ദിലീപ് കുമാര്‍ അഭിനയത്തികവിന്റെ പൂര്‍ണ്ണത

ദിലീപ് കുമാര്‍ എന്ന അനശ്വര നടന്‍ വേര്‍പിരിഞ്ഞ വാര്‍ത്ത കേട്ടതും എന്നില്‍ ആദ്യം നിറഞ്ഞത് അദ്ദേഹം കാസര്‍കോട്ട് വന്ന ഓര്‍മ്മകളാണ്. 1973ല്‍ മിലന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദിലീപ് കുമാര്‍ രണ്ട് ദിവസം കാസര്‍കോട്ട് തങ്ങിയ ദിവസങ്ങള്‍ മറക്കാനാവില്ല. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ദിലീപ്കുമാര്‍ സിയാറത്ത് കഴിഞ്ഞ് വികാര വിവശനായി നില്‍ക്കുന്ന രംഗം ഇപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം മാലിക്ദിനാര്‍ പള്ളി പരിസരങ്ങള്‍ നടന്നു കാണുകയും ചെയ്തു. പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം ദിലീപിന്റെ വെളുത്ത […]

ദിലീപ് കുമാര്‍ എന്ന അനശ്വര നടന്‍ വേര്‍പിരിഞ്ഞ വാര്‍ത്ത കേട്ടതും എന്നില്‍ ആദ്യം നിറഞ്ഞത് അദ്ദേഹം കാസര്‍കോട്ട് വന്ന ഓര്‍മ്മകളാണ്. 1973ല്‍ മിലന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദിലീപ് കുമാര്‍ രണ്ട് ദിവസം കാസര്‍കോട്ട് തങ്ങിയ ദിവസങ്ങള്‍ മറക്കാനാവില്ല. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ദിലീപ്കുമാര്‍ സിയാറത്ത് കഴിഞ്ഞ് വികാര വിവശനായി നില്‍ക്കുന്ന രംഗം ഇപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം മാലിക്ദിനാര്‍ പള്ളി പരിസരങ്ങള്‍ നടന്നു കാണുകയും ചെയ്തു. പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം ദിലീപിന്റെ വെളുത്ത വിലകൂടിയ ഷൂസ് ഞാന്‍ കയ്യിലെടുത്ത് അദ്ദേഹം കാല്‍ കുത്താന്‍ നേരെ മുന്നിലിട്ടുകൊടുത്തു. ദിലീപ് കാരുണ്യപൂര്‍വ്വം നോക്കി. തൊട്ടടുത്തുണ്ടായിരുന്ന കെ.എസ്. അബ്ദുല്ലയും സംഭവത്തില്‍ എന്തോ പന്തികേട് സംഭവിച്ചതായി മനസിലാക്കി. നമ്മള്‍ മറ്റൊരാളുടെ ചെരിപ്പ് കയ്യില്‍ കൊടുക്കരുതെന്നും അദ്ദേഹത്തിന് അത് വേദന ഉണ്ടാക്കിയെന്നും കെ.എസ്. പറഞ്ഞു.
മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ നിന്ന് കാര്‍ അതിവേഗം തളങ്കര ഹാജറാബാഗിലേക്ക് കുതിച്ചു. 25 ലധികം കാറുകള്‍. ഉച്ചഭക്ഷണം 'ഹാജറാ ബാഗി'ലായിരുന്നു.
ഇക്കാലം പോലെ മൊബൈല്‍ ക്യാമറ ഇല്ലാത്ത പ്രാചീന യുഗം. മംഗലാപുരത്തു നിന്നും മറ്റുമായി നാലോളം ക്യാമറകള്‍ കാസര്‍കോട്ടു നിന്നും ഷെട്ടീസ് സ്റ്റുഡിയോ... വിനയന്‍ ആണെന്ന് ഓര്‍മ്മ.
ഫോട്ടോഗ്രാഫറുടെ ഓരോ നിര്‍ദ്ദേശങ്ങളും പാലിച്ച് ചാഞ്ഞും ചരിഞ്ഞും ദിലീപ് പോസ് ചെയ്തു. കെ.എസിന്റെ പേരക്കുട്ടികളോ മറ്റോ ആയിരിക്കാം. പെണ്‍കുട്ടിയെ മുതുകിലിരുത്തി 'ആന' കളിക്കാനും ആ വിശ്രുത നടന്‍ തയ്യാറായി. ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടി.
മിലന്‍ തിയേറ്റര്‍ ഉദ്ഘാടനം 'അറകളില്‍' ഞാന്‍ എഴുതിയിരുന്നു. പക്ഷെ; ദിലീപ് കുമാര്‍ എന്ന വിശ്വ വിശ്രുത നടന്‍ ജുലായ് 7ന് ബി.ബി.സി. ന്യൂസ് ബുള്ളറ്റിനില്‍ തെളിഞ്ഞു കണ്ടപ്പോള്‍ കണ്ണും കരളും ഉരുകി. എന്തായിരുന്നു ഒരു നടന്‍ എന്ന വേഷത്തില്‍ അദ്ദേഹത്തിന്റെ യോഗ്യതകള്‍.
