'ജോസഫ് അലക്‌സ്' കളിയാക്കിയതാണെങ്കിലും ഞാനത് ആസ്വദിച്ചു
ഡോ. ഡി. സജിത്ബാബു ഐ.എ.എസ് 2018 ആഗസ്ത് 17നാണ് കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ഒരുമാസവും ഏതാനും ദിവസങ്ങളും മാത്രം ബാക്കി. സജിത്ബാബു ഇനിയും കാസര്‍കോട്ട് തുടരുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. സാധാരണയായി മൂന്ന് വര്‍ഷമാണ് ഒരു ജില്ലയില്‍ കലക്ടര്‍മാരുടെ കാലാവധി. സജിത്ബാബുവിന് കാലാവധി നീട്ടക്കൊടുത്തേക്കുമെന്ന സൂചനകള്‍ ഇല്ലാതില്ല. ഡോ. ഡി. സജിത്ബാബു ജില്ലാ കലക്ടര്‍ പദവിയില്‍ പൂര്‍ത്തിയാക്കുന്ന ഈ മൂന്ന് വര്‍ഷവും സജീവമായ ഇടപെടലുകളും എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും […]
ഡോ. ഡി. സജിത്ബാബു ഐ.എ.എസ് 2018 ആഗസ്ത് 17നാണ് കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ഒരുമാസവും ഏതാനും ദിവസങ്ങളും മാത്രം ബാക്കി. സജിത്ബാബു ഇനിയും കാസര്‍കോട്ട് തുടരുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. സാധാരണയായി മൂന്ന് വര്‍ഷമാണ് ഒരു ജില്ലയില്‍ കലക്ടര്‍മാരുടെ കാലാവധി. സജിത്ബാബുവിന് കാലാവധി നീട്ടക്കൊടുത്തേക്കുമെന്ന സൂചനകള്‍ ഇല്ലാതില്ല. ഡോ. ഡി. സജിത്ബാബു ജില്ലാ കലക്ടര്‍ പദവിയില്‍ പൂര്‍ത്തിയാക്കുന്ന ഈ മൂന്ന് വര്‍ഷവും സജീവമായ ഇടപെടലുകളും എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും […]

ഡോ. ഡി. സജിത്ബാബു ഐ.എ.എസ് 2018 ആഗസ്ത് 17നാണ് കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ഒരുമാസവും ഏതാനും ദിവസങ്ങളും മാത്രം ബാക്കി. സജിത്ബാബു ഇനിയും കാസര്‍കോട്ട് തുടരുമോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. സാധാരണയായി മൂന്ന് വര്‍ഷമാണ് ഒരു ജില്ലയില്‍ കലക്ടര്‍മാരുടെ കാലാവധി. സജിത്ബാബുവിന് കാലാവധി നീട്ടക്കൊടുത്തേക്കുമെന്ന സൂചനകള്‍ ഇല്ലാതില്ല.
ഡോ. ഡി. സജിത്ബാബു ജില്ലാ കലക്ടര്‍ പദവിയില്‍ പൂര്‍ത്തിയാക്കുന്ന ഈ മൂന്ന് വര്‍ഷവും സജീവമായ ഇടപെടലുകളും എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് സംഭവ ബഹുലമായിരുന്നു. ഒരുപാട് പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ നടപ്പിലാക്കിയത്. കുറേ വികസനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ദേശീയ ബഹുമതികള്‍ അടക്കം അദ്ദേഹത്തെ തേടിയെത്തി. പ്രധാനമന്ത്രിയുടെ ബെസ്റ്റ് കലക്ടര്‍ അവാര്‍ഡിനുള്ള അവസാനത്തെ പട്ടികയിലും അദ്ദേഹം ഇടം നേടി. എന്നാല്‍ ഇതിനിടയിലും അത്ര ചെറുതല്ലാത്ത കുറേ വിവാദങ്ങളും വിമര്‍ശനങ്ങളും സജിത്ബാബുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഉത്തരദേശത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം തന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും നടപ്പിലാക്കിയ പദ്ധതികളെയും നേരിടേണ്ടിവന്ന വിമര്‍ശനങ്ങളെയും കുറിച്ചൊക്കെ മനസു തുറന്ന് സംസാരിക്കുകയുണ്ടായി. കാസര്‍കോട് വികസന പാക്കേജില്‍ ഇതുവരെ നടപ്പിലായത് 302ഓളം പദ്ധതികള്‍. ഇതില്‍ 200ലേറെ പദ്ധതികളും നടപ്പിലായത് തന്റെ കാലയളവിലാണെന്ന് സജിത്ബാബു അഭിമാനപൂര്‍വ്വം പറയുന്നു. തനിക്കെതിരായ വിമര്‍ശനങ്ങള്‍ പലതും കാര്യങ്ങള്‍ അറിയാതെ അനവസരത്തില്‍ ആയിരുന്നുവെന്ന ആവലാതിയും അദ്ദേഹം പങ്കുവെക്കാതിരുന്നില്ല.
