ഹൃദയങ്ങളില്‍ ഒളിച്ചു സൂക്ഷിക്കുന്ന ലോകത്തെ വരച്ചുക്കാട്ടി ആയിഷ ഹിബ
കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം കഥാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മുള്ളേരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആയിഷ ഹിബ നാടിന്റെ അഭിമാനമായി. ഹൃദയങ്ങളില്‍ ഒളിച്ചു സൂക്ഷിക്കുന്ന ലോകം എന്നതായിരുന്നു വിഷയം. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതിഷേധത്തിന് അക്ഷരരൂപം നല്‍കിയാണ് ഹിബ സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്.
'സ്ത്രീത്വം എന്നത് എല്ലാത്തിനും വിധേയപ്പെടാനുള്ള സങ്കല്‍പ്പമാണെന്ന് അമ്മ ദൃഢമായി വിശ്വസിക്കുന്നു' എന്നായിരുന്നു ഹിബ കഥക്ക് പേര് നല്‍കിയത്. പേരിന് നീളക്കൂടുതല്‍ ഉണ്ടായിരുന്നുവെങ്കിലും കഥയുടെ സത്ത പേരില്‍ തന്നെ നിറഞ്ഞുനിന്നു. മുള്ളേരിയ ഗാഡിഗുഡ്ഡെയിലെ മുഹമ്മദ് ഷെരീഫിന്റെയും ഫാത്തിമയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. ആദ്യമായാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അറബി അധ്യാപകന്‍ മുഹമ്മദിന്റെ പ്രോത്സാഹനമാണ് പ്രചോദനമായത്. വായനയും എഴുത്തും നന്നേ ഇഷ്ടപ്പെടുന്ന ഹിബയുടെ മികവിന് കയ്യടിക്കുകയാണ് നാട്ടുകാര്‍.