പ്രാണവായു നിഷേധിക്കുന്നത് കിരാത നടപടി -കാന്തപുരം

ദുബായ്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരന്മാരുടെ നിലവിളി കണ്ണീരണിയിക്കുന്നതാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം മഹാമാരിയുടെ ഏറ്റവും കഠിനമായ നാളുകളിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രീയവും മതവും ജാതിയും ചര്‍ച്ചക്കെടുക്കേണ്ട സന്ദര്‍ഭമല്ല ഇത്. പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്ന മനുഷ്യന്റെ വേദനയാണ് രാജ്യമിപ്പോള്‍ ചര്‍ച്ചചെയ്യേണ്ടത്. ഓക്‌സിജന്‍ ടാങ്കറുകള്‍ തടയുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു എന്ന വാര്‍ത്ത ഭീകരമാണ്. ഓക്‌സിജന്‍ ശേഖരമുള്ള സംസ്ഥാനങ്ങള്‍ ഓക്‌സിജന് വേണ്ടി കേഴുന്ന മറ്റു […]

ദുബായ്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരന്മാരുടെ നിലവിളി കണ്ണീരണിയിക്കുന്നതാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യം മഹാമാരിയുടെ ഏറ്റവും കഠിനമായ നാളുകളിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രീയവും മതവും ജാതിയും ചര്‍ച്ചക്കെടുക്കേണ്ട സന്ദര്‍ഭമല്ല ഇത്. പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്ന മനുഷ്യന്റെ വേദനയാണ് രാജ്യമിപ്പോള്‍ ചര്‍ച്ചചെയ്യേണ്ടത്. ഓക്‌സിജന്‍ ടാങ്കറുകള്‍ തടയുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു എന്ന വാര്‍ത്ത ഭീകരമാണ്. ഓക്‌സിജന്‍ ശേഖരമുള്ള സംസ്ഥാനങ്ങള്‍ ഓക്‌സിജന് വേണ്ടി കേഴുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് അതു നല്‍കാന്‍ സന്നദ്ധമാകുന്നതിനേക്കാള്‍ മാനവികമായ ഒരു ധര്‍മ്മവും ഇപ്പോള്‍ നിര്‍വഹിക്കാനില്ല. രാഷ്ട്രീയവും ഭരണപരവുമായ അഭിപ്രായഭേദങ്ങളുടെ പേരില്‍ ഒരു സമൂഹത്തിന് പ്രാണവായു നിഷേധിക്കുന്നതിനേക്കാള്‍ കിരാതമായി മറ്റൊന്നുമില്ല.
മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നു. അതേസമയം, കോവിഡ് പ്രതിരോധത്തിന് ദേശീയടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലും കൃത്യമായ ഏകോപനം വേണം.
വിഭവങ്ങള്‍ യഥേഷ്ടം ഉള്ള സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും മറ്റു സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കണം. കോവിഡ് വാക്‌സിന്‍ വില്‍പന നടത്തി കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമായി ഈ കാലം ദുരുപയോഗപ്പെടുത്തരുത്. തുടര്‍ച്ചയായ ദുരിതങ്ങളില്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാറുകള്‍ വാക്‌സിന് വില കൊടുക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണ്.
സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനത്തെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും കാന്തപുരം പറഞ്ഞു.

Related Articles
Next Story
Share it