കാസര്‍കോട്ടേക്ക് നിയമനം ലഭിച്ചപ്പോള്‍ ആദ്യം ഇവിടേക്ക് വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചതിനെയും വന്നില്ലായിരുന്നുവെങ്കില്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളും നഷ്ടപ്പെട്ടുപോവുമായിരുന്നുവെന്ന കാര്യവും അദ്ദേഹം തുറന്നുപറയുകയുണ്ടായി. ജില്ലയുടെ വികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ത്തിട്ടുണ്ടെന്ന അഭിമാനത്തിനിടയിലും കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ഇനിയും കുറേ കാര്യങ്ങള്‍ കൂടി ചെയ്യാമായിരുന്നുവെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്.
കാസര്‍കോട്ടേക്കുള്ള വരവ് പ്രളയം കേരളത്തെ മുക്കിയ നാളുകളില്‍
2018ല്‍ കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്താണ് എനിക്ക് കാസര്‍കോട് കലക്ടറായി നിയമനം ലഭിച്ചത്. അന്ന് പ്രളയം വലിയ പരിക്കേല്‍പ്പിക്കാതെ വിട്ടത് കാസര്‍കോടിനെയും തിരുവനന്തപുരത്തെയുമാണ്. സത്യം പറഞ്ഞാല്‍ ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ നാളെത്തന്നെ കാസര്‍കോട്ട് ചുമതലയേല്‍ക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറപ്പെട്ടു. പ്രളയം മൂലം ട്രെയിന്‍ പട്ടാമ്പി വരെയേ യാത്ര തുടര്‍ന്നുള്ളൂ. അവിടെ നിന്ന് കാറിലാണ് വന്നത്. കേരളം മുഴുവനും പ്രളയമായിരുന്നു. എന്നാല്‍ കാസര്‍കോട്ട് അതത്ര ബാധിച്ചില്ല. ക്യാമ്പില്‍ ചെന്നപ്പോള്‍ അവിടം വിജനമായിരുന്നു. കാസര്‍കോട് നിന്ന് സുമനസുകളുടെ സഹായത്തോടെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഒരുപാട് സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.
വന്നില്ലായിരുന്നുവെങ്കില്‍ നഷ്ടമായേനെ...
കാസര്‍കോട്ട് വന്നില്ലായിരുന്നുവെങ്കില്‍ കുറേ നല്ല മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളും നഷ്ടപ്പെട്ടുപോകുമായിരുന്നു. കാസര്‍കോട്ടേക്ക് വരുമ്പോള്‍ കുറേ വികസന അജണ്ടകള്‍ പ്ലാന്‍ ചെയ്തിരുന്നു. സ്‌നേഹമുള്ള മനുഷ്യരാണ് എല്ലാവരും. പക്ഷെ പരസ്പരം വിശ്വാസമില്ലായ്മ ഇവിടുത്തെ ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ട്. അങ്ങനെയാണ് ജനങ്ങളെ പരസ്പരം യോജിപ്പിക്കുന്നതിന് വേണ്ടി കലയിലും കായിക വിനോദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പൊതു ഇടങ്ങള്‍ സൃഷ്ടിച്ച് പൊതു ജനങ്ങളെ ഒന്നിച്ച് കൂട്ടാനുള്ള വേദികള്‍ ഉണ്ടാക്കാനാണ് ആദ്യം ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി രൂപീകരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തിയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കലാപരിപാടികളും സാംസ്‌കാരിക സദസുകളും ഒരുക്കിയും പൊതു ഇടങ്ങളെ സജീവമാക്കാന്‍ ശ്രമം നടത്തി.
