ഷംനാടിന്റെ പ്രഭാഷണങ്ങളും കാസര്‍കോട് വാമൊഴികളും

യശഃശരീരനായ ഹമീദലി ഷംനാട് നിയമസഭയിലും പാര്‍ലമെന്റിലും പുറത്തും നടത്തിയ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ പ്രസിദ്ധങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കന്നട മീഡിയത്തില്‍ ആയിരുന്നതിനാലും നാട്ടിലെ ഭാഷയില്‍ കന്നടയുടെ കലര്‍പ്പുണ്ടായിരുന്നതിനാലും മാനകമലയാളം അദ്ദേഹത്തിന് വേണ്ടുവോളം വഴങ്ങിയില്ല. പോകെപ്പോകെ ഒരുവിധം ഒപ്പിച്ച് മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങി എന്ന് മാത്രം. പ്രധാന വേദികളിലെല്ലാം ഇംഗ്ലീഷില്‍ നടത്തിയ പ്രഭാഷണങ്ങള്‍ സി.എച്ചിനെ പോലുള്ള പ്രഗത്ഭര്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു പതിവ്. നാദാപുരത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അസംബ്ലിയിലെ പ്രസംഗങ്ങള്‍ അധികവും ഇംഗ്ലീഷില്‍ തന്നെയായിരുന്നു.പല മഹാരഥന്മാരും ഷംനാട് സാഹിബിന്റെ […]

യശഃശരീരനായ ഹമീദലി ഷംനാട് നിയമസഭയിലും പാര്‍ലമെന്റിലും പുറത്തും നടത്തിയ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ പ്രസിദ്ധങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കന്നട മീഡിയത്തില്‍ ആയിരുന്നതിനാലും നാട്ടിലെ ഭാഷയില്‍ കന്നടയുടെ കലര്‍പ്പുണ്ടായിരുന്നതിനാലും മാനകമലയാളം അദ്ദേഹത്തിന് വേണ്ടുവോളം വഴങ്ങിയില്ല. പോകെപ്പോകെ ഒരുവിധം ഒപ്പിച്ച് മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങി എന്ന് മാത്രം. പ്രധാന വേദികളിലെല്ലാം ഇംഗ്ലീഷില്‍ നടത്തിയ പ്രഭാഷണങ്ങള്‍ സി.എച്ചിനെ പോലുള്ള പ്രഗത്ഭര്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു പതിവ്. നാദാപുരത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അസംബ്ലിയിലെ പ്രസംഗങ്ങള്‍ അധികവും ഇംഗ്ലീഷില്‍ തന്നെയായിരുന്നു.
പല മഹാരഥന്മാരും ഷംനാട് സാഹിബിന്റെ പ്രസംഗങ്ങള്‍ ഭാഷാന്തരീകരണം നടത്തിയെങ്കിലും സി.എച്ചിന്റേതായിരുന്നു അവയില്‍ ഏറ്റവും മികച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് എല്ലായ്‌പ്പോഴും ആ പ്രഭാഷണങ്ങളെ സദസ്യര്‍ എതിരേറ്റത്. തന്നെ ശ്രവിക്കാന്‍ വരുന്നവരോട് സംവദിക്കുക എന്ന ഉദ്ദേശ്യത്തോടെ, ജനങ്ങള്‍ക്ക് മനസ്സിലാകും വിധം മലയാളത്തില്‍ പ്രസംഗിച്ചേക്കാം എന്ന് കരുതി പ്രസംഗം തുടങ്ങിയാല്‍ പോലും സി.എച്ച് പറയും 'ഡോണ്ട് മര്‍ഡര്‍ മലയാളം, സ്വിച്ച് ഓണ്‍ ടു ഇംഗ്ലീഷ്'. അതിന് കാരണമുണ്ട്. ഷംനാടിന്റെ മലയാളം മുഴുവന്‍ കാസര്‍കോടന്‍ വാമൊഴി നിറഞ്ഞതും കന്നട മൊഴികള്‍ കലര്‍ന്നതുമായിരുന്നു. വിയര്‍പ്പ് എന്നതിനെ 'ബെസര്‍പ്പ്' എന്നായിരുന്നു അദ്ദേഹം പറയുക. 'എനിക്ക് വളരെ സന്തോഷമുണ്ട്' എന്നതിന് 'എനിക്ക് ബഹള സന്തോഷമുണ്ട്' എന്നു പറഞ്ഞുപോയിട്ടുണ്ട്. (കന്നഡയില്‍ 'ബഹള' എന്നാല്‍ വളരെ എന്നാണല്ലോ).
