ഡിജിറ്റല്‍ വിദ്യാഭ്യാസം: രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്തെല്ലാം?

വിദ്യാഭ്യാസ സംവിധാനത്തിന്റെ സുപ്രധാന കണ്ണിയാണ് രക്ഷിതാക്കള്‍. മൂന്ന് ചക്രങ്ങളുള്ള ഒരു വാഹനം പോലെയാണ് ഈ സംവിധാനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരാണ് അവ. ഇതില്‍ ഏതെങ്കിലും ഒരു ചക്രം വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വാഹനത്തിന്റെ മുന്നോട്ടുള്ള ഗമനം അസാധ്യമാണ്. കോവിഡ് സകല മേഖലകളിലും പലവിധ പ്രയാസങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ട് കുതിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖല പുതിയ പഠന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി അതിനെ അതിജീവിച്ചു മുന്നോട്ട് പോവുകയാണ്. പഠനം ഓണ്‍ലൈനായി മാറിയപ്പോള്‍ വീട് വിദ്യാലയമായി മാറി. രക്ഷിതാക്കള്‍ക്ക് അധ്യാപകരുടെ റോളിലേക്ക് […]

വിദ്യാഭ്യാസ സംവിധാനത്തിന്റെ സുപ്രധാന കണ്ണിയാണ് രക്ഷിതാക്കള്‍. മൂന്ന് ചക്രങ്ങളുള്ള ഒരു വാഹനം പോലെയാണ് ഈ സംവിധാനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരാണ് അവ. ഇതില്‍ ഏതെങ്കിലും ഒരു ചക്രം വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വാഹനത്തിന്റെ മുന്നോട്ടുള്ള ഗമനം അസാധ്യമാണ്. കോവിഡ് സകല മേഖലകളിലും പലവിധ പ്രയാസങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ട് കുതിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖല പുതിയ പഠന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി അതിനെ അതിജീവിച്ചു മുന്നോട്ട് പോവുകയാണ്. പഠനം ഓണ്‍ലൈനായി മാറിയപ്പോള്‍ വീട് വിദ്യാലയമായി മാറി. രക്ഷിതാക്കള്‍ക്ക് അധ്യാപകരുടെ റോളിലേക്ക് ഉയരേണ്ടി വന്നു. അതുകാരണം അവരുടെ ഉത്തരവാദിത്തം കൂടിവന്നു. പക്ഷെ പലപ്പോഴും പല രക്ഷിതാക്കള്‍ക്കും ഈ പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ പല കാരണങ്ങള്‍ കൊണ്ട് സാധിക്കാതെ പോകുന്നു. രക്ഷിതാക്കളുടെ ഇടപെടലും പിന്തുണയും വളരെ ആവശ്യമായി വരുന്ന കാലമാണിത്.
വീട് വിദ്യാലയമായി മാറിയ ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ സാഹചര്യത്തില്‍ ലഭിച്ചിരുന്ന അനുഭവങ്ങള്‍ കുറച്ചെങ്കിലും നമ്മുടെ വീടുകളില്‍ ലഭ്യമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കുട്ടികളില്‍ വലിയ നിരാശയും ഒറ്റപ്പെടലും അനുഭവപ്പെടും. അത് അവരെ മാനസികമായി തളര്‍ത്തും. രക്ഷിതാക്കള്‍ എന്ന നിലക്ക് എങ്ങനെയെല്ലാം നമുക്ക് നമ്മുടെ വീടുകളില്‍ വീട്ടിലെ സാഹചര്യം അനുസരിച്ചു സ്‌കൂള്‍ അനുഭവം ലഭ്യമാക്കാം എന്ന് നാം ചിന്തിക്കണം. അതിനായി വീട്ടില്‍ നമുക്ക് ഒരു പഠന മുറി ഒരുക്കികൊടുക്കാം. സ്‌കൂളില്‍ നടന്നിരുന്ന വായന, എഴുത്ത് മറ്റു സര്‍ഗാത്മക രചനകള്‍ എന്നിവ വീടുകളില്‍ നടക്കട്ടെ. അതുപോലെ സ്‌കൂളുകളില്‍ അവര്‍ ചെയ്തിരുന്ന കൊച്ചു കൊച്ചു ജോലികള്‍, വീടുകളില്‍ അവര്‍ക്ക് നല്‍കാം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ചെടികളുടെ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിലൂടെ അവര്‍ക്ക് മാനസികമായൊരു ഉല്ലാസം കിട്ടും. അതുപോലെ വീട്ടിലെ അംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കല്‍, കൊച്ചു കളികളില്‍ ഏര്‍പ്പെടല്‍, എത്ര തിരക്കുണ്ടെങ്കിലും അവരുമായി സംസാരിക്കുക, പഴയ സ്‌കൂള്‍ അനുഭവങ്ങളും മറ്റും പങ്കുവെക്കുവാനുള്ള സമയം കണ്ടെത്തല്‍ തുടങ്ങിയവ കുട്ടികളുടെ ആത്മവിശ്വാസവും ഒറ്റപ്പെടലും വലിയ തോതില്‍ കുറക്കാന്‍ കഴിയും.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു കുട്ടികള്‍ക്ക് ആവശ്യം വേണ്ട പഠന പിന്തുണ നല്‍കുന്നതില്‍ വലിയ ഉത്തരവാദിത്വം തന്നെയാണ് രക്ഷിതാക്കള്‍ക്കുള്ളത്. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഉള്ള തിരക്കുകള്‍, അമ്മമാര്‍ക്ക് വീട്ടു ജോലിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ അതിനിടയിലാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു കുട്ടികളുമായി ഇടപെടാനും അവര്‍ക്കു വേണ്ട പഠന പിന്തുണ നല്‍കാനും സമയം കണ്ടെത്തേണ്ടി വരുന്നത്. അല്‍പം പ്രയാസമാണെങ്കിലും അങ്ങനെ ചെയ്യാതെ വേറെ വഴിയില്ല. സ്‌കൂള്‍ പഴയ പോലെ ഇനി എന്ന് തുറക്കുമെന്ന് ഈ ഘട്ടത്തില്‍ കൃത്യമായി പറയാനും കഴിയില്ല. അതുവരെ നമ്മുടെ മുമ്പിലുള്ള പോംവഴി ഈ ഡിജിറ്റല്‍ വിദ്യാഭ്യാസം മാത്രമാണ്. അതിനാല്‍ കുട്ടികള്‍ക്ക് വേണ്ടി സമയം കണ്ടെത്തിയേ മതിയാവു. കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്തല്‍, മറ്റു വീട്ടിലെ കുട്ടികളുടെ കഴിവുമായി താരതമ്യം ചെയ്ത് അവനെ കുറ്റം പറയല്‍, പരിഹസിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. അത് അവരുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കുകയും അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യും. അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പഠന ആവശ്യത്തിന് മാത്രം എന്ന് രക്ഷിതാക്കള്‍ എന്ന നിലക്ക് നാം ഉറപ്പു വരുത്തേണ്ടതുണ്ട്. അതുപോലെ കുട്ടികളെക്കൊണ്ട് തന്നെ പ്രവര്‍ത്തങ്ങള്‍ ചെയ്യിപ്പിക്കാന്‍ നാം ശ്രമിക്കണം. അവര്‍ ചെയ്യേണ്ടത് നാം ചെയ്താല്‍ അവര്‍ക്കു അത് ദോഷമാണ് വരുത്തി വെക്കുക. നമുക്ക് അവരെ സഹായിക്കാന്‍ ശ്രമിക്കാം അല്ലാതെ പാഠഭാഗത്തിന്റെ ഭാഗമായി അവര്‍ എഴുതുകയും വരക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ നമ്മള്‍ ചെയ്തു കൊടുക്കരുത്.
കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ അത് എത്ര തന്നെ ചെറുതാണെങ്കിലും അതിനെ അകമഴിഞ്ഞ് അഭിനന്ദിക്കാന്‍ നാം വൈമനസ്യം കാണിക്കരുത്. അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനം, അഭിനന്ദനങ്ങള്‍ എന്നിവ അവര്‍ക്ക് വലിയ സന്തോഷം നല്‍കും. അത് അവരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

Related Articles
Next Story
Share it