ജനങ്ങളെ ഒത്തൊരുമയോടെ ചേര്‍ത്ത് പിടിക്കാന്‍ കലയ്ക്കാവും -മധുപാല്‍

ഉദിനൂര്‍: ജനങ്ങളെ ഐക്യപ്പെടുത്താനും സാഹോദര്യത്തോടെ ചേര്‍ത്ത് പിടിക്കാനും കലയ്ക്ക് സാധിക്കുമെന്ന് സാംസ്‌ക്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും പ്രശസ്ത നടനുമായ കെ. മധുപാല്‍ പറഞ്ഞു.

ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് വായിക്കുകയും അക്ഷരത്തെ സ്‌നേഹിക്കുന്നവരുമാണ് ഉദിനൂറുകാരെന്നും ആ മികവ് സംഘാടനത്തില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ സുവനീറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, ജില്ലാ പൊലീസ് മേധാവി ഡോ. ഡി. ശില്‍പ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനനന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ജില്ലാ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം, കണ്ണൂര്‍ ആര്‍.ഡി.ഡി. സുബൈദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. മനു, അഡ്വ. എസ്.എന്‍ സരിത, ഗീതാ കൃഷ്ണന്‍, സി.ജെ. സജിത്ത്, കെ. ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. സുമേഷ്, കെ. അനില്‍കുമാര്‍, പടന്ന പഞ്ചായത്ത് അംഗങ്ങളായ പി.വി. അനില്‍കുമാര്‍, ടി. വിജയലക്ഷ്മി, ഡി.ഇ.ഒ. വി. ദിനേശ, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.വി. ലീന, വി.വി. ശ്രീജ, പി. നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിനിമാ നടന്‍ പി.പി. കുഞ്ഞികൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ പി. വസുദേവ് എന്നിവര്‍ സുവനീര്‍ ഏറ്റുവാങ്ങി, ഇ.പി. രാജഗോപാലന്‍ സുവനീര്‍ പരിചയപ്പെടുത്തി. അധ്യാപകരുടെ സ്വാഗതഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ലോഗോ തയ്യാറാക്കിയ വിനോദ് കടവത്ത്, സ്വാഗതഗാനരചയിതാവ് കെ.വി. ഷാജു, സംഗീതം നല്‍കിയ സഞ്ജയ് ബാബു എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it