ഷംനാട് സാഹിബിന്റെ മലയാള പ്രഭാഷണങ്ങളും സംഭാഷണങ്ങളും യഥാവിധി സൂക്ഷിച്ച് വച്ചിരുന്നുവെങ്കില്‍ ഭാഷാശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ മുതല്‍ക്കൂട്ടായേനേ. മാത്രമല്ല കാസര്‍കോടന്‍ വാമൊഴി ശേഖരത്തിന് വളരെയധികം സംഭാവന ചെയ്യുവാനും സാധിക്കുമായിരുന്നു. എന്റെ ചിന്ത ഈ വഴിക്ക് സഞ്ചരിക്കുന്നത്, ഭാഷാപോഷിണി ഏപ്രില്‍ 30 ലക്കത്തില്‍ ഭാഷാ നിഘണ്ടുമായി ബന്ധപ്പെട്ട ശ്രീ. മാങ്ങാട് രത്‌നാകരന്റെയും അനില്‍ കുരുടത്തിന്റെയും ലേഖനങ്ങള്‍ വായിച്ചതോടെയാണ്.
തനത് കാസര്‍കോടന്‍ സംസാരഭാഷയെക്കുറിച്ച് പറയുമ്പോള്‍, ഷംനാട് സാഹിബിന്റെ ഒരു കഥ പലര്‍ക്കും ഓര്‍മ്മ വന്നേക്കാം. പരന്ന ഒരു ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഒരിക്കല്‍ അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങിയ സമയത്ത്, മൈക്ക് ഓപ്പറേറ്റര്‍, ശബ്ദം ശരിയാക്കാന്‍ വേണ്ടി ആ മൈക്ക് ഒന്ന് പിടിച്ച് അദ്ദേഹത്തിന്റെ മുഖത്തിന് നേരെയാക്കി വച്ചു. ഇത് കണ്ട് ഷംനാട് സാഹിബ് ഓപ്പറേറ്റിനോട് പറഞ്ഞു, 'എളക്ക്, എളക്ക്'. ഭയബഹുമാനാദരവുകളോട് കൂടി അവന്‍ മൈക്ക് നന്നായി ഇളക്കാന്‍ തുടങ്ങി. ഷംനാടിന്റെ ഭാഷ അറിയാവുന്നവര്‍ ചിരിച്ചു വശാവുകയും അല്ലാത്തവര്‍ അമ്പരന്നു പോവുകയും ചെയ്തു.
(എളക്ക് - വിടൂ, മാറി നില്‍ക്കൂ).
പിന്‍കുറി:
ജനങ്ങളുടെ വികാരം മനസ്സിലാക്കുവാനും അവരില്‍ ഒരാളായി മാറുവാനും ഭാഷ ഷംനാടിന് ഒരിക്കലും തടസ്സമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്, രണ്ടാം കേരള നിയമസഭയില്‍ നാദാപുരത്തിന്റെ പ്രതിനിധിയായി അദ്ദേഹം എത്തിയത്. അതിനു മുന്‍പോ ശേഷമോ ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി അല്ലാതെ നാദാപുരത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടില്ല എന്നറിയുമ്പോഴാണ് കാസര്‍കോടന്‍ മലയാളം പറഞ്ഞ് നാദാപുരം നിവാസികളിലൊരാള്‍ ആയി മാറിയ ഹമീദലി ഷംനാടിന്റെ ഔന്നത്യം നമ്മെ അത്ഭുതപ്പെടുത്തുക. ഇ.എം.എസ്, ആര്‍. ശങ്കര്‍, സി.എച്ച് മുഹമ്മദ് കോയ, വി.ആര്‍ കൃഷ്ണയ്യര്‍, സീതി സാഹിബ് എന്നിങ്ങനെ, കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആവര്‍ത്തനങ്ങളുണ്ടാവാത്ത സാമാജികറിരിക്കെ, സഭയില്‍ തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച ഹമീദലി ഷംനാടിനെ, പക്ഷേ ജന്മനാട് എത്രത്തോളം ഗൗനിച്ചു എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it