ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വെ തുടങ്ങുന്നു; 30ന് മുട്ടത്തൊടി വില്ലേജില്‍ ഡ്രോണ്‍ സര്‍വെ

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡിജിറ്റല്‍ സര്‍വെയ്ക്ക് ജനുവരി 30ന് തുടക്കമാവും. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ഡ്രോണ്‍ സര്‍വെ നടത്തിയാണ് ജില്ലയിലെ ഡിജിറ്റല്‍ ഭൂസര്‍വെ ഉദ്ഘാടനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ ഭൂസര്‍വെ നടത്താനാണ് തീരുമാനം. ഡ്രോണ്‍ സര്‍വെയ്‌ക്കൊപ്പം കോര്‍സ്, ഇ.ടി.എസ് സംവിധാനങ്ങളും സര്‍വെ നടത്താന്‍ ഉപയോഗിക്കും. ഡിജിറ്റല്‍ സര്‍വെ റെക്കോര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സര്‍വ്വെ നമ്പര്‍, സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ […]

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡിജിറ്റല്‍ സര്‍വെയ്ക്ക് ജനുവരി 30ന് തുടക്കമാവും. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ഡ്രോണ്‍ സര്‍വെ നടത്തിയാണ് ജില്ലയിലെ ഡിജിറ്റല്‍ ഭൂസര്‍വെ ഉദ്ഘാടനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ ഭൂസര്‍വെ നടത്താനാണ് തീരുമാനം. ഡ്രോണ്‍ സര്‍വെയ്‌ക്കൊപ്പം കോര്‍സ്, ഇ.ടി.എസ് സംവിധാനങ്ങളും സര്‍വെ നടത്താന്‍ ഉപയോഗിക്കും.

ഡിജിറ്റല്‍ സര്‍വെ റെക്കോര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സര്‍വ്വെ നമ്പര്‍, സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ എന്നിവ ഇല്ലാതാകും. പകരം ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസൃതമായി പുതിയ നമ്പര്‍ നല്‍കും. പദ്ധതി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ റവന്യൂ രജിസ്‌ട്രേഷന്‍, പഞ്ചായത്ത് ബാങ്ക് തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാകും.

ഡിജിറ്റല്‍ ഭൂസര്‍വെ നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഡ്രോണ്‍ സര്‍വെയ്ക്കനുയോജ്യമായി ക്രമീക്കരിക്കേണ്ടതുണ്ട്. അതിനായി ഭൂവുടമകള്‍ സ്വന്തം ഭൂമിയുടെ അതിര്‍ത്തികളില്‍ ഡ്രോണ്‍ സര്‍വെക്കുതകുന്ന രീതിയില്‍ അടയാളങ്ങള്‍ സ്ഥാപിക്കണം. ആകാശകാഴ്ചക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകളും മറ്റും നീക്കി ഭൂഅതിരുകള്‍ വ്യക്തമാക്കി വെക്കണം. അതിര്‍ത്തികള്‍ ഡ്രോണില്‍ നിന്നും കാണാവുന്ന തരത്തില്‍ നിലവിലുള്ള മതില്‍ ഇഷ്ടിക സിമന്റ് കട്ട, ചെങ്കല്ല് എന്നവയില്‍ ഏതിലെങ്കിലും നിശ്ചിത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തണം.

ഡിജിറ്റല്‍ ഭൂസര്‍വെയുടെ നേട്ടങ്ങള്‍ നിരവധിയാണ്. ഭൂമി സംബന്ധമായ വിവരങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂസര്‍വെയിലൂടെ കൃത്യതയും സുതാര്യതയും ഉറപ്പുവരും. റവന്യൂ രജിസ്‌ട്രേഷന്‍, സര്‍വെ എന്നീ വകുപ്പുകളിലെ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങളുടെ നാളതീകരണം എളുപ്പത്തില്‍ സാധ്യമാവും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാക്കാന്‍ കഴിയും. ഒരു ആവശ്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാവും. അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ കൊടുത്ത് ഓണ്‍ലൈനിലൂടെ തന്നെ പരിഹരിക്കാനാവും. വസ്തുക്കളുടെ പോക്ക് വരവ് വളരെ വേഗത്തിലാവും. വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിക്കും. സര്‍ക്കാര്‍ ഉപഭോക്തൃ വിശ്വാസ്യത കൂടുതല്‍ ദൃഢപ്പെടും. ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ എളുപ്പത്തില്‍ നടക്കും.

Related Articles
Next Story
Share it