അമ്പലത്തറ: അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല 1347 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി. 1334 പോയിന്റോടെ കാസര്‍കോട് ഉപജില്ല രണ്ടാം സ്ഥാനവും 1221 പോയിന്റോടെ ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്കൂള്‍ തലത്തില്‍ 398 പോയിന്റോടെ ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനവും 255 പോയിന്റോടെ കുട്ടമത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനവും 253 പോയിന്റോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. പ്രവൃത്തി പരിചയമേളയില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും സാമൂഹിക ശാസ്ത്ര മേളയില്‍ കാസര്‍കോട് ഉപജില്ലയും ജേതാക്കളായി. പ്രവൃത്തി പരിചയ മേളയില്‍ സ്കൂള്‍ തലത്തില്‍ ദുര്‍ഗയും സാമൂഹിക ശാസ്ത്രമേളയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളും ജേതാക്കളായി. സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം. എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത മുഖ്യാഥിതിയായി.