വികസന മുരടിപ്പ് പരിഹരിക്കാനുള്ള അജണ്ടകള്‍ക്ക് ഇതിനിടയില്‍ തുടക്കം കുറിച്ചിരുന്നു. വികസനം എന്നാല്‍ വലിയ കെട്ടിടങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥേഷ്ടം മഴ ലഭിക്കുന്ന പ്രദേശമാണ് കാസര്‍കോട്. എങ്കിലും ജൂണ്‍മാസം വരെ കുടിവെള്ള വിതരണം നടത്തേണ്ടിവരുന്നു. ജല സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പഠിക്കുകയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പല പദ്ധതികളും നടപ്പിലാക്കി. കൂട്ട്, ഉന്നതി, വി ഡിസേര്‍വ്വ്, മധുരം പ്രഭാതം, ബാംബൂ കാപ്പിറ്റല്‍, റീച്ച് ഔട്ട്, ടാലന്റ് ഹണ്ട്, തടയണ പദ്ധതികള്‍, പാണാര്‍ക്കുളം പദ്ധതി, ടെന്നീസ് കോര്‍ട്ട്, പട്ടയമേള, പുല്ലാഞ്ചി, കലക്‌ട്രേറ്റിന് മുന്നില്‍ ഗാന്ധി പ്രതിമ, ബേക്കല്‍ കോട്ട സൗന്ദര്യ വല്‍ക്കരണം, ശരണാലയം, സീറോ വേസ്റ്റ് കാസര്‍കോട്, ടാറ്റാ ആസ്പത്രി, കോളിയടുക്കം സ്റ്റേഡിയം, ഓപ്പണ്‍ ജിം, വുമണ്‍ കോംപ്ലക്‌സ് തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ചിലത് വേഗത്തില്‍ ആവുകയും ചില പദ്ധതികള്‍ക്ക് പ്രതീക്ഷിച്ചത്ര വേഗത ഉണ്ടാവാതെ പോവുകയും ചെയ്തു. അംഗ പരിമിതരുടെ പുനരധിവാസത്തിന് വേണ്ടി നടപ്പിലാക്കിയ വി ഡിസേര്‍വ് പദ്ധതിയെ പലരും എതിര്‍ത്തുവെങ്കിലും ഞാന്‍ പദ്ധതിയുമായി മുന്നോട്ട് പോയി. പദ്ധതി എനിക്ക് ദേശീയ പുരസ്‌കാരം നേടിത്തന്നു.
കലക്ടര്‍ ഫയലുകളുടെ അരികിലേക്ക്
ചുവപ്പ്‌നാടയില്‍ കുടുങ്ങിക്കിടക്കുന്ന ഫയലുകളില്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അദാലത്തുകള്‍ സംഘടിപ്പിച്ചു. ഞാന്‍ വന്നപ്പോള്‍ 59,731 ഫയലുകളാണ് തീര്‍പ്പാവാതെ കെട്ടിക്കിടന്നിരുന്നത്. അവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ ആരംഭിച്ചു. ഓരോ ഫയലുകളും ആരുടെയൊക്കെയോ കണ്ണീരാണ്. ഫയലുകള്‍ കലക്ടറുടെ മുന്നിലേക്ക് ചെല്ലുന്നതിന് പകരം ജില്ലാ കലക്ടര്‍ ഫയലുകള്‍ക്കരികിലേക്ക് ചെല്ലുന്ന നടപടി സ്വീകരിച്ചു. ഇതൊരു വലിയ വിജയമായിരുന്നു. ഈ നടപടിക്കാണ് പ്രധാനമന്ത്രിയുടെ ബെസ്റ്റ് കലക്ടര്‍ അവാര്‍ഡിനുള്ള അവസാന പട്ടികയിലേക്ക് എന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. രാജ്യത്താകെ 12 കലക്ടര്‍മാരാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് മൂര്‍ച്ഛിച്ചതോടെ അവാര്‍ഡ് പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു.