1970-കളില്‍ മംഗലാപുരത്ത് നിന്നും ബോംബോ യാത്രകളിലുമാണ് ദിലീപ് കുമാറിന്റെ ചലച്ചിത്രങ്ങള്‍ ഞാന്‍ ആസ്വദിച്ചിട്ടുള്ളത്. ഇന്നും എന്റെ സിഡി ശേഖരത്തില്‍ 'മുഗളേ ആസം' ഭദ്രമായുണ്ട്. ദിലീപ്കുമാറിന്റെ എല്ലാ ചിത്രങ്ങളും ഒന്നിലധികം നമ്മള്‍ കണ്ടു പഠിച്ചു. ഒരു നാടക നടന്‍ എന്ന നിലയില്‍ അഭിനയം ഒരു 'സ്വഭാവ'മാണെന്നും അത് സംവിധായകനോടുള്ള അനുസരണ ആണെന്നും പ്രേക്ഷകനോടുള്ള രസാത്മക പങ്കുവെയ്ക്കലാണെന്നും നമ്മള്‍ അനുഭവിച്ചറിഞ്ഞു.
കാസര്‍കോട് സന്ദര്‍ശന വേളയില്‍ ദിലീപ് കുമാറിനോട് അഭിനയം സംബന്ധിച്ച് ഒരു 'ഇന്റര്‍വ്യൂ' ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
എന്താണ് ദിലീപ് കുമാറിലെ നടന്റെ സവിശേഷതകള്‍? പ്രേക്ഷകനെ ആ നടന്‍ പീനചിത്തനാക്കി. അവരില്‍ ഓരോ നിമിഷവും ആനന്ദാനുഭൂതി ഉളവാക്കി. ദിലീപ് കുമാര്‍ തിരക്കഥ പൂര്‍ണ്ണമായി ചോദിച്ചു വാങ്ങുമായിരുന്നു. (ഒരു വലിയ പ്രത്യേകത; നമ്മുടെ ചില കമേഴ്ഷ്യല്‍ അഭിനയതൊഴിലാളികള്‍ ചെയ്യും മട്ടില്‍ ഒരു ദിവസം മൂന്നും അതിലധികവും സിനിമകളില്‍ വേഷം കെട്ടാന്‍ ദിലീപ് കുമാര്‍ സന്നദ്ധനായിരുന്നില്ല)
സിനിമയുടെ പ്രമേയം മനസിരുത്തി പഠിക്കും. ഇതര കഥാപാത്രങ്ങളോടുള്ള പെരുമാറ്റ രീതി മനസിലാക്കും. മുഗള്‍ എ ആസ യില്‍ ഒരു ഗാന ചിത്രീകരണത്തിന് ദിലീപ്കുമാര്‍ ചിലപ്പോള്‍ ഒന്നും അതിലധികവും ഷോട്ടുകള്‍ക്ക് പ്രത്യേകം തയ്യാറായി. തന്റെ കഥാപാത്രത്തിന്റെ നില്‍പ്പ്, നടത്തം, ഇരിത്തങ്ങള്‍, വിവിധ അംഗങ്ങളിലൂടെ വിക്ഷേപങ്ങള്‍, മറ്റു ചേഷ്ടകള്‍, ഡയലോഗിന്റെ ഏറ്റക്കുറച്ചിലുകള്‍, ഓരോ ഡയലോഗിനും ഡബ്ബിംഗ് സ്റ്റുഡിയോയില്‍ പ്രക്ഷേപണം ചെയ്യേണ്ട വിവിധ ടോണുകള്‍.
നമ്മുടെ സിനിമാനടന്മാരില്‍ നസുദ്ദീന്‍ഷാ, തിലകന്‍ എന്നിവര്‍ മാത്രമേ ഈ ക്ലാസിക് രീതികള്‍ സ്വീകരിച്ചിരുന്നുള്ളൂ. 'കിരീട'ത്തിലെ കോണ്‍സ്റ്റബിള്‍, 'സ്ഫടിക'ത്തിലെ അധ്യാപകന്‍ വേഷങ്ങള്‍ക്ക് ബന്ധപ്പെട്ട പലരേയും പഠിച്ചറിഞ്ഞാണ് തിലകള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്.
സ്‌ക്രിപ്റ്റിലെ വാചകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരവസ്ഥ ആ ഭാവത്തിന്റെ ദൃശ്യരൂപം തിരക്കഥാകൃത്ത് നല്‍കിയതിനപ്പുറം എന്തൊക്കെ വിശദീകരണങ്ങള്‍ എന്നൊക്കെ ദിലീപ് കുമാര്‍ പഠിച്ചറിയും. തെരുവിലാണെങ്കിലും കൊട്ടാരത്തിലാണെങ്കിലും ആ മഹാ നടന്‍ തന്റെ മാതൃകകള്‍ തേടി അലയും.
യഥാര്‍ത്ഥത്തില്‍ സ്വയം സമര്‍പ്പണമായിരുന്നു ദിലീപ് കുമാറിന്റെ വൈശിഷ്ട്യങ്ങള്‍. കാസര്‍കോട് പരിപാടി കഴിഞ്ഞ് അന്ന് മംഗലാപുരം വിമാനത്താവളത്തില്‍ ഒരു മുംബൈ പ്രൊഫസര്‍ ചാര്‍ട്ടു ചെയ്ത പ്രത്യേക വിമാനത്തിലാണ് ദിലീപ് കുമാര്‍ യാത്രയായത്. കാസര്‍കോട് നിന്ന് പുറപ്പെടുമ്പോള്‍ ഓറഞ്ചിന്റെ അല്ലികള്‍ പോലെ മൃദുലമായ ആ കരങ്ങള്‍ തന്റെ തോളത്ത് പതിഞ്ഞു. 98വയസുകഴിഞ്ഞു. നാനാ വിധ രോഗങ്ങള്‍.. സഫലമീ.. യാത്ര... എന്നുപറയാവുന്ന ആ മഹദ് ജീവിതത്തിനു മുന്നില്‍ ഞാന്‍ കൈകള്‍ കൂപ്പുന്നു. 'അസ്സലാമു അലൈക്കും..യാ.. ഹബീബ്..'

Related Articles
Next Story
Share it