മൂന്ന് പൊലീസ് ടീമുകള്‍ അന്വേഷിച്ചിട്ടും വിദ്യയെ കണ്ടെത്താനായില്ല; രണ്ട് ഫോണുകളും സ്വിച്ച് ഓഫ്

കാസര്‍കോട്: കൊച്ചി-അഗളി-നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജരേഖാകേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ. വിദ്യയെ കണ്ടെത്താന്‍ മൂന്ന് പൊലീസ് ടീമുകള്‍ തിരച്ചില്‍ നടത്തിയിട്ടും സാധിക്കുന്നില്ല. കാസര്‍കോട്-എറണാകുളം-പാലക്കാട് ജില്ലകളിലടക്കം പൊലീസ് അന്വേഷണം തുടരുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിന് വേഗത പോരെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുകയാണ്. വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നും രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നുമാണ് പൊലീസ് പറയുന്നത്. ഇതുകാരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം സാധിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വിദ്യയുടെ ഫോണ്‍ രേഖകള്‍ […]

കാസര്‍കോട്: കൊച്ചി-അഗളി-നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജരേഖാകേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ. വിദ്യയെ കണ്ടെത്താന്‍ മൂന്ന് പൊലീസ് ടീമുകള്‍ തിരച്ചില്‍ നടത്തിയിട്ടും സാധിക്കുന്നില്ല. കാസര്‍കോട്-എറണാകുളം-പാലക്കാട് ജില്ലകളിലടക്കം പൊലീസ് അന്വേഷണം തുടരുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിന് വേഗത പോരെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുകയാണ്. വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നും രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നുമാണ് പൊലീസ് പറയുന്നത്. ഇതുകാരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം സാധിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വിദ്യയുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി ഗവ. കോളേജില്‍ അധ്യാപികയായി ജോലി ചെയ്തുവെന്നതിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. ഇതേ വ്യാജരേഖ ഉപയോഗിച്ച് കരിന്തളം ഗവ. കോളേജില്‍ അധ്യാപികയായി ജോലി ചെയ്തതിന് വിദ്യക്കെതിരെ നീലേശ്വരം പൊലീസും കേസെടുക്കുകയായിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജരേഖയുണ്ടാക്കിയതിനാണ് വിദ്യക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തത്. വിദ്യ ഒളിവിലാണെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രതി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിദ്യയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. അവിവാഹിതയാണെന്നും കേസ് തന്റെ ഭാവിയെ ബാധിക്കുമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. വിദ്യ നേരിട്ടാണോ അതോ അഭിഭാഷകര്‍ മുഖാന്തിരമാണോ ജാമ്യാപേക്ഷ നല്‍കിയതെന്ന് വ്യക്തമല്ല. കേസെടുത്ത് ദിവസങ്ങളായിട്ടും വിദ്യയെ അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഭരണകക്ഷിയില്‍പെട്ടവര്‍ വിദ്യയെ സംരക്ഷിക്കുന്നുവെന്നും അറസ്റ്റില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനിടെ വ്യാജരേഖാക്കേസില്‍ അന്വേഷണസംഘം അട്ടപ്പാടി ഗവ. കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. അഗളി സി.ഐ കോളേജില്‍ നേരിട്ട് എത്തിയാണ് മൊഴിയെടുത്തത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അഗളി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
അഗളി ഡി.വൈ.എസ്.പി ഇതിനായി ഇന്ന് എറണാകുളത്തെത്തും. വിദ്യയുടെ കാലടി സര്‍വകലാശാലയിലെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം പരിശോധിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചേക്കും.

Related Articles
Next Story
Share it