പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എല്‍.എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാറിന്റെ വിമര്‍ശനം. വിഷയം ഇടതുമുന്നണിയില്‍ ഉന്നയിക്കുമെന്നും ചിറ്റയം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറയുന്നു. തന്റെ മണ്ഡലമായ അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.