ശിക്ഷണം ഒരു പരീക്ഷണം

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിക്കുമുന്നില്‍ മാനവരാശി മൊത്തം പകച്ചു നില്‍ക്കുകയാണ്. ലോകം മൊത്തം നാലു കോടിയിലേറെ പേര്‍ രോഗബാധിതരായിക്കഴിഞ്ഞിരിക്കുന്നു. ഈ കണക്കില്‍ നമ്മുടെ രാജ്യവും ഏറെ പിറകിലല്ല. ലോകം മുഴുവന്‍ ജാതിമതരാഷ്ട്ര ഭേദമന്യേ ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ മുഴുകിയിരിക്കുകയാണ്. തന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്ന മനുഷ്യനു മുന്നില്‍ ഒരു മുന്നറിയിപ്പും കൂടാതെ വന്ന ഈ പ്രതിസന്ധി എക്കാലത്തെയും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. കാലങ്ങളായി നമ്മള്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ […]

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിക്കുമുന്നില്‍ മാനവരാശി മൊത്തം പകച്ചു നില്‍ക്കുകയാണ്. ലോകം മൊത്തം നാലു കോടിയിലേറെ പേര്‍ രോഗബാധിതരായിക്കഴിഞ്ഞിരിക്കുന്നു. ഈ കണക്കില്‍ നമ്മുടെ രാജ്യവും ഏറെ പിറകിലല്ല. ലോകം മുഴുവന്‍ ജാതിമതരാഷ്ട്ര ഭേദമന്യേ ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ മുഴുകിയിരിക്കുകയാണ്. തന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്ന മനുഷ്യനു മുന്നില്‍ ഒരു മുന്നറിയിപ്പും കൂടാതെ വന്ന ഈ പ്രതിസന്ധി എക്കാലത്തെയും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. കാലങ്ങളായി നമ്മള്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പഠന രീതിയിലേക്കാണ് കോവിഡ് നമ്മെ എത്തിച്ചിരിക്കുന്നത്. നമുക്ക് ഒട്ടും പരിചിതമല്ലാത്ത, ഒരുപക്ഷേ നമ്മള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യത ഇല്ലായിരുന്ന പഠനരീതി അംഗീകരിക്കാന്‍ ഇന്ന് നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്നത്. വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം എന്ന ആശയം തികച്ചും സ്വാഗതാര്‍ഹമാണ്.

ഓണ്‍ലൈന്‍ അഭ്യാസം
ഒരു വിദ്യാഭ്യാസവും ഇല്ലാതെ നിലച്ചു നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് പാഠപുസ്തകവുമായി കുട്ടികളെ ബന്ധിപ്പിക്കാന്‍ ഉള്ള ഏറ്റവും നല്ല അഭ്യാസമാണ് ഓണ്‍ലൈന്‍ ക്ലാസ് എന്ന് കാസര്‍കോട് നെല്ലിക്കട്ട പി.ബി.എം.ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ അടിവരയിടുന്നു. പുതുതായി സ്‌കൂളില്‍ ചേരാന്‍ പോകുന്ന കുട്ടികള്‍, ചേര്‍ന്ന കുട്ടികള്‍ ഇവര്‍ക്കെല്ലാം പാഠപുസ്തകവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ വാക്കുകള്‍, അറിവുകള്‍, ആശയങ്ങള്‍ എന്നിവയെല്ലാം മറന്നു പോവുകയും പഠനത്തിലൂടെ നേടിയെടുത്തതെല്ലാം നഷ്ടമാവുകയും ചെയ്യും. ഇത്തരം ഒരു അവസ്ഥയില്‍നിന്ന് ഒരു കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ഒരു അവസ്ഥ ഉണ്ടാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിവരിക്കുന്നു. എന്നാലും രാജ്യത്തെ 130 കോടിയോളം വരുന്ന ജനസംഖ്യയില്‍ 88 കോടിയും ദാരിദ്രരേഖയ്ക്ക് താഴെയുള്ളപ്പോള്‍ ഓണ്‍ലൈന്‍ പഠനം പോലുള്ള ചെലവേറിയ പഠനസൗകര്യം എത്രത്തോളം വിജയകരം ആകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പഠനം ടെലിവിഷന്‍ മുഖേന ആയാലും സ്മാര്‍ട്ട്‌ഫോണുകള്‍ മുഖേന ആയാലും അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന ജനതയ്ക്ക് ഇത് രണ്ടും താങ്ങാനാവുന്നതിലും അപ്പുറമാണ്.