കൂട്ട് മുതല്‍ ഉന്നതി വരെ
നമ്മുടെ ജില്ലയില്‍ 60,000ത്തോളം വിധവകള്‍ ഉണ്ട്. പലരും വിവാഹ സാഹചര്യങ്ങള്‍ ഉള്ളവരാണ്. പക്ഷെ വിവാഹിതരാവാനുള്ള അവസരങ്ങള്‍ ഉണ്ടാവുന്നില്ല. ഇത് പരിഹരിക്കാനാണ് കൂട്ട് പദ്ധതി ആവിഷ്‌കരിച്ചത്. പങ്കാളികളെ കണ്ടെത്തി പദ്ധതി വിജയിപ്പിക്കാന്‍ കഴിഞ്ഞു.
മധുരം പ്രഭാതം പദ്ധതി നന്നായി മുന്നോട്ട് പോയി. നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. കാസര്‍കോട് കഫേ വലിയ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയാണെങ്കിലും വിചാരിച്ചത് പോലെ വന്നില്ല. എങ്കിലും ട്രാക്കിലാണ്. ബാംബൂ കാപ്പിറ്റല്‍ പദ്ധതി ജില്ലക്ക് വലിയ പെരുമ നേടിത്തന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എവിടെയാണ് ഉള്ളതെന്നറിയാന്‍ കാസര്‍കോട് കണക്ട് എന്ന ആപ്പ് കൊണ്ടുവന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഉന്നതി എന്ന പദ്ധതി ജില്ലയിലെ അഭ്യസ്ത വിദ്യര്‍ക്ക് സര്‍ക്കാര്‍ തൊഴിലിലേക്കുള്ള വഴി തുറക്കാനായിരുന്നു. നല്ല പ്രതികരണമാണ് ഇതിനുണ്ടായിരുന്നത്. കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനാണ് ടാലന്റ് ഹണ്ട് തുടങ്ങിയത്. സംസ്ഥാന കായികോത്സവത്തില്‍ നമ്മുടെ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ കുറവാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംസ്ഥാന കായികോത്സവത്തിന് പ്രാപ്തരാക്കുന്നതിനാണ് ഉന്നതി ആരംഭിച്ചത്. കലക്ടറേറ്റ് കെട്ടിടം നവീകരിക്കുന്നതിനുള്ള പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഗാന്ധി പ്രതിമ സ്ഥാപിച്ചു. കലക്‌ട്രേറ്റ് പരിസരം മനോഹരമാക്കി. ബേക്കല്‍ കോട്ടയിലേക്കുള്ള പ്രവേശന കവാടം നന്നാക്കിയതും റെഡ്മൂണ്‍ പാര്‍ക്ക് വികസിപ്പിച്ചതും നേട്ടമായി ഞാന്‍ കാണുന്നുണ്ട്. കുട്ടികളെ ബാലവേല ചെയ്യിപ്പിക്കുന്നതിനെതിരെ ശരണാലയം പദ്ധതി നടപ്പിലാക്കി.
കോവിഡ് പ്രതിരോധത്തില്‍ ജില്ലക്ക് നേട്ടം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല കൈവരിച്ച നേട്ടം ചെറുതല്ല. നമുക്കറിയാം ഇവിടെ സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട്. അതും പറഞ്ഞ് കണ്ണീരൊലിപ്പിച്ച് നില്‍ക്കാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി കഠിനമായ പ്രവര്‍ത്തനം നടത്തി. പുറമെ നിന്ന് വൈറസുമായി വരുന്നവരെ തടയാനുള്ള കര്‍ശന നടപടി സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്. ഇത് പലര്‍ക്കും ചെറിയ ബുദ്ധിമുട്ടുണ്ടാക്കുകയും വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എങ്കിലും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഉക്കിനടുക്കയില്‍ നിര്‍മ്മാണം നടക്കുന്ന മെഡിക്കല്‍ കോളേജിനെ നാല് ദിവസം കൊണ്ട് കോവിഡ് സെന്ററാക്കി മാറ്റി. ടാറ്റാ ആസ്പത്രിയും ഉടന്‍ യാഥാര്‍ത്ഥ്യമാക്കി. കോവിഡില്‍ നിന്ന് ജില്ലയെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. അതില്‍ പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവാം.
