ഡോ.എ.എ മുഹമ്മദ് കുഞ്ഞി എന്ന ബഹുമുഖ പ്രതിഭ

ഈയിടെ അന്തരിച്ച ഡോ. എ.എ മുഹമ്മദ് കുഞ്ഞി ശാസ്ത്ര ഗവേഷണ രംഗത്തെ ഉന്നത ശ്രേണിയിലുള്ള ശാസ്ത്രകാരനായിരുന്നു. ശാസ്ത്ര ഗവേഷകന്‍, ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച ബഹുമുഖ പ്രതിഭാശാലിയായിരുന്നു. മൈസൂറിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTRI) സ്ഥാപനത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ അദ്ദേഹം സീനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നു. അതിനു ശേഷം ഖത്തര്‍ സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായി ജോലി നോക്കി. ഫുഡ് ബയോടെക്‌നോളജി, ഡി.എന്‍.എ ടെക്‌നോളജി, മൈക്രോബയോളജി എന്നീ മേഖലകളില്‍ ശാസ്ത്രീയ […]

ഈയിടെ അന്തരിച്ച ഡോ. എ.എ മുഹമ്മദ് കുഞ്ഞി ശാസ്ത്ര ഗവേഷണ രംഗത്തെ ഉന്നത ശ്രേണിയിലുള്ള ശാസ്ത്രകാരനായിരുന്നു. ശാസ്ത്ര ഗവേഷകന്‍, ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച ബഹുമുഖ പ്രതിഭാശാലിയായിരുന്നു. മൈസൂറിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTRI) സ്ഥാപനത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ അദ്ദേഹം സീനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നു. അതിനു ശേഷം ഖത്തര്‍ സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായി ജോലി നോക്കി. ഫുഡ് ബയോടെക്‌നോളജി, ഡി.എന്‍.എ ടെക്‌നോളജി, മൈക്രോബയോളജി എന്നീ മേഖലകളില്‍ ശാസ്ത്രീയ ഗവേഷണം നടത്തി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കാസര്‍കോടിന്റെ അഗ്രഗണ്യനായ ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു അദ്ദേഹം.
ആനബാഗിലുവിലുള്ള താമസകാലഘട്ടത്തില്‍ ഞങ്ങള്‍ ഉറ്റമിത്രങ്ങളെപ്പോലെയാണ് ഒന്നിച്ച് വളര്‍ന്നത്. പ്രായം അല്‍പം കൂടുതലായിരുന്നുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസ കാലത്ത് എന്റെ ഗുരുവും വഴികാട്ടിയുമായിരുന്നു. പഠിക്കുന്ന കാലത്ത് മകനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. അതേപ്പറ്റി അദ്ദേഹം ഒരു കവിത തന്നെ എഴുതിയിരുന്നു. മനുഷ്യരുടെ നാഡിത്തുടിപ്പുകള്‍ പരിശോധിച്ച് ആതുര സേവനരംഗത്ത് പ്രവേശിക്കുന്ന ഒരു ഭിഷഗ്വരന്റെ പരിമിതമായ സേവനപാതയായിരുന്നില്ല അദ്ദേഹത്തിന് വിധിക്കപ്പെട്ടത്. മറിച്ച് ഫുഡ് ബയോടെക്‌നോളജി ശാസ്ത്ര ശാഖയില്‍ ഗഹനമായ ഗവേഷണം നടത്തി പേരും പെരുമയും ആര്‍ജ്ജിച്ച ഒരു വിഖ്യാതനായ ശാസ്ത്രകാരന്റെ പദവിയാണ് അദ്ദേഹത്തെ തേടിയെത്തിയത്.
വശ്യമധുരമായ സൗഹൃദവാക്കുകള്‍, എപ്പോഴും പുഞ്ചിരി വിടരുന്ന മുഖം, സൗമ്യവും സ്‌നേഹാര്‍ദ്രവുമായ പെരുമാറ്റം, ഒരുതവണ പരിചയപ്പെട്ടുകഴിഞ്ഞാല്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സ്‌നേഹമസൃണമായ മാസ്മരിക ബന്ധം ഇവയൊക്കെ അദ്ദേഹത്തിന്റെ സ്വഭാവ നൈര്‍മല്യത്തിന്റെ സവിശേഷതകളായിരുന്നു.
പരന്ന വായനയും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തിന്റെ ഉല്‍കൃഷ്ട ജീവിത ശൈലിയുടെ ഭാഗമായിരുന്നു. ജന്മസിദ്ധമായ കലാവാസനയും സാഹിത്യാഭിരുചിയും വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു.
ക്യാമറക്കണ്ണിലൂടെ പ്രകൃതിദൃശ്യങ്ങളും മറ്റും ഒപ്പിയെടുത്ത് ജീവസുറ്റ ദൃശ്യങ്ങള്‍ പകര്‍ത്തി ക്യാമറ ഫോട്ടോഗ്രാഫിയില്‍ നൈപുണ്യം തെളിയിച്ച ഒരു മികവുറ്റ ക്യാമറാമാന്‍ കൂടിയായിരുന്നു അദ്ദേഹം.
അടുത്ത കാലത്ത് ഹൃദ്രോഗം മൂര്‍ച്ഛിച്ച് അവശനായി കിടപ്പിലായതോടെ അദ്ദേഹവുമായി ബന്ധപ്പെടുവാനുള്ള അവസരങ്ങള്‍ വിരളമായിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് രോഗനില അല്‍പം മെച്ചപ്പെട്ട് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സമയത്ത് ഞാനും രണ്ട് സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനായി വീട്ടില്‍ ചെന്നിരുന്നു. അന്ന് വളരെ ഉന്മേഷവാന്‍ ആയിട്ടാണ് കാണപ്പെട്ടത്.
ജീവിതത്തിലെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓര്‍മ്മച്ചെപ്പ് തുറന്നുവച്ച് പഴയകാല ഓര്‍മ്മകള്‍ ഓരോന്നായി ചികഞ്ഞെടുത്ത് പങ്കുവെച്ചപ്പോള്‍ ആ സന്ദര്‍ഭം ഒരു അസുലഭ മുഹൂര്‍ത്തമായി അനുഭവപ്പെട്ടു. ചായ സല്‍ക്കാരവും കഴിഞ്ഞ് ഞങ്ങള്‍ അന്ന് സന്തോഷഭരിതരായി പരസ്പരം സലാം പറഞ്ഞ് പിരിഞ്ഞപ്പോള്‍ അതൊരു വിടവാങ്ങല്‍ കൂടിക്കാഴ്ച്ചയായിരിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ അഡ്വ.സാഹിദിന്റെ മരണശേഷം ഫോണില്‍ കൂടി ഏറെ നേരം സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. എന്റെ സഹപാഠി കൂടിയായിരുന്ന സാഹിദിന് ഒരു വേള ഒത്തുകൂടി സംസാരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നും സാഹിദിന്റെ പൊടുന്നനെയുള്ള മരണം മൂലം ആ ആഗ്രഹം പൂവണിയാതെ പോയെന്നും വ്യാകുലപ്പെട്ടിരുന്നു.
സര്‍വ്വശക്തനായ നാഥന്‍ അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കി സ്വര്‍ഗ പ്രവേശനം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ടി.എ മഹ്‌മൂദ്, പച്ചക്കാട്‌

Related Articles
Next Story
Share it