പുസ്തക പ്രകാശന ചടങ്ങില്‍ ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ജില്ലാ ജഡ്ജി
2004ല്‍, ജില്ലാ കോടതിയിലെ ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ് സതീഷ് ചന്ദ്രനായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയത് അന്നത്തെ കാസര്‍കോട് ജില്ലാ കലക്ടര്‍ മിന്‍ഹാജ് ആലവും. 18 വര്‍ഷം പിന്നിട്ടു. ഖേദകുറിപ്പുകളുടെ രണ്ടാംപതിപ്പ് ഇറക്കണമെന്ന മോഹം ഉദിച്ചപ്പോഴും ജില്‍ജില്‍ പ്രകാശനത്തിന് നിശ്ചയിച്ചതും ഒരു ജഡ്ജിയെ തന്നെ. ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് ജില്ലാ പൊലീസ് മേധാവിയേയും.സാധാരണയായി സാഹിത്യ, സാംസ്‌കാരിക പ്രമുഖരോ, ജനപ്രതിനിധികളോ ആണ് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം […]
2004ല്‍, ജില്ലാ കോടതിയിലെ ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ് സതീഷ് ചന്ദ്രനായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയത് അന്നത്തെ കാസര്‍കോട് ജില്ലാ കലക്ടര്‍ മിന്‍ഹാജ് ആലവും. 18 വര്‍ഷം പിന്നിട്ടു. ഖേദകുറിപ്പുകളുടെ രണ്ടാംപതിപ്പ് ഇറക്കണമെന്ന മോഹം ഉദിച്ചപ്പോഴും ജില്‍ജില്‍ പ്രകാശനത്തിന് നിശ്ചയിച്ചതും ഒരു ജഡ്ജിയെ തന്നെ. ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് ജില്ലാ പൊലീസ് മേധാവിയേയും.സാധാരണയായി സാഹിത്യ, സാംസ്‌കാരിക പ്രമുഖരോ, ജനപ്രതിനിധികളോ ആണ് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം […]

2004ല്‍, ജില്ലാ കോടതിയിലെ ആമീനും കവിയുമായ എം.പി ജില്‍ജിലിന്റെ 'ഖേദകുറിപ്പുകള്‍' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ് സതീഷ് ചന്ദ്രനായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയത് അന്നത്തെ കാസര്‍കോട് ജില്ലാ കലക്ടര്‍ മിന്‍ഹാജ് ആലവും. 18 വര്‍ഷം പിന്നിട്ടു. ഖേദകുറിപ്പുകളുടെ രണ്ടാംപതിപ്പ് ഇറക്കണമെന്ന മോഹം ഉദിച്ചപ്പോഴും ജില്‍ജില്‍ പ്രകാശനത്തിന് നിശ്ചയിച്ചതും ഒരു ജഡ്ജിയെ തന്നെ. ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് ജില്ലാ പൊലീസ് മേധാവിയേയും.
സാധാരണയായി സാഹിത്യ, സാംസ്‌കാരിക പ്രമുഖരോ, ജനപ്രതിനിധികളോ ആണ് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കാറുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജില്‍ജില്‍ ജഡ്ജിമാരെ കൊണ്ട് പ്രകാശനം നിര്‍വഹിപ്പിക്കുന്നതിന്റെയും ജില്ലാ അധികാരികളെ കൊണ്ട് ഏറ്റുവാങ്ങിപ്പിക്കുന്നതിന്റെയും രഹസ്യം അദ്ദേഹത്തിന് കോടതിയുമായുള്ള ബന്ധം കൊണ്ട് മാത്രം ആകാനിടയില്ല. കാസര്‍കോട് ഗവ. കോളേജിലെ ലൈബ്രേറിയനും ഏവര്‍ക്കും സുപരിചിതനുമായിരുന്ന മാണിക്കത്തിന്റെ മകനാണ് ജില്‍ജില്‍. അക്ഷര സ്‌നേഹികള്‍ക്ക് മാണിക്കത്തെ മറക്കാനാവില്ല. കാസര്‍കോട് ഗവ. കോളേജില്‍ പഠിച്ചിരുന്ന അക്കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആ പേര് അക്ഷരപ്പെരുമയില്‍ മുക്കിയെടുത്തത് കൂടിയാണ്.