പൂഴിക്കടത്ത് സംഘത്തെ തകര്‍ത്ത് തുടക്കം
ഇവിടത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ മണല്‍ക്കടത്തും മണല്‍ മാഫിയയും ആണെന്ന് ആദ്യം തന്നെ മനസിലാക്കിയിരുന്നു. അതനുസരിച്ച് അവരെ അമര്‍ച്ച ചെയ്യാനുള്ള കടുത്ത നടപടികള്‍ ആരംഭിച്ചു. പൂഴിക്കടത്തിന് ഉപയോഗിച്ച 60 ലധികം വള്ളങ്ങള്‍ നേരിട്ട് തകര്‍ത്തു. ഏകദേശം 3-4 കോടി രൂപയുടെ പിഴ സര്‍ക്കാരിലേക്ക് ഈടാക്കാന്‍ കഴിഞ്ഞു. ഇതിനൊക്കെ ഫലമുണ്ടായി. നേരത്തെ പൂഴി കടത്തിയിരുന്ന പലരും അതില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ എന്റെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഫോര്‍മര്‍മാരില്‍ പലരും നേരത്തെ പൂഴി കടത്തിയിരുന്നവരാണ്. അവര്‍ കൃത്യമായി പൂഴിക്കടത്ത് സംഘങ്ങളെ കുറിച്ച് വിവരം തരും. ഞാനത് പൊലീസിന് കൈമാറും. പൊലീസ് കടത്ത് സംഘത്തെ പിടികൂടും.
എഫ്.എം. റേഡിയോ ഉപേക്ഷിച്ചിട്ടില്ല.
എഫ്.എം. റേഡിയോ എന്ന ആശയം അവസാനിപ്പിച്ചിട്ടില്ല. കമ്മ്യൂണിറ്റി റേഡിയോ ആണ് ആദ്യം തുടങ്ങിയത്. തലച്ചേരി സൊസൈറ്റിയുടെ സഹായത്തോടെയായിരുന്നു ഇത്. എഫ്.എം. റേഡിയോക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി വേണം. അതിനുള്ള കാത്തിരിപ്പിലാണ്. കിട്ടിയാലുടന്‍ ആരംഭിക്കും.
ജനപ്രതിനിധികളോട് ഏറ്റുമുട്ടിയിട്ടില്ല.
ജനപ്രതിനിധികള്‍ എല്ലാവരും എന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിട്ടുണ്ട്. ആരുമായും പ്രശ്‌നമുണ്ടായിരുന്നില്ല. ജനപ്രതിനിധികള്‍ തടസം നില്‍ക്കുമെന്ന് തോന്നുന്നുമില്ല. കാരണം ജനങ്ങളുടെ കൂടെ നില്‍ക്കുന്നവരാണല്ലോ ജനപ്രതിനിധികള്‍. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴൊക്കെ ജനപ്രതിനിധികളുമായി ആലോചിക്കാറുണ്ട്. ആരും എതിര് നിന്നിട്ടില്ല. നമ്മള്‍ ജനാധിപത്യാടിസ്ഥാനത്തില്‍ ജീവിക്കുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മുന്നോട്ട് പോവുക. ഭൂരിപക്ഷത്തിന് നന്മ കിട്ടുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. ജനപ്രതിനിധികളുമായി ഞാന്‍ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. ഏതെങ്കിലും ജന പ്രതിനിധികള്‍ക്കെതിരെ എന്റെ ഭാഗത്ത് നിന്ന് വല്ല പത്ര പ്രസ്താവനകളും നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഫേസ്ബുക്കിലും പത്രപ്രസ്താവനയായും പലരും എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടാവാം. മറുപടി നല്‍കി ഏറ്റുമുട്ടലിന് ഞാന്‍ നിന്നിട്ടില്ല. അങ്ങനെ പിന്നോട്ട് പോയത് ഒരു വീക്‌നസല്ല. അന്തരീക്ഷം കലുഷമാക്കേണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്ന സന്ദര്‍ഭങ്ങളുണ്ട്. അതൊന്നും ഒരു കുറവായി തോന്നിയിട്ടുമില്ല.