സമ്മര്‍ദം താങ്ങാനാകാതെ
സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ക്ലാസുകള്‍ കഴിഞ്ഞ് ചെറിയ ജോലികള്‍ ചെയ്തിരുന്ന കുട്ടികളുമുണ്ടായിരുന്നുവെന്നും അവര്‍ക്ക് ക്ലാസ്സുകളില്‍ വന്നു പഠിക്കുന്നത് മാത്രമായിരുന്നു വിദ്യാഭ്യാസത്തിനുള്ള ഏക വഴിയെന്നും കുമ്പഡാജ ജെ.ജി.ബി.എസ്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പി.ബാലകൃഷ്ണ പറയുന്നു. അവരില്‍ പലരുടെയും വീടുകളില്‍ ടെലിവിഷനോ സ്മാര്‍ട്ട്‌ഫോണുകളോ ഉണ്ടാവണമെന്നില്ല. ഓണ്‍ലൈന്‍ ക്ലാസ്് നഷ്ടപ്പെടുന്ന അവസ്ഥ അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ലോകം ഇന്ന് സ്വീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് എന്ന പ്രതിവിധി പൂര്‍ണമായും വിജയം കൈവരിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അധ്യാപകരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലാത്തതും സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകള്‍ ഇല്ലാത്തതും കുട്ടികളെ മാനസികമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പഠന മേഖലയില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ അധ്യാപകര്‍ക്ക് നേരിട്ട് വീക്ഷിക്കാന്‍ കഴിയാത്തിടത്തോളം ആ ചുമതല രക്ഷിതാക്കള്‍ ഏറ്റെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇന്റര്‍നെറ്റും മറ്റു നവമാധ്യമങ്ങളുടെയും വലയില്‍ അകപ്പെട്ട് കുട്ടികളുടെ ഭാവി അപകടത്തിലയേക്കാം.

കണ്ണ് വേണം കുട്ടികളില്‍
പഠനാവശ്യത്തിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും നല്‍കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തില്‍ ചെന്നെത്താന്‍ സാധ്യത ഏറെയാണ്. ഇതുപോലുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് ഏറ്റവും നല്ലതാണെന്നാണ് അഞ്ചാം തരത്തില്‍ പഠിക്കുന്ന അശ്വിനിയുടെ മാതാവ് ശ്രീചിത്ര അഭിപ്രായപ്പെടുന്നത്. സ്‌കൂളില്‍ പോവാതെ, ഒന്നും പഠിക്കാതെ ഇരുന്നാല്‍ കുട്ടികള്‍ക്ക് എല്ലാം മറന്നു പോകാന്‍ സാധ്യതയുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി കുട്ടികളെ പഠിപ്പിക്കുക എന്നത് നല്ല തീരുമാനം തന്നെയാണെന്നും അവര്‍ പറയുന്നു. പക്ഷേ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന് പൂര്‍ണമായും പറയാന്‍ പറ്റുന്നില്ല. കാരണം വീട്ടില്‍ രക്ഷിതാക്കള്‍ക്ക് വേറെയും ജോലികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ഒരുപക്ഷേ സമയം കിട്ടണമെന്നില്ല. സ്‌കൂളുകള്‍ ഉണ്ടായിരുന്നപ്പോള്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകരുടെ കണ്ണെത്താത്ത ഇടത്താണ് കുട്ടികള്‍. കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ മാത്രമേ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പറ്റുന്നുള്ളൂ. ഒരു അധ്യാപികയോ അധ്യാപകനോ ക്ലാസില്‍ ചെന്ന് തന്റെ കുട്ടികളുടെ ക്ഷേമം അന്വേഷിക്കുകയും കുട്ടിയുടെ വിചാര വികാരം മനസ്സിലാക്കുകയും ആ കുട്ടിയുടെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തു പഠിപ്പിക്കുന്നതാണ് പഠനം. കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ മനസ്സിലാക്കി പഠിപ്പിക്കുമ്പോള്‍ പഠനം പൂര്‍ണരൂപത്തില്‍ വിജയകരമാകുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അത് പൂര്‍ണമായും സാധ്യമാകുന്നില്ല എന്നാണ് ഹൈസ്‌കൂള്‍ അധ്യാപികയായ പിംഗലാക്ഷിയുടെ അഭിപ്രായം.

