ഭാഷാ ഭ്രാന്ത് അപകടകരം; തമിഴ്‌നാടുമായി ഹിന്ദിയില്‍ എഴുത്തുകുത്തുകള്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി; തമിഴോ ഇംഗ്ലീഷോ ഉപയോഗിച്ചാല്‍ മതി

ചെന്നൈ: തമിഴ്‌നാടുമായി ഹിന്ദി ഭാഷയില്‍ എഴുത്തുകുത്തുകള്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായി ഹിന്ദിയില്‍ എഴുത്തുകുത്ത് നടത്തുന്നത് ശരിയല്ലെന്നും ഭാഷാഭ്രാന്ത് അപകടകരമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 'ഏതുതരത്തിലുള്ള വംശീയഭ്രാന്തും ഒരു സമൂഹത്തിനും നല്ലതല്ല. വംശശുദ്ധി വാദം ഏതുരൂപത്തില്‍ പ്രകടിപ്പിച്ചാലും അതിനെ അപലപിക്കണം. ഭാഷാപരമായ ഔന്നിത്യവാദം കൂടുതല്‍ അപകടകരമാണ്. കാരണം ഇത് ഒരു ഭാഷ മാത്രം ശ്രേഷ്ഠമാണെന്നും മറ്റുഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കണമെന്നുമുള്ള […]

ചെന്നൈ: തമിഴ്‌നാടുമായി ഹിന്ദി ഭാഷയില്‍ എഴുത്തുകുത്തുകള്‍ വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായി ഹിന്ദിയില്‍ എഴുത്തുകുത്ത് നടത്തുന്നത് ശരിയല്ലെന്നും ഭാഷാഭ്രാന്ത് അപകടകരമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

'ഏതുതരത്തിലുള്ള വംശീയഭ്രാന്തും ഒരു സമൂഹത്തിനും നല്ലതല്ല. വംശശുദ്ധി വാദം ഏതുരൂപത്തില്‍ പ്രകടിപ്പിച്ചാലും അതിനെ അപലപിക്കണം. ഭാഷാപരമായ ഔന്നിത്യവാദം കൂടുതല്‍ അപകടകരമാണ്. കാരണം ഇത് ഒരു ഭാഷ മാത്രം ശ്രേഷ്ഠമാണെന്നും മറ്റുഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കണമെന്നുമുള്ള ചിന്താഗതിയാണ്" -ജസ്റ്റിസുമാരായ എന്‍. കൃപാകരണ്‍, എം. ദുരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

മധുര ലോക്സഭാംഗം സു. വെങ്കിടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. നിവേദനങ്ങളും പരാതികളും നല്‍കുന്നത് ഏത് ഭാഷയിലാണോ അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്റ് പരീക്ഷാ കേന്ദ്രങ്ങള്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടേശന്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇംഗ്ലീഷിലുള്ള ഈ കത്തിന് ഹിന്ദിയിലാണ് മറുപടി നല്‍കിയത്. ഇതിനെതിരെയാണ് വെങ്കിടേശന്‍ കോടതിയെ സമീപിച്ചത്.

നിവേദനം നല്‍കുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഭരണഘടനയുടെ 350-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. ഇംഗ്ലീഷില്‍ നിവേദനം ലഭിച്ചാല്‍ ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കണം. അതാണ് ഔദ്യോഗിക ഭാഷാ നിയമത്തിന്റെ അന്തസ്സത്ത. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചതിലൂടെത്തന്നെ ഭാഷയുടെ പ്രധാന്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം സു. വെങ്കിടേശന്‍ എം.പിക്ക് ഹിന്ദിയില്‍ മറുപടി നല്‍കിയത് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

Related Articles
Next Story
Share it