കാണാതെ പോകരുത് ഈ ദുരിതം

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രാത്രി ട്രെയിനിറങ്ങുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനം ലഭിക്കുന്നില്ലെന്ന പരാതി വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ട്രെയിന്‍ ഇറങ്ങുന്നവര്‍ നന്നേ ക്ഷീണിതരായിരിക്കും. എത്രയും വേഗം നാട്ടിലെത്താനായിരിക്കും അവരുടെ ആഗ്രഹം. എന്നാല്‍ സമയത്തിന് വാഹനം കിട്ടാത്ത പ്രശ്നം ഇവരെ അലട്ടുന്നു. കേരളത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പോയി രാത്രി തിരിച്ചെത്തുന്നവര്‍ക്ക് പിന്നീട് വണ്ടി കിട്ടാത്ത അവസ്ഥ ഏറെ പരിതാപകരമാണ്. ഗോവ, മുംബൈ, ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്ത് രാത്രി […]

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രാത്രി ട്രെയിനിറങ്ങുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനം ലഭിക്കുന്നില്ലെന്ന പരാതി വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ട്രെയിന്‍ ഇറങ്ങുന്നവര്‍ നന്നേ ക്ഷീണിതരായിരിക്കും. എത്രയും വേഗം നാട്ടിലെത്താനായിരിക്കും അവരുടെ ആഗ്രഹം. എന്നാല്‍ സമയത്തിന് വാഹനം കിട്ടാത്ത പ്രശ്നം ഇവരെ അലട്ടുന്നു. കേരളത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പോയി രാത്രി തിരിച്ചെത്തുന്നവര്‍ക്ക് പിന്നീട് വണ്ടി കിട്ടാത്ത അവസ്ഥ ഏറെ പരിതാപകരമാണ്. ഗോവ, മുംബൈ, ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്ത് രാത്രി 10 മണിക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലിറങ്ങുന്നവരില്‍ വാഹനത്തിന്റെ കാര്യമോര്‍ത്ത് ആശങ്ക വളരുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് വാഹനം കിട്ടാതെ ഏറെ നേരം റെയില്‍വെ സ്റ്റേഷനില്‍ തന്നെ കഴിയേണ്ടിവരുന്നു. ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ ഇക്കാരണത്താല്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളാണ്. പല ഓട്ടോറിക്ഷകളും രാത്രി ചെറിയ ദൂരം ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. ദീര്‍ഘദൂര യാത്രയാണെങ്കില്‍ മാത്രമേ പല ഓട്ടോ ഡ്രൈവര്‍മാരും താല്‍പ്പര്യം കാണിക്കുന്നുള്ളൂ. വാഹനം കിട്ടാതാകുമ്പോള്‍ ടൗണിലേക്ക് ഒരു കിലോമീറ്റര്‍ നടന്നുപോകുന്നവരുണ്ട്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പ്രീ പെയ്ഡ് ഓട്ടോറിക്ഷകളുണ്ടെങ്കിലും ഞായറാഴ്ചകളില്‍ ഓട്ടോറിക്ഷകള്‍ കുറവായതിനാല്‍ ഇത്തരം ദിവസങ്ങളില്‍ രാത്രി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്നവരാണ് കൂടുതല്‍ ദുരിതത്തിലാവുന്നത്. തളങ്കര ഭാഗത്ത് നിന്ന് കാസര്‍കോട് നഗരത്തിലേക്കും പരിസരങ്ങളിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ രാത്രി എട്ടുമണിക്ക് മുമ്പ് തന്നെ ഓട്ടം നിര്‍ത്തുന്നതിനാല്‍ പിന്നീട് ഓട്ടോറിക്ഷകള്‍ മാത്രമാണ് ആശ്രയം. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ആവശ്യത്തിന് ഓട്ടോകളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. രാത്രി വൈകും വരെ ബസ് സൗകര്യമുണ്ടായിരുന്നെങ്കില്‍ യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. യാത്രക്കാരില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ മണിക്കൂറുകളോളം റെയില്‍വെ സ്റ്റേഷനില്‍ കഴിയേണ്ടിവരുന്നത് ദയനീയം തന്നെയാണ്. ട്രെയിന്‍ യാത്രക്കിടെയുള്ള ദുരിതങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ട്രെയിന്‍ യാത്ര കഴിഞ്ഞ ശേഷമുള്ള യാത്രാപ്രശ്‌നങ്ങള്‍. രാത്രിയില്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതിന് പരിമിതിയുണ്ട്. പൊതുഗതാഗതം മെച്ചപ്പെടുത്താനാവശ്യമായ നടപടികളാണ് വേണ്ടത്. അതുകൊണ്ട് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രാത്രിയില്‍ ഇറങ്ങുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണം. നിസാരമായി കാണാതെ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണുണ്ടാകേണ്ടത്.

Related Articles
Next Story
Share it