ചേംബര്‍ കപ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ ജില്ലാ പൊലീസ് ടീം ജേതാക്കള്‍; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് റണ്ണേര്‍സ് അപ്പ്

കാസര്‍കോട്: പ്രൊഫഷണല്‍ കൂട്ടായ്മകളെ അണിനിരത്തി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ചേംബര്‍ കപ്പ് പ്രീമിയര്‍ ലീഗ്' ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജില്ലാ പൊലീസ് ടീം ജേതാക്കള്‍. കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് റണ്ണേര്‍സ് അപ്പായി.വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 21 റണ്‍സിനാണ് പൊലീസ് ടീം ജേതാക്കളായത്. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി പൊലീസ് ടീമിലെ ഹരിപ്രസാദും മികച്ച ബൗളറായി ലെന്‍സ്‌ഫെഡ് ടീമിലെ നിയാസ് അഹമ്മദും മാന്‍ ഓഫ് ദി സീരിസായി […]

കാസര്‍കോട്: പ്രൊഫഷണല്‍ കൂട്ടായ്മകളെ അണിനിരത്തി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ചേംബര്‍ കപ്പ് പ്രീമിയര്‍ ലീഗ്' ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജില്ലാ പൊലീസ് ടീം ജേതാക്കള്‍. കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് റണ്ണേര്‍സ് അപ്പായി.
വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 21 റണ്‍സിനാണ് പൊലീസ് ടീം ജേതാക്കളായത്. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി പൊലീസ് ടീമിലെ ഹരിപ്രസാദും മികച്ച ബൗളറായി ലെന്‍സ്‌ഫെഡ് ടീമിലെ നിയാസ് അഹമ്മദും മാന്‍ ഓഫ് ദി സീരിസായി പൊലീസ് ടീമിലെ വിനി വേങ്ങേയിലും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ഏതൊരു പ്രദേശത്തിന്റെയും സാമൂഹികവും കായികവുമായ ഉണര്‍വ്വ് ആ നാടിന്റെ പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുമെന്നും എന്‍.എം.സി.സി നടത്തുന്ന അത്തരം ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോ. പ്രസിഡണ്ട് ബി.കെ. ഖാദര്‍ വിശിഷ്ടാതിഥിയായിരുന്നു.
ഇന്ത്യന്‍ ഡെഫ് ടീം താരം പി.ആര്‍. മുഹമ്മദ് സുഹൈല്‍, ഇന്ത്യന്‍ ഭിന്നശേഷി ടീം താരം അലി പാദാര്‍, മുന്‍ രഞ്ജി താരം ചന്ദ്രശേഖര എന്നിവരെ ആദരിച്ചു.
എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ ബുള്ളറ്റിന്‍ പ്രകാശനം മാനേജിംഗ് കമ്മിറ്റിയംഗം കെ.എസ്. അന്‍വര്‍ സാദത്ത് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് കൈമാറി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ മുഹമ്മദ് റയീസ്, ജോ. കണ്‍വീനര്‍ ഫറൂഖ് കാസ്മി, ട്രഷറര്‍ ജലീല്‍ മുഹമ്മദ് കക്കണ്ടം, ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ ശിഹാബലി സല്‍മാന്‍ സംസാരിച്ചു. എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ പ്രസാദ് എം.എന്‍. സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ ഗൗതം ഭക്ത നന്ദിയും പറഞ്ഞു.
ഐ.എം.എ, പൊലീസ് ടീം, പ്രസ്‌ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്, ലെന്‍സ്‌ഫെഡ്, എന്‍.എം.സി.സി കണ്ണൂര്‍ യൂത്ത്, എന്‍.എം.സി.സി കാസര്‍കോട് എന്നിങ്ങനെ പൊതുരംഗത്തെ എട്ട് കൂട്ടായ്മകളാണ് രണ്ട് ഗ്രൂപ്പുകളിലായി ഏറെ വാശിയോടെ ഏറ്റുമുട്ടിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ അജയ്യരായാണ് പൊലീസ് ടീമും മര്‍ച്ചന്റ്‌സ് യൂത്ത് വിംഗും ഫൈനലിലെത്തിയത്.
പ്രൊഫഷണല്‍ തിരക്കിനിടയിലും വീറോടെ ഗ്രൗണ്ടിലിറങ്ങിയ ഡോക്ടര്‍മാരും പൊലീസും മാധ്യമ പ്രവര്‍ത്തകരും എഞ്ചിനീയര്‍മാരും വ്യാപാരികളും കളിക്കളത്തിലും തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് വിളിച്ചോതുന്നതായിരുന്നു ഓരോ പ്രകടനങ്ങളും.
നല്ലൊരു ക്രിക്കറ്റ് താരം കൂടിയായ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന കുട്ടിക്കാലത്തെ ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവെച്ചത് കാണികള്‍ കയ്യടിയോടെയാണ് ശ്രവിച്ചത്. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് കുറച്ച് സമയം ബാറ്റ് ചെയ്താണ് അദ്ദേഹം മടങ്ങിയത്. എന്‍.എം.സി.സി. കാസര്‍കോട് ടീമില്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ബധിര ടീമംഗം പി.ആര്‍. മുഹമ്മദ് സുഹൈല്‍ പൊലീസ് മേധാവിക്ക് പന്തെറിഞ്ഞതും ഏറെ കൗതുകമുണര്‍ത്തി.

Related Articles
Next Story
Share it