ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ രാജിക്കാര്യത്തില്‍ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുന്നത് പരിഗണിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തിയതായി ബൊമ്മൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുവരും. വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പാര്‍ട്ടി ദേശീയനേതൃത്വം ശേഖരിച്ചിട്ടുണ്ട്. തുടര്‍ നടപടികളില്‍ ദേശീയനേതൃത്വം ഇടപെടില്ല. അന്വേഷണത്തിന്റെ ഗതിയില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന രഹിതമായ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്നും ബൊമ്മൈ വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ കരാറുകളിലും ബിജെപി നേതാക്കള്‍ 40 ശതമാനം കമ്മീഷന് വാങ്ങുന്നുവെന്ന് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനെ ബൊമ്മൈ രൂക്ഷമായി വിമര്‍ശിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കുംഭകോണങ്ങളും നടന്നിട്ടുണ്ട്. ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ), അര്‍ക്കാവതി ഡിനോട്ടിഫിക്കേഷന്‍ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്. ദുര്‍ഭരണം മൂലമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നതെന്നും ബൊമ്മൈ കുറ്റപ്പെടുത്തി.