ആഭ്യന്തര കലാപം: ഐ.എന്‍.എല്ലില്‍ അച്ചടക്ക നടപടി; സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ പുറത്താക്കി, നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ആഭ്യന്തര കലാപമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചതിനാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അച്ചടക്ക ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഐ.എന്‍.എല്‍ പ്രതിനിധിയായി പി.എസ്.സി അംഗമായ അബ്ദുസ്സമദിന് പദവി ലഭിക്കുന്നതിനായി 40 ലക്ഷം രൂപ കോഴ വാങ്ങാന്‍ പാര്‍ട്ടി […]

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ആഭ്യന്തര കലാപമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചതിനാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.

പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അച്ചടക്ക ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഐ.എന്‍.എല്‍ പ്രതിനിധിയായി പി.എസ്.സി അംഗമായ അബ്ദുസ്സമദിന് പദവി ലഭിക്കുന്നതിനായി 40 ലക്ഷം രൂപ കോഴ വാങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്നായിരുന്നു ഇ.സി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ആരോപണം ഉന്നയിച്ച ഇ.സി മുഹമ്മദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു.

അതേസമയം ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. താന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യങ്ങളുണ്ടെങ്കില്‍ ചോദിച്ചാല്‍ പ്രതികരിക്കാം. ഇത്തരം ആരോപണങ്ങളെക്കുറിച്ച് അറിയില്ല- അഹമ്മദ് ദേവര്‍ കോവില്‍ പ്രതികരിച്ചു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ. സി മുഹമ്മദ് പ്രതികരിച്ചു.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലിയും പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഏകപക്ഷീയമായി പേഴ്സണള്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നുവെന്നാണ് ആരോപണം. കുറച്ചുകാലമായി പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇറിക്കൂറും തമ്മില്‍ ചേരിപ്പോര് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്ക് മന്ത്രി പദവി ലഭിച്ചതോടെ ഇത് രൂക്ഷമാകുകയായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷത്താണ്. കാസിം ഇടപെട്ടാണ് കോഴിക്കോട് സൗത്ത് സീറ്റ് ദേവര്‍ കോവിലിന് ലഭിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഈ ബന്ധം ഉപയോഗിച്ച് മന്ത്രിയുടെ കാര്യങ്ങള്‍ മുഴുവന്‍ കാസിം ഇരിക്കൂര്‍ സ്വന്തം നിലയില്‍ തീരുമാനിക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വാഗ്വാദമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുയര്‍ത്താനായി യോഗത്തിലേക്ക് പോയ വഹാബ് പക്ഷം പക്ഷെ പ്രതിരോധത്തിലായി. വഹാബിനെതിരെ കാസിം ഇരിക്കൂര്‍ പക്ഷക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്.

ഐ.എന്‍.എല്ലില്‍ ലയിച്ച എന്‍.എസ്.സി പ്രവര്‍ത്തകരെ നേതൃത്വം അവഗണിക്കുന്നുവെന്ന പരാതിയുമുണ്ട്. ഐ.എന്‍.എല്‍ വിട്ട് പഴയ എന്‍.എസ്.സി പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.എന്‍.എല്‍ നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച തിരുവനന്തപുത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടിയുടെ സൗദിയിലെ പോഷക സംഘടനയായ ഐ.എം.സി.സിയുടെ നാഷനല്‍ പ്രസിഡന്റ് എ.എം അബ്ദുല്ലക്കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് ഇക്കാര്യമറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ചു എ.എം അബ്ദുള്ളക്കുട്ടി നേരത്തെ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ഈ പ്രതികരണം സംസ്ഥാന പ്രസിഡന്റിന് എതിരെ ആണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തോട് അഖിലേന്ത്യാ പ്രസിഡന്റ് വിശദീകരണം ചോദിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള തെറ്റായ ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ അതിനെതിരെയായിരുന്നു തന്റെ ഫേസ്ബുക് പ്രതികരണമെന്നും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ചിലര്‍ തന്റെ പ്രതികരണത്തെ തെറ്റായ രീതിയില്‍ വളച്ചൊടിച്ചു അഖിലേന്ത്യ നേതൃത്വത്തെ അറിയിക്കുകയായിരുന്നെന്നുമാണ് എ.എം അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

Related Articles
Next Story
Share it