പെണ്‍മക്കളെ കൊലയ്ക്ക് കൊടുക്കുന്ന രക്ഷിതാക്കള്‍

കൊല്ലം ജില്ലയിലെ ശൂരനാട്ട് വിസ്മയ എന്ന യുവതി സ്ത്രീധനപീഡനത്തിന്റെ ഇരയായി മരണപ്പെട്ട സംഭവം സമൂഹമനസാക്ഷിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നൂറുപവന്‍ സ്വര്‍ണവും ഒരേക്കറിലേറെ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി ഭര്‍ത്താവിന് നല്‍കിയിട്ടുപോലും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമാണ് ആ യുവതി ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും അതല്ല, കൊലപാതകമാണെന്നും വ്യത്യസ്ത നിഗമനങ്ങളുണ്ട്. നിയമം അതിന്റെ വഴിക്കുനീങ്ങി യഥാര്‍ഥ […]

കൊല്ലം ജില്ലയിലെ ശൂരനാട്ട് വിസ്മയ എന്ന യുവതി സ്ത്രീധനപീഡനത്തിന്റെ ഇരയായി മരണപ്പെട്ട സംഭവം സമൂഹമനസാക്ഷിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നൂറുപവന്‍ സ്വര്‍ണവും ഒരേക്കറിലേറെ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി ഭര്‍ത്താവിന് നല്‍കിയിട്ടുപോലും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമാണ് ആ യുവതി ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും അതല്ല, കൊലപാതകമാണെന്നും വ്യത്യസ്ത നിഗമനങ്ങളുണ്ട്. നിയമം അതിന്റെ വഴിക്കുനീങ്ങി യഥാര്‍ഥ വസ്തുത കണ്ടെത്തട്ടെ. സ്ത്രീധനത്തിന്റെ പേരിലായാലും ദാമ്പത്യത്തിലെ മറ്റു പ്രശ്നങ്ങളുടെ പേരിലായാലും വിസ്മയയെ പോലെ വിവാഹിതരായ അനേകം സ്ത്രികള്‍ ഭര്‍തൃവീടുകളില്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരകളാകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. നിരവധി യുവതികള്‍ ഭര്‍തൃവീട്ടിലെ ഉപദ്രവങ്ങള്‍ താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. കൊലചെയ്യപ്പെട്ട സ്ത്രീകളും ഏറെ. ഗാര്‍ഹികപീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തടയാന്‍ കര്‍ശനമായ നിയമം നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരുപാട് മഹിളാസംഘടനകള്‍ ഉള്ള നാടാണ് കേരളം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇടപെടുന്ന വനിതാകമ്മീഷനും ഇവിടെയുണ്ട്. ശിക്ഷ നടപ്പാക്കാന്‍ നീതിന്യായവ്യവസ്ഥയും സജ്ജമാണ്. എന്നിട്ടും ഭര്‍തൃഗൃഹങ്ങളിലെ പീഡനങ്ങള്‍ നിര്‍ബാധം തുടരുന്നു. നിസഹായരായ സ്ത്രീകളുടെ നിലവിളികള്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഒടുങ്ങുന്നു. രക്ഷപ്പെടുത്താനും ആശ്വാസം പകരാനും ഒരു നിയമസംവിധാനം പോലും പ്രയോജനപ്പെടുന്നില്ല. വലിയ വായില്‍ സ്ത്രീ ശാക്തീകരണം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ക്കുപോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഒരുപാട് പ്രതീക്ഷകളും മോഹങ്ങളും വെച്ചുപുലര്‍ത്തി ഭര്‍തൃഗൃഹങ്ങളിലേക്ക് കാലെടുത്തുവെക്കുന്ന വിസ്മയമാര്‍ എല്ലാ സ്വപ്‌നങ്ങളും പൊലിഞ്ഞ് ദാരുണമരണത്തിന് കീഴടങ്ങുന്നതിന് കാരണക്കാര്‍ ഏതെങ്കിലും ഒരു കുടുംബത്തില്‍ മാത്രം