പതിവ് രീതികള്‍ വെടിഞ്ഞ് എന്തുകൊണ്ടാണ് ജില്‍ജില്‍ പുസ്തക പ്രകാശനത്തിന് ന്യായാധിപന്‍മാരേയും പൊലീസ് മേധാവികളേയും തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് എനിക്ക് തോന്നിയ ഒരു മറുപടിയുണ്ട്. ഒരു പുസ്തകം പ്രകാശിതമാകുമ്പോള്‍, അല്ലെങ്കില്‍ ആദ്യമായി പുസ്തകം തുറക്കപ്പെടുമ്പോള്‍ ഒരു ജയിലറ അടക്കപ്പെടുന്നുവെന്നാണ് ആലങ്കാരികമായി പറയാറ്. അക്ഷരങ്ങള്‍ക്ക് അത്രമാത്രം ശക്തിയുണ്ട്. പുസ്തകങ്ങള്‍ സമൂഹത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കുകയും സമൂഹത്തിനെ നല്ലവഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒരു പുസ്തകം ഇറങ്ങുമ്പോള്‍ ഒരു ജയില്‍ അടക്കപ്പെടുകയാണെന്ന് ആലങ്കാരികമായി പറയുന്നത്.
കുറ്റവാളികളെ പിടിച്ചുകെട്ടി അറസ്റ്റ് ചെയ്ത് ന്യായാധിപന്മാര്‍ക്ക് മുന്നില്‍ ഹാജരാക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. ആ കുറ്റവാളികളെ വിചാരണ ചെയ്ത് ജയിലറയിലേക്ക് അയക്കുന്നത് ന്യായാധിപന്മാരും. താനിതാ ഒരു പുസ്തകം ഇറക്കി ന്യായാധിപന്മാരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ജോലി ഭാരം കുറച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയാന്‍ കൂടിയാണ് ജില്‍ജില്‍ അവരെകൊണ്ട് പ്രകാശനം നിര്‍വഹിച്ചതെന്നാണ് എന്റെ പക്ഷം.
അതവിടെ ഇരിക്കട്ടെ. പറഞ്ഞുവന്ന വിഷയം അതല്ല. ഖേദകുറിപ്പുകളുടെ രണ്ടാം പതിപ്പ് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഫീസില്‍ വെച്ച് നല്ലൊരു സദസ്സിന് മുന്നില്‍ പ്രകാശനം നിര്‍വഹിച്ചത് ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാര്‍ സി. ആണ്. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്ലാരേയും ഏറെ ആകര്‍ഷിക്കുകയും ചെയ്തു. ജില്‍ജിലുമായുള്ള സൗഹൃദത്തെ കുറിച്ച് ജില്ലാ ജഡ്ജി പറഞ്ഞ വാക്കുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 1980 കാലം. കൃഷ്ണകുമാര്‍ സി. അന്ന് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടില്‍ വാങ്ങുന്ന പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ കൗതുകം ജനിപ്പിച്ച ഒരു സ്റ്റോറി അദ്ദേഹം വായിക്കാനിടയായി. കാസര്‍കോട് ഗവ. കോളേജിലെ ലൈബ്രേറിയനായ മാണിക്കത്തിന്റെ മക്കളുടെ കൗതുകകരമായ പേരുകളെ കുറിച്ചുള്ള റൈറ്റപ്പായിരുന്നു അത്. കാലങ്ങള്‍ കഴിഞ്ഞിട്ടും ആ പേരുകള്‍ കൗതുകമായി തന്നെ ശശികുമാറിന്റെ മനസ്സില്‍ മായാതെ നിന്നു.
പഠനകാലത്ത് റാങ്കുകളുടെ തോഴനായിരുന്നു കൃഷ്ണകുമാര്‍. അദ്ദേഹം നിയമബിരുദം പൂര്‍ത്തിയാക്കി അഭിഭാഷകനാവുകയും 1998ല്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫായി കാസര്‍കോട്ട് നിയമിതനാവുകയും ചെയ്തു. അന്ന് തന്നെ സ്വീകരിക്കാന്‍ നിന്നവരില്‍ കോടതി ജീവനക്കാരനായ നീണ്ടുമെലിഞ്ഞ ഒരുു യുവാവുമുണ്ട്. എല്ലാവരേയും പരിചയപ്പെടുന്നതിനിടയില്‍ യുവാവിനോട് പേര് തിരക്കി. 'ജില്‍ജില്‍'.
താന്‍ പണ്ട് പത്രത്തില്‍ വായിച്ച റൈറ്റപ്പിലെ പേര്. അച്ഛന്റെ പേരെന്താണ്? 'മാണിക്കം'. സഹോദരങ്ങളുടെ പേര്? ജില്‍ജില്‍ സഹോദരങ്ങളുടെ പേര് പറഞ്ഞു. ഓരോ പേര് കേള്‍ക്കുമ്പോഴും പ്രിന്‍സിപ്പല്‍ മുന്‍സിഫ് പുഞ്ചിരിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് ഒരു പത്രത്തില്‍ താന്‍ വായിച്ച കൗതുകകരമായ റൈറ്റപ്പിലെ കഥാപാത്രങ്ങള്‍.