കുഞ്ഞുങ്ങളും ഓണ്‍ലൈന്‍ ക്ലാസും
മുതിര്‍ന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുപാട് ഉപയോഗപ്രദമാണെങ്കിലും ചെറിയ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കുക എന്നത് അധ്യാപകര്‍ക്ക് വളരെ സമ്മര്‍ദ്ദം ഏറിയ ഒരു കാര്യമാണ്. എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന കാര്‍ത്ത്യായനിയുടെ അഭിപ്രായത്തില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചാഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് അനിവാര്യം തന്നെയാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ക്ക് പ്രത്യേകിച്ച് എല്‍.കെ.ജി. ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ പറയുന്നു. കുട്ടികള്‍ക്ക്, പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് എല്ലാം കണ്ടും കേട്ടും നേരിട്ട് മുഖാമുഖം കണ്ടു പറഞ്ഞുകൊടുത്താല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കാനാവുകയുളളൂ. ഇത് എനിക്ക് പഠിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കാനുള്ള പ്രായം കൊച്ചുകുട്ടികള്‍ക്ക് ആയിട്ടില്ല. അധ്യാപിക ആരാണ്, എന്താണ് എന്ന് പോലും തിരിച്ചറിയാനുള്ള പ്രായം അവര്‍ക്ക് ആയിട്ടില്ല. കൊച്ചു കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കളിക്കാനും സിനിമ കാണാനുമുള്ള ഒരു വസ്തുവാണ്. അതിലൂടെ പഠനം നടത്താം എന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സമയമെടുത്തേക്കാം. എങ്കിലും ഇങ്ങനെയൊരു അവസ്ഥയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും ഇല്ലായിരുന്നെങ്കില്‍ ഈ കുട്ടികള്‍ക്ക് ഒരിക്കലും പഠനവുമായുള്ള ബന്ധം ഉണ്ടാക്കാന്‍ മറ്റൊരു രീതിയില്‍ നമുക്ക് സാധ്യമാകുമായിരുന്നില്ല.

അറിയണം ആരോഗ്യ പ്രശ്‌നങ്ങളും
ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ഒരുപാട് ഉപയോഗപ്രദമാണെങ്കിലും ഫോണുകളുടെ ഉപയോഗം ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി കൊണ്ടിരിക്കുകയാണ്. പഠനം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആയതിനുശേഷം രാവിലെ മുതല്‍ മൂന്നും നാലും മണിക്കൂറുകളാണ് ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഫോണുകള്‍ക്ക് മുമ്പില്‍ കുത്തിയിരിക്കുന്നതെന്ന് ബ്രണ്ണന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ അനഘ പറയുന്നു. ക്ലാസുകള്‍ കഴിഞ്ഞാലും അസൈന്‍മെന്റ് ചെയ്യാന്‍ വേണ്ടി വീണ്ടും ഫോണുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അമിതമായി ഫോണുകളുടെ ഉപയോഗം അസ്വസ്ഥത ഉണ്ടാക്കുന്നതായും അവള്‍ പരാതിപ്പെടുന്നു. ഒരുവശത്ത് കുട്ടികള്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മറുവശത്ത് സാമ്പത്തിക പ്രശ്‌നം കാരണം സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ആവാത്തതിനാല്‍ സ്വഹത്യ എന്ന ചിന്തയിലേക്ക് വരെ കുട്ടികള്‍ എത്തി നില്‍ക്കുന്നതും കാണാതിരിക്കാനാകില്ല. ഈ ഒറ്റ കാരണത്താല്‍ മാത്രം കേരളത്തില്‍ തന്നെ നിരവധി കുട്ടികള്‍ ജീവനൊടുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരത്തില്‍ ഒന്നാമത് നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ വിദ്യാഭ്യാസ നിലവാരം കുറവുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയം തന്നെയാണ്. മുന്നറിയിപ്പില്ലാതെ വന്ന ഈ മഹാമാരിയോട് പൊരുതി ആരോഗ്യവും വിദ്യാസമ്പന്നമായ ഒരു സമൂഹവും നിലനിര്‍ത്തുക എന്നത് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. എങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ ഏത് പ്രതിസന്ധിയും മറികടക്കാം എന്നത് പ്രപഞ്ച സത്യമാണ്.

Related Articles
Next Story
Share it