കാസര്‍കോട്: ബംഗളൂരു റോയിട്ടേര്‍സില്‍ സബ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്ന മാധ്യമ പ്രവര്‍ത്തകയും അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിദ്യാനഗര്‍ ചാല റോഡിലെ നാരായണന്‍ പേരിയയുടെ മകളുമായ ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഈ മാസം 22നാണ് ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ മരണം ഒരു ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് ബംഗളൂരു പൊലീസ്. ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ആത്മഹത്യാ കുറിപ്പ് ശ്രുതിയുടെ മുറില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കാര്യത്തിന്റെ ഗൗരവവും പ്രധാന്യവും കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി കേസന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിവേദനം നല്‍കിയത്. പ്രശസ്ത സാഹിത്യകാരനും കാസര്‍കോട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലം മുതല്‍ തന്നെ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന അധ്യാപക നേതാവുമായ നാരായണന്‍ പേരിയയുടെ മകളാണ് മരണപ്പെട്ട ശ്രുതി. ശ്രുതി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി റോയിറ്റേര്‍സിന്റെ ബംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലുവര്‍ഷം മുമ്പ് വിവാഹിതയായ ശ്രുതി ഭര്‍ത്താവിനൊപ്പം ബംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരവേയാണ് മരണപ്പെട്ടത്. ശ്രുതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടുവരുന്നത്. മരണപ്പെടുന്നതിന് മുമ്പ് ശ്രുതി എഴുതിയതെന്ന് കരുതുന്ന എഴുത്തുകളില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ ശ്രുതിയുടെ സഹോദരന്‍ നിശാന്തിന്റെ കുടുംബത്തിനും അതു സംബന്ധിച്ച സൂചനകള്‍ ഉണ്ട്.
പീഡനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇടപെട്ട് ഒരുഘട്ടത്തില്‍ വിവാഹമോചനത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നുവെങ്കിലും ഭര്‍ത്താവും അവരുടെ കുടുംബക്കാരും അനുരജ്ഞനത്തിന് സമീപിക്കുകയും ഇതിന്‍മേല്‍ ഇനി ഒരു പ്രശ്‌നമുണ്ടാകില്ലെന്ന ഉറപ്പിന്‍മേല്‍ ഒന്നിച്ചു താമസിച്ചു വരികയുമായിരുന്നു. ശ്രുതിയുടെ മരണത്തില്‍ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തേണ്ടതും കുറ്റവാളിയെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കേണ്ടതുമാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.