അന്ന് തുടങ്ങിയതാണ് ജില്‍ജിലുമായുള്ള ബന്ധം. തന്റെ കീഴിലെ ഒരു ജീവനക്കാരനായി മാത്രമല്ല, സുഹൃത്തായി കൂടിയാണ് അന്ന് മുതല്‍ കൃഷ്ണകുമാര്‍ സി., ജില്‍ജിലിനെ കണ്ടത്. കാല്‍ നൂറ്റാണ്ട് പിന്നിട്ടു. ഇപ്പോഴും ജില്‍ജിലും കുടുംബവുമായും തിരിച്ചും നല്ല സൗഹൃദബന്ധം. 2022 ഫെബ്രുവരിയിലാണ് കൃഷ്ണകുമാര്‍ സി. ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജിയായി കാസര്‍കോട്ടെത്തുന്നത്. അദ്ദേഹം യോഗയിലും സംഗീതത്തിലുമെല്ലാം വലിയ തല്‍പരനാണ്. ഭാര്യ വിനീതയും ജഡ്ജിയാണ്.
'മനുഷ്യപറ്റുള്ള കവിയാണ് ജില്‍ജിലെന്നും അത് ഇത്രയും കാലം നീണ്ട സൗഹൃദ ബന്ധത്തിലൂടെ താന്‍ തിരിച്ചറിഞ്ഞതാണെന്നും' പുസ്തക പ്രകാശനം നിര്‍വഹിച്ച് ജില്ലാ ജഡ്ജി പറയുമ്പോള്‍ ജില്‍ജിലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. രണ്ടു കുടുംബങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകള്‍ കൂടി വിശദീകരിച്ച് ജില്ലാ ജഡ്ജി തന്റെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ മാധുര്യം നുണഞ്ഞ അനുഭവമായിരുന്നു സദസ്സിന്.
പുസ്തകം ഏറ്റുവാങ്ങി ജില്ലാ പൊലീസ് മേധാവി നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. പുസ്തകങ്ങളോട് തനിക്കുള്ള താല്‍പര്യങ്ങളെ കുറിച്ചുപറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ഓരോ യാത്രയിലും തനിക്ക് കൂട്ട് പുസ്തകങ്ങളാണെന്നും വിമാനത്താവളങ്ങളിലെ കാത്തിരിപ്പിന്റെ വിരസത അകറ്റുന്നത് പുസ്തകങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഭാരത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഥമ ക്യാപ്റ്റനായിരുന്ന ലാറാ അമര്‍നാഥിന്റെയും മകന്‍ മൊഹീന്ദര്‍ അമര്‍നാഥിന്റെയും വിജയക്കഥ പറഞ്ഞും മാണിക്കത്തെയും മകന്‍ ജില്‍ജിലിനേയും അവരോട് ഉപമിച്ചുമാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസാരിച്ചത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ജില്‍ജില്‍ മാജിക്കുകളെ കുറിച്ചാണ് സ്വാഗത പ്രാസംഗികനായ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സംസാരിച്ചത്. ജനാധിപത്യത്തിന്റെ നെടും തൂണുകളായ ജനപ്രതിനിധി, നീതി ന്യായ വ്യവസ്ഥ, പൊലീസ്, പത്രം എന്നി മേഖലകളിലെ പ്രതിനിധികളെ ഒന്നിച്ചിരുത്തികൊണ്ടുള്ള ഈ ചടങ്ങ് ഏറെ ശ്രദ്ധേയമാണെന്നും ഇത് തന്നെയാണ് സാഹിത്യത്തിന്റെ നേട്ടമെന്നും കേരള കേന്ദ്രസര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോസഫ് കോയിപ്പള്ളി പറഞ്ഞു. മാരകമായ അസുഖത്തിന് അടിമപ്പെട്ട് വലിയ ദുരിതം പേറിയിരുന്ന ജില്‍ജിലിന്റെ ജീവനും മരണത്തിനുമിടയിലെ പോരാട്ട കാലത്തെ കുറിച്ച് കൊല്ല്യ ശ്രീ മൂകാംബിക ക്ഷേത്ര ട്രസ്റ്റി മധുസൂതനന്‍ ആയാര്‍ പറഞ്ഞ വാക്കുകള്‍ സദസിന്റെ കണ്ണുനിറയ്ക്കുന്നതായി. ജില്‍ജിലിന്റെ കവിതയെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. വേദി പോലതന്നെ പ്രൗഢമായിരുന്നു സദസ്സും.
-ടി.എ ഷാഫി