എന്റെ പ്രവര്‍ത്തനങ്ങളെ ഒരുപാട് പേര്‍ പ്രശംസിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് ലൈവില്‍ നിരവധി പേര്‍ നേരിട്ടെത്തി പ്രശംസകള്‍ കൊണ്ട് മൂടുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുമുണ്ട്. ജോസഫ് അലക്‌സ് എന്ന വിശേഷണം എന്നില്‍ മിക്‌സഡ് ഫീലിംഗ്‌സാണ് ഉണ്ടാക്കിയത്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് മമ്മൂട്ടി നായകനായ ദി കിംഗ് എന്ന മൂവി ഇറങ്ങുന്നത്. ആ സിനിമയെയും അതിലെ നായകനെയും ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. ഒരു ഐ.എ.എസ്. ഓഫീസര്‍ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരുന്ന സിനിമയാണത്. ഐ.എ.എസ്. ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉള്ളില്‍ ഒരു ജോസഫ് അലക്‌സ് ഉണ്ടാവും. ജോസഫ് അലക്‌സ് ചമയേണ്ട എന്നാണ് പലരും വിമര്‍ശിച്ചതെങ്കിലും ആ വിശേഷണത്തില്‍ എനിക്ക് സന്തോഷം തോന്നി. അതിനടുത്ത് എവിടെയോ ഞാന്‍ എത്തിയല്ലോ എന്ന അംഗീകാരമല്ലേ ആ വിശേഷണം എന്ന തോന്നലുണ്ടായി. കളിയാക്കിയതാണെങ്കിലും ഞാന്‍ അത് ആസ്വദിച്ചു. വിമര്‍ശനങ്ങള്‍ നമുക്ക് വളരെ പോസിറ്റീവായി എടുക്കാന്‍ പറ്റും. അതിനകത്ത് സബ് സെന്‍സ് ഉണ്ടെങ്കില്‍. അനാവശ്യ വിമര്‍ശനങ്ങളെ അത്ര തന്നെ അവജ്ഞയോടെ ഞാന്‍ തള്ളിക്കളയുകയും ചെയ്യും. വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കാറില്ല എന്ന് പറയാന്‍ ഞാന്‍ സൂപ്പര്‍ ഹ്യൂമണ്‍ബീയിംഗ് അല്ല.
എനിക്ക് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് വേണമെങ്കില്‍ ഡിപ്ലോമാറ്റിക്കായി, ഞാന്‍ ഒരു അരാഷ്ട്രീയവാദിയാണ് ഞാനെന്ന് കള്ളം പറയാം. പക്ഷെ എന്റെ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് അങ്ങനെ ഒരുത്തരം പറയാന്‍ എനിക്ക് കഴിയില്ല. എനിക്ക് വളരെ സുവ്യക്തമായ രാഷ്ട്രീയം ഉണ്ട്. എന്നാല്‍ എന്റെ ജോലിയില്‍ ഞാന്‍ രാഷ്ട്രീയം കാണിക്കില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. പത്രക്കുറിപ്പുകളിലൂടെയും മറ്റും പലരും രാഷ്ട്രീയ ചായ്‌വ് ഉള്ള ഒരാളായി എന്നെ വിമര്‍ശിക്കുന്നുണ്ടെങ്കിലും രഹസ്യമായി അവരോട് ചോദിച്ചാല്‍ ഒരു നേതാവും ജോലിയില്‍ ഞാന്‍ രാഷ്ട്രീയം കാണിച്ചതായി പറയില്ല. നിങ്ങള്‍ക്ക് ആരോട് വേണമെങ്കിലും ഇക്കാര്യം ചോദിച്ചുനോക്കാവുന്നതാണ്. എല്ലാവര്‍ക്കും രാഷ്ട്രീയം വേണമെന്നും ആരും അരാഷ്ട്രീയവാദികള്‍ ആവരുതെന്നുമാണ് എന്റെ അഭിപ്രായം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ജോലിയെ അത് ബാധിക്കാന്‍ പാടില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഞാന്‍ ചിലപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കൂടായെന്നും ഇല്ല.