വോട്ടിംഗ് യന്ത്രം മോഷ്ടിച്ചതല്ല; പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചത്; കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം; റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

ദിസ്പൂര്‍: കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അസമിലെ എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്‌ണേന്ദു പാല്‍. വോട്ടിംഗ് യന്ത്രം മോഷ്ടിച്ചതല്ലെന്നും പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചതാണെന്നുമാണ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം. യന്ത്രം മോഷ്ടിച്ചുവെന്ന ആരോപണം ശരിയല്ലെന്നും തന്റെ ഡ്രൈവര്‍ പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ ഡ്രൈവര്‍ കാറിലുണ്ടായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ അയാളോട് സഹായത്തിന് അപേക്ഷിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയാണെന്ന് തെളിയിക്കുന്ന ഒരു പാസ് എന്റെ കാറില്‍ പതിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞിരുന്നോ ഇല്ലയോ എന്നത് എനിക്ക് […]

ദിസ്പൂര്‍: കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അസമിലെ എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്‌ണേന്ദു പാല്‍. വോട്ടിംഗ് യന്ത്രം മോഷ്ടിച്ചതല്ലെന്നും പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചതാണെന്നുമാണ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം. യന്ത്രം മോഷ്ടിച്ചുവെന്ന ആരോപണം ശരിയല്ലെന്നും തന്റെ ഡ്രൈവര്‍ പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ ഡ്രൈവര്‍ കാറിലുണ്ടായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ അയാളോട് സഹായത്തിന് അപേക്ഷിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയാണെന്ന് തെളിയിക്കുന്ന ഒരു പാസ് എന്റെ കാറില്‍ പതിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞിരുന്നോ ഇല്ലയോ എന്നത് എനിക്ക് തീര്‍ച്ചയില്ല. ഞങ്ങള്‍ അവരെ സഹായിക്കുക മാത്രമായിരുന്നു'-കൃഷ്‌ണേന്ദു പാല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാര്‍കണ്ടി എം.എല്‍.എ കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് വോട്ടിംഗ് മെഷീന്‍ കണ്ടെടുത്തത്. ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. അസം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അദാനു ഭുയാനാണ് സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. പാതാര്‍കണ്ടിയില്‍ സ്ഥിതിഗതികള്‍ കടുത്തതാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വോട്ടെടുപ്പ് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടത്തുക.

കൃഷ്‌ണേന്ദു പാലിന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് വാഹനം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃഷ്‌ണേന്ദു പാല്‍ ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ AS10B0022 രജിസ്‌ട്രേഷന്‍ ബൊലേറോ കാറിന്റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തില്‍ നിന്ന് ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും പോളിംഗ് ഓഫിസറോ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇ.സി അധികൃതര്‍ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related Articles
Next Story
Share it