ഒതുങ്ങുന്നവരല്ലെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. സ്ത്രീധനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ഭാര്യയെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കും മാത്രമല്ലെന്നും മരണപ്പെടുന്ന സ്ത്രീയുടെ കുടുംബവും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടവരാണെന്നും വിസ്മയയുടെ മരണത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. കൂടാതെ നിഷ്‌ക്രിയമായ സമൂഹവും ദുര്‍ബലമായ നിയമവ്യവസ്ഥയും കൂടി ഈ ദുരവസ്ഥയുടെ ഉത്തരവാദിത്വം വഹിക്കേണ്ടവരാണ്. സ്വന്തം വീട്ടുകാരുടെ പിന്‍ബലവും സംരക്ഷണവും സാന്ത്വനവും ലഭിച്ചിരുന്നെങ്കില്‍ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് അവിടത്തെ സ്ഥിതിഗതികള്‍ നന്നായി അറിയാവുന്നവരെല്ലാം പറയുന്നത്. ഭര്‍തൃവീട്ടില്‍ മാത്രമല്ല സ്വന്തം വീട്ടില്‍പോലും വിസ്മയക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. മദ്യപിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ടെന്നാണ് അറിയുന്നത്. മകള്‍ ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങളേല്‍ക്കുന്നുവെന്ന് നേരില്‍ ബോധ്യപ്പെട്ടിട്ടുപോലും പിന്നെയും ഭര്‍തൃവീട്ടിലേക്ക് വിസ്മയയെ സ്വന്തം വീട്ടുകാര്‍ പറഞ്ഞയച്ചത് എന്തിനാണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. വിസ്മയക്കു പുറമെ തിരുവനന്തപുരത്തെ അര്‍ച്ചനയും ആലപ്പുഴയിലെ സുചിത്രയും ഭര്‍തൃപീഡനത്തിന്റെ ഇരകളായി മരണത്തെ പുല്‍കിയിരിക്കുന്നു.
വിദ്യാസമ്പന്നരായ പെണ്‍മക്കള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമേ വരനാകാന്‍ പാടുള്ളൂവെന്ന ദൃഢനിശ്ചയമാണ് ഇക്കാലത്തെ ഭൂരിഭാഗം മാതാപിതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്. ഈയൊരു മനോഭാവത്തില്‍ സമ്പന്ന-ഇടത്തരം-നിര്‍ധനകുടുംബങ്ങളെന്ന വ്യത്യാസമില്ല. വരനാകാന്‍ പോകുന്നയാളുടെ സ്വഭാവമഹിമയോ കുടുംബപശ്ചാത്തലമോ ഒന്നും രക്ഷിതാക്കള്‍ക്ക് വിഷയമല്ല. വരനാകാന്‍ പോകുന്ന ആള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള സര്‍ക്കാര്‍ ജോലിയുണ്ടാകണം. സാധാരണ സര്‍ക്കാര്‍ ഉദ്യോഗം പോരെന്ന നിലപാടുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ബന്ധുജനങ്ങള്‍ക്കിടയിലും സമൂഹത്തിലും ഗമയോടെ വിഹരിക്കാനും പൊങ്ങച്ചം പറഞ്ഞ് അഭിമാനം കൊള്ളാനും തക്ക സര്‍ക്കാര്‍ ഉദ്യോഗം തന്നെ വേണം. വിവാഹം കഴിക്കുന്നയാള്‍ മദ്യപാനിയോ മാനസികരോഗിയോ പരസ്ത്രീബന്ധമുള്ളവനോ എന്നതൊന്നും ഒരു കുറവുമല്ല. നാലാളോട് പറയാന്‍ പറ്റുന്ന സര്‍ക്കാര്‍ ജോലിയുള്ള വ്യക്തി എന്നതുമാത്രമാണ് യോഗ്യത. സദ്ഗുണസമ്പന്നനും കുടുംബം പുലര്‍ത്താന്‍ ശേഷിയുള്ളവനുമായ ആള്‍ക്ക് സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ഈ കാലത്തെ വിവാഹക്കമ്പോളത്തില്‍ അതൊരു അയോഗ്യതയാണ്. തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്യേണ്ടവനെ വ്യക്തിഗുണം നോക്കി തിരഞ്ഞെടുക്കുന്ന രീതി സമീപകാലം വരെ കേരളത്തിലെ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു. മകളെ കണ്ണീര് കുടിപ്പിക്കാതെ പൊന്നുപോലെ നോക്കുന്നവനാകണം വരന്‍ എന്ന് ചിന്തിക്കുന്ന മാതാപിതാക്കളില്‍ നിന്ന് കുടുംബത്തിന്റെ സ്റ്റാറ്റസ് ഉയര്‍ത്തുന്ന ജോലിയുള്ളയാള്‍ പരമദുഷ്ടനായാലും മകളെ കഷ്ടതകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന സ്വാര്‍ഥരായ രക്ഷിതാക്കളിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ എവിടെയും പ്രകടമാകുന്നത്. വിവാഹം ചെയ്യേണ്ട ആളെ മകള്‍ക്ക് ഇഷ്ടപ്പെട്ടോ എന്നുപോലും രക്ഷിതാക്കള്‍ അന്വേഷിക്കുന്നില്ല. അവളുടെ വികാരവിചാരങ്ങള്‍ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും യാതൊരു പരിഗണനയുമില്ല. ജീവിതപങ്കാളിയാകാന്‍ പോകുന്നയാളുടെ സ്വഭാവം പോലും അടുത്തറിയാന്‍ അവസരം ലഭിക്കാതെയാണ് മിക്ക പെണ്‍മക്കളും വിവാഹം കഴിഞ്ഞുപോകുന്നത്. പിന്നീട് ഭര്‍തൃവീട്ടില്‍ എത്ര കടുത്ത പീഡനം അനുഭവിക്കേണ്ടിവന്നാലും എല്ലാം സഹിച്ച് അവിടെ തന്നെ നില്‍ക്കണമെന്ന ഉപദേശമായിരിക്കും മാതാപിതാക്കളില്‍ നിന്ന് മകള്‍ക്ക് ലഭിക്കുക. മകളുടെ ജീവനേക്കാള്‍ തങ്ങളുടെ ദുരഭിമാനത്തെ വലുതായി കാണുന്നവരാണ് ഒട്ടുമിക്ക രക്ഷിതാക്കളും. ഭര്‍ത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്വന്തം വീട്ടിലേക്ക് മകള്‍ വന്നാല്‍ അത് സമൂഹത്തിന് മുന്നില്‍ തങ്ങളുടെ അന്തസ് താഴ്ന്നുപോകാന്‍ ഇടയാക്കുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. നരകജീവിതത്തിലേക്ക് തന്നെ മകളെ തിരിച്ചോടിക്കാന്‍ ഇവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. ഇതോടെ അവള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ ഭര്‍തൃവീട്ടുകാരില്‍ പ്രബലമാകുകയും പീഡനത്തിന്റെ തോത് ഇരട്ടിക്കുകയും ചെയ്യുന്നു. എവിടെ നിന്നും ആശ്വാസവും അഭയവും സംരക്ഷണവും ലഭിക്കാതെ ശ്വാസം മുട്ടുന്ന സ്ത്രീ അവസാനം എത്തിപ്പെടുന്നത് മരണത്തിലേക്ക് തന്നെയായിരിക്കും. വിവാഹിതയായ സ്ത്രീക്ക് ജീവനൊടുക്കാനുള്ള സാഹചര്യം സ്വന്തം വീട്ടുകാര്‍ തന്നെ ഒരുക്കിക്കൊടുക്കുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മകളുടെ ജീവന് ദുരഭിമാനത്തേക്കാള്‍ വില കല്‍പ്പിക്കുന്ന രക്ഷിതാക്കളുണ്ടെങ്കില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനങ്ങളില്‍ നിന്ന് അവളെ രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുക്കും. അതുണ്ടാകാത്തതിന്റെ ദുരന്തങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം വീട്ടുകാര്‍ രക്ഷിക്കാന്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ നല്ലൊരു ജോലി കരസ്ഥമാക്കി സ്വന്തം കാലില്‍ നില്‍ക്കാനും പീഡനവീരനായ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് തനിച്ചു ജീവിക്കാനുമുള്ള ആര്‍ജവം കൂടി സ്ത്രീകള്‍ നേടിയെടുക്കേണ്ടതുണ്ട്.
