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ പ്രമുഖ എഴുത്തുകാരായി മാറിയിട്ടുമുണ്ട്. ആത്യന്തികമായ മനുഷ്യസ്‌നേഹമാണ് അബ്ദുല്‍സത്താറിന്റെ […]

കാസര്‍കോട്: രോഗവും സാഹിത്യവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും എഴുത്തുകാരനും ഡോക്ടറും ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരാണെന്നും ഈ ബന്ധമാണ് എഴുത്ത് തന്റെ ദൗത്യമായി സ്വീകരിച്ച ആതുര സേവകനായ ഡോ. എ.എ. അബ്ദുല്‍സത്താര്‍ നിര്‍വഹിക്കുന്നതെന്നും പ്രശസ്ത കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ഡോ. അബ്ദുല്‍സത്താറിന്റെ മൂന്നാമത്തെ പുസ്തകമായ 'യാത്രകള്‍ അനുഭവങ്ങള്‍' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക പ്രശസ്തരായ പല എഴുത്തുകാരും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. മറ്റൊരു തരത്തില്‍ വ്യത്യസ്തമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ പ്രമുഖ എഴുത്തുകാരായി മാറിയിട്ടുമുണ്ട്. ആത്യന്തികമായ മനുഷ്യസ്‌നേഹമാണ് അബ്ദുല്‍സത്താറിന്റെ രചനകളില്‍ കാണുന്നത്. സാധാരണക്കാരന്റെ മാനസികാവസ്ഥയും ജീവിതാവസ്ഥയും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ നല്ലൊരു മനുഷ്യനും നല്ലൊരു ഡോക്ടറും ആവാന്‍ കഴിയുകയുള്ളു. തികഞ്ഞ മനുഷ്യസ്‌നേഹം ഡോ. അബ്ദുല്‍സത്താറിന്റെ ഉള്ളിലുണ്ട്. അവ അദ്ദേഹത്തിന്റെ പുസ്തകത്തിലും തെളിഞ്ഞുകാണാം. ഒരു വായനക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം വായിച്ചുതീര്‍ത്ത നിരവധി പുസ്തകങ്ങളിലെ അനുഭവങ്ങള്‍ ചെറിയ ചെറിയ വിശകലനങ്ങളായി തന്റെ രചനകളില്‍ അവതരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണ പരമ്പരയുണ്ടായത് വൈദ്യശാസ്ത്രം നടത്തിയിരുന്ന ഒരാളില്‍ നിന്നാണ്. രോഗിയുടെ അകത്തേക്ക് സൂക്ഷ്മമായി നോക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ നല്ല ഒരു ഡോക്ടറാവാന്‍ കഴിയുകയുള്ളു. എഴുത്തും തന്റെ സേവനവും അബ്ദുല്‍സത്താര്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്നുവെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
തന്റെ കുട്ടിക്കാലാനുഭവങ്ങള്‍ വിവരിക്കാനും സന്തോഷ് മറന്നില്ല. കുട്ടിക്കാലത്ത് ബാല ടി.ബിക്ക് അടിമയായിരുന്ന താന്‍ ദിനേന ആസ്പത്രിയില്‍ ഇഞ്ചക്ഷന്‍ കുത്തിവെക്കാന്‍ പോയ അനുഭവവും വെള്ളയപ്പവും കടലക്കറിയും കഴിക്കാന്‍ വേണ്ടിയാണ് കുത്തിവെപ്പെന്ന സാഹസികതക്ക് കുട്ടിക്കാലത്ത് തയ്യാറായതെന്നും ഓര്‍മ്മകള്‍ അയവിറക്കി അദ്ദേഹം പറഞ്ഞു.
യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തകം ഏറ്റുവാങ്ങി. റഹ്‌മാന്‍ തായലങ്ങാടി പുസ്തക പരിചയം നടത്തി. അഷ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. ഡോ. രാജാറാം, പി.ദാമോദരന്‍, അബു ത്വായി, ടി.എ ഷാഫി, പി.എസ് ഹമീദ്, എരിയാല്‍ അബ്ദുല്ല, രത്‌നാവതി, കെ.എം ഹനീഫ്, സി.എല്‍ ഹമീദ് സംസാരിച്ചു. ഡോ. അബ്ദുല്‍സത്താര്‍ മറുപടി പ്രസംഗം നടത്തി. അമീര്‍ പള്ളിയാന്‍ നന്ദി പറഞ്ഞു.
തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ നടന്ന പ്രൗഡമായ പരിപാടിയില്‍ നിരവധി ഡോക്ടര്‍മാരും രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ഡോ. അബ്ദുല്‍സത്താറിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

Related Articles
Next Story
Share it