കല്‍പറ്റ: വയനാടിന്റെ ഉള്ള് തകര്‍ത്ത് ഭീകര താണ്ഡവമാടിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മരണം 276 ആയി സ്ഥിരീകരിച്ചു. 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. കനത്ത രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. എങ്കിലും മൂന്നാം ദിനവും സൈന്യം രക്ഷാദൗത്യം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം പുറപ്പെട്ടു കഴിഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്. രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്.
ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തിരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്.
75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴയും മഴവെള്ളപ്പാച്ചിലും കനത്ത വെല്ലവിളിയാകുന്നു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താല്‍കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് ഇപ്പോള്‍ മറുകരയിലേക്ക് മാറുകയാണ്.
ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മ്മാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെ.സി.ബി അടക്കമുള്ള വാഹനങ്ങള്‍ക്ക് ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.