ഒരു പെണ്ണിനെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രാപ്തിയുണ്ടായിട്ടുപോലും സര്‍ക്കാര്‍ ജോലിയില്ലെന്ന കാരണത്താല്‍ വിവാഹജീവിതം നിഷേധിക്കപ്പെട്ടു കഴിയുന്ന അനേകം യുവാക്കള്‍ കേരളത്തിലുണ്ട്. ഇക്കൂട്ടത്തിലെ സ്വഭാവമഹിമയുള്ളവര്‍ പോലും വിവാഹ അന്വേഷണങ്ങളില്‍ പരിഗണിക്കപ്പെടാതെ ദൂരെ മാറ്റിനിര്‍ത്തപ്പെടുന്നു. പയ്യന്റെ സ്വഭാവം എങ്ങനെയന്നല്ല, അവന്റെ ജോലി എന്താണെന്നും ശമ്പളം എത്രയാണെന്നുമാണ് സമകാലിക രക്ഷിതാക്കള്‍ ബ്രോക്കര്‍മാരോട് അന്വേഷിക്കുന്നത്.
യൗവനം തീരാറായിട്ടും വിവാഹജീവിതം പ്രാപ്തമാകാതെ നിരാശയില്‍ കഴിയുന്ന പുരുഷന്‍മാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള വിലപേശലുകളും കെട്ടുകാഴ്ചകളുമാണ് സമൂഹത്തില്‍ ഇന്ന് നടമാടുന്നത്. സര്‍ക്കാര്‍ ഉദ്യോഗമില്ലാത്ത യുവാവ് വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മനസില്‍ പോലും ആഗ്രഹിക്കരുതെന്ന അപ്രഖ്യാപിത അലിഖിതനിയമം പുതിയകാല സാമൂഹികവ്യവസ്ഥയില്‍ എങ്ങനെയോ വന്നുചേര്‍ന്നിരിക്കുന്നു. അയോഗ്യതയുടെ ലിസ്റ്റില്‍ ഇങ്ങനെ ഉള്‍പ്പെടുത്തപ്പെട്ട യുവാക്കള്‍ യോഗ്യതാനിര്‍ണയം നടത്തുന്ന കുടുംബങ്ങളിലെ പെണ്ണുങ്ങളെ കാണാന്‍ ചെന്നാല്‍ മുനകൂര്‍ത്ത അഭിപ്രായ ഒളിയമ്പുകളെ നേരിടേണ്ടിവരും. വേരുറച്ചുപോയ അജണ്ടകളിലൂടെ മുന്നോട്ടുപോകുന്ന വിവാഹ ഉടമ്പടികളുടെ തടവറയിലാണ് ഇന്ന് ഓരോ കുടുംബവും. ഇത് നിലനില്‍ക്കുന്നിടത്തോളം കാലം സ്വഭാവദൂഷ്യമുള്ളവര്‍ ദാമ്പത്യജീവിതത്തില്‍ ആധിപത്യമുറപ്പിച്ച് കുടുംബങ്ങളില്‍ വിനാശം വിതച്ചുകൊണ്ടേയിരിക്കും.

Related Articles
Next Story
Share it