ഉന്നതനാം ആ പ്രതിഭയും വിടവാങ്ങി...

'സയന്റിഫിക് റിസര്‍ച്ചര്‍, ടീച്ചര്‍, എജ്യുക്കേഷണലിസ്റ്റ്, ഹെഡ് ഓഫ് എജ്യുക്കേഷണല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ഫോട്ടോഗ്രാഫര്‍…'വെബ്‌സൈറ്റില്‍ ഡോ. എ.എ.എം കുഞ്ഞി എന്ന് തിരഞ്ഞാല്‍ ചായകോപ്പയുമായി നില്‍ക്കുന്ന ഫോട്ടോയോടുകൂടിയുള്ള വിവരണങ്ങള്‍ക്കൊപ്പം ഡോ. എ.എ മുഹമ്മദ് കുഞ്ഞിയുടെ ജൈത്രയാത്ര വായിച്ചെടുക്കാം. ഇത് കാസര്‍കോട്ട് ജനിച്ച, അളവറ്റ വിജ്ഞാനം കൊണ്ട് ഉന്നതിയുടെ പടവുകള്‍കയറിയ ഒരു പ്രതിഭയാണ്. കാസര്‍കോട്ടുകാര്‍ക്ക് ഇദ്ദേഹം എത്രമാത്രം സുപരിചതനാണെന്ന് അറിയില്ല. തന്റെ പരിജ്ഞാനം കൊണ്ട് അത്രമാത്രം ഉന്നതിയില്‍ കയറിച്ചെന്ന ഈ ശാസ്ത്രജ്ഞനെ, വിദ്യഭ്യാസ പ്രവര്‍ത്തകനെ […]

'സയന്റിഫിക് റിസര്‍ച്ചര്‍, ടീച്ചര്‍, എജ്യുക്കേഷണലിസ്റ്റ്, ഹെഡ് ഓഫ് എജ്യുക്കേഷണല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ഫോട്ടോഗ്രാഫര്‍…'
വെബ്‌സൈറ്റില്‍ ഡോ. എ.എ.എം കുഞ്ഞി എന്ന് തിരഞ്ഞാല്‍ ചായകോപ്പയുമായി നില്‍ക്കുന്ന ഫോട്ടോയോടുകൂടിയുള്ള വിവരണങ്ങള്‍ക്കൊപ്പം ഡോ. എ.എ മുഹമ്മദ് കുഞ്ഞിയുടെ ജൈത്രയാത്ര വായിച്ചെടുക്കാം. ഇത് കാസര്‍കോട്ട് ജനിച്ച, അളവറ്റ വിജ്ഞാനം കൊണ്ട് ഉന്നതിയുടെ പടവുകള്‍കയറിയ ഒരു പ്രതിഭയാണ്. കാസര്‍കോട്ടുകാര്‍ക്ക് ഇദ്ദേഹം എത്രമാത്രം സുപരിചതനാണെന്ന് അറിയില്ല. തന്റെ പരിജ്ഞാനം കൊണ്ട് അത്രമാത്രം ഉന്നതിയില്‍ കയറിച്ചെന്ന ഈ ശാസ്ത്രജ്ഞനെ, വിദ്യഭ്യാസ പ്രവര്‍ത്തകനെ കാസര്‍കോട്ടുകാരായ കുറച്ചുപേരെങ്കിലും നേരിട്ട് കണ്ടതും തിരിച്ചറിഞ്ഞതും അടുത്തകാലത്ത് പീസ് പബ്ലിക് സ്‌കൂളില്‍ (ചൗക്കി പെരിയടുക്കയിലെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍) പ്രിന്‍സിപ്പലായി ജോലി ചെയ്തിരുന്നപ്പോഴാണ്.
കാസര്‍കോട് ആനവാതുക്കലില്‍ ഇപ്പോഴത്തെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിക്കാണ് ഡോ. എ.എ .എം കുഞ്ഞിയുടെ വീട്. ഇവിടെ വളര്‍ന്ന് പഠിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ഉയര്‍ന്ന ജോലികളില്‍ ഏര്‍പ്പെട്ടത്. ആദ്യം കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ഏഴ് മാസം അദ്ദേഹം ഉണ്ടായിരുന്നു. 1973 ഒക്‌ടോബര്‍ മുതല്‍ 1974 ഏപ്രില്‍ വരെ സി.പി.സി.ആര്‍.ഐയില്‍ റിസര്‍ച്ച് ഫെല്ലോ ആയിരുന്നു. പിന്നീട് നീണ്ട 27 വര്‍ഷം (1974 ഏപ്രില്‍ മാസം മുതല്‍ 2000 ഡിസംബര്‍ വരെ) സീനിയര്‍ സയന്റിസ്റ്റായി മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സി.എസ്.ഐ.ആര്‍-സി.എഫ്.ടി.ആര്‍.ഐ) സേവനം അനുഷ്ടിച്ചു. അടുത്ത ഒരു വര്‍ഷം ലണ്ടനിലായിരുന്നു. അവിടെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോടെക്‌നോളജിക്കല്‍ സ്റ്റഡീസില്‍ ഒരുവര്‍ഷം സേവനം അനുഷ്ടിച്ചു. പിന്നീട് എത്തിയത് ഖത്തറില്‍. ദോഹയിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ പത്ത് വര്‍ഷം ക്വാളിറ്റി കണ്‍ട്രോള്‍ മാനേജറായി ജോലി ചെയ്തു. 2001 മാര്‍ച്ച് മുതലായിരുന്നു അത്. ദോഹയില്‍ തന്നെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറായി ഏഴ് വര്‍ഷം ജോലിചെയ്യാനുള്ള അവസരവും ഡോ. എ.എ മുഹമ്മദ് കുഞ്ഞിക്ക് ലഭിച്ചു. പിന്നീട് കേരളത്തിലെത്തി വാഴയൂരിലെ സിഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നാല് വര്‍ഷം പ്രിന്‍സിപ്പലും ഡയറക്ടറുമായി സേവനം അനുഷ്ടിച്ചു. അതിന് ശേഷമാണ് 2017ല്‍ കാസര്‍കോട്ടെ പീസ് പബ്ലിക് സ്‌കൂളിലേക്ക് അദ്ദേഹം എത്തുന്നത്.
ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാരുടെ മുഖമടയാളമായ നീണ്ട വെളുത്ത താടിവെച്ച പ്രിന്‍സിപ്പലിനെ സ്‌കൂളിലെ സ്റ്റാഫ് പോലും ആദ്യം വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞതാവട്ടെ വെബ്‌സൈറ്റിലെ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ വായിച്ചറിഞ്ഞപ്പോഴാണ്. തങ്ങളുടെ മുമ്പിലിരിക്കുന്നത് ഉന്നത വിജ്ഞാനമുള്ള, ലണ്ടനിലടക്കം പ്രമുഖ പദവി വഹിച്ചിട്ടുള്ള ഒരാളാണെന്ന് തിരിച്ചറിഞ്ഞ് സന്തോഷത്തോടെ അങ്ങോട്ട് ചെന്ന് പലരും പരിചയപ്പെടുമ്പോഴും ഞാന്‍ ഒന്നുമല്ലെന്ന മട്ടില്‍ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിക്കുക മാത്രമാണ് ഡോ. എ.എ.എം കുഞ്ഞി ചെയ്തത്.
അദ്ദേഹത്തിന് തന്റേതായ നിലപാടുകളും വ്യതിരിക്തമായ വഴികളും ഉണ്ടായിരുന്നു. സമൂഹത്തിന്റെ പതിവ് രീതികളില്‍ പലതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ വഴി വേറിട്ടതാണെന്ന് അദ്ദേഹം പലപ്പോഴും തെളിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ, ഉന്നതമായ വിദ്യഭ്യാസമുണ്ടായിട്ടും വിജ്ഞാനത്തിന്റെ കടലില്‍ മുങ്ങിക്കുളിച്ചിട്ടും എവിടേയും വലിഞ്ഞുകയറി വരാന്‍ ഡോ. മുഹമ്മദ് കുഞ്ഞി തയ്യാറായില്ല. എന്തിന് കാസര്‍കോട് സാഹിത്യവേദിയുടേതടക്കം പരിപാടികളില്‍ പിന്‍ബെഞ്ചുകാരനായി വന്നിരുന്ന് പ്രഭാഷണങ്ങള്‍ കേട്ട് മടങ്ങുമ്പോഴും അദ്ദേഹത്തെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. സ്വയം പരിചയപ്പെടുത്താനും കേമത്തം പറയാനും അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല എന്നത് മറ്റൊരു സത്യം. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു ഡോ. എ.എ.എം കുഞ്ഞി. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ പൂക്കളുടേയും പ്രകൃതി ഭംഗിയുടേയും അനവധി ചിത്രങ്ങള്‍ കാണാം. പഴയകാലം തൊട്ടെയുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളും ഡോ. മുഹമ്മദ് കുഞ്ഞിയുടെ വെബ്‌സൈറ്റ് പേജിനെ അമൂല്യവത്താക്കുന്നു. ഖത്തറില്‍ ഭരണതലവന്‍മാരടക്കമുള്ളവരുമായി അദ്ദേഹത്തിനുള്ള ബന്ധവും സ്വാധീനവും ചെറുതല്ല.
കാസര്‍കോട്ടെ തീര്‍ത്തും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഉന്നത വിദ്യഭ്യാസം നേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി ചെയ്ത് അനേകായിരം ശിഷ്യഗണങ്ങളെ സമ്പാദിച്ച ഡോ. എ.എ.എം കുഞ്ഞിയുടെ വേര്‍പാട് വിവരമറിഞ്ഞ് ഇന്ന് രാവിലെ ആനവാതുക്കലിലെ ആയിഷ കോട്ടേജിലേക്ക് അനേകംപേര്‍ ഒഴുകിയെത്തിയിരുന്നു.

-ടി.എ ഷാഫി

Related Articles
Next Story
Share it