കലയുടെ കുളിരിലലിഞ്ഞ്...
ഉദിനൂര്‍: കലോത്സവം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ മിക്ക വേദികള്‍ക്ക് മുന്നിലും നിറഞ്ഞ സദസ്സാണ് അനുഭവപ്പെട്ടത്. മോഹിനിയാട്ടവും നാടോടി നൃത്തവും തിരുവാതിരക്കളിയും സംഘനൃത്തവും പൂരക്കളിയുമെല്ലാം ആസ്വാദകര്‍ക്ക് അവിസ്മരണീയ വിരുന്നായി. ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ ഒന്നാം സ്ഥാനം നേടി ഹാട്രിക് വിജയം കരസ്ഥമാക്കിയ വൈഗയും ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി എന്നിവയില്‍ ഒന്നാമതെത്തിയ ആര്‍. ഗൗരിലക്ഷ്മിയും എച്ച്.എസ്.എസ്. വയലിനില്‍ (പാശ്ചാത്യം)തുടര്‍ച്ചയായി മൂന്നാമതും ഒന്നാം സ്ഥാന നേടിയ നിളയുമെല്ലാം നേട്ടം ആവര്‍ത്തിച്ച് ആസ്വാദകരുടെ കൈയ്യടി നേടി. ജില്ലാ കലോത്സവ വേദിയില്‍ ചരിത്രത്തിലാദ്യമായി ജില്ലയുടെ തനത് കലയായ മംഗലംകളി ഉള്‍പ്പെടെ അഞ്ച് ഗോത്രകലകള്‍ ഇന്ന് അരങ്ങിലെത്തും.
ഇന്ന് 12,000 പേര്‍ക്കുള്ള സദ്യയാണ് കലോത്സവ നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.