ആദ്യകഥ പിറന്ന കലാലയത്തില്‍ കുട്ടികള്‍ക്ക് മുമ്പില്‍ കഥയുടെ രസച്ചരടഴിക്കാന്‍ അംബികാസുതന്‍ മാങ്ങാട് എത്തി

കാസര്‍കോട്: ആദ്യകഥ പിറവിയെടുത്ത കലാലയത്തില്‍, അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ കുട്ടികളോട് തന്റെ ആദ്യകഥയുടെ കഥ പറയാന്‍ പ്രിയ കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട് എത്തി. 1974ല്‍ കാസര്‍കോട് ഗവ. യു.പി സ്‌കൂളില്‍ ആറാം ക്ലാസിലെ കയ്യെഴുത്ത് മാസികയിലാണ് അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യകഥ 'ജീവിത പ്രശ്‌നങ്ങള്‍' പ്രസിദ്ധീകരിച്ചത്.കഥാരചനയുടെ 50-ാം വാര്‍ഷികത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന വേളയില്‍ കാസര്‍കോട് ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് കുട്ടികളുടെ മുമ്പിലേക്കാണ് അംബികാസുതന്‍ മാങ്ങാട് കഥയുടെ രസച്ചരടഴിക്കാന്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് അത് നവ്യാനുഭവമായി. തന്റെ കഥാജീവിതത്തെ കുറിച്ച് […]

കാസര്‍കോട്: ആദ്യകഥ പിറവിയെടുത്ത കലാലയത്തില്‍, അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ കുട്ടികളോട് തന്റെ ആദ്യകഥയുടെ കഥ പറയാന്‍ പ്രിയ കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട് എത്തി. 1974ല്‍ കാസര്‍കോട് ഗവ. യു.പി സ്‌കൂളില്‍ ആറാം ക്ലാസിലെ കയ്യെഴുത്ത് മാസികയിലാണ് അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യകഥ 'ജീവിത പ്രശ്‌നങ്ങള്‍' പ്രസിദ്ധീകരിച്ചത്.
കഥാരചനയുടെ 50-ാം വാര്‍ഷികത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന വേളയില്‍ കാസര്‍കോട് ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് കുട്ടികളുടെ മുമ്പിലേക്കാണ് അംബികാസുതന്‍ മാങ്ങാട് കഥയുടെ രസച്ചരടഴിക്കാന്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് അത് നവ്യാനുഭവമായി. തന്റെ കഥാജീവിതത്തെ കുറിച്ച് പറഞ്ഞാണ് നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള അംബികാസുതന്‍ മാങ്ങാട് കുട്ടികളുമായി സംവദിച്ചത്. അഴകന്റെയും പൂവാലെന്റെയും കഥകള്‍ കഥാകാരന്‍ വിവരിച്ചപ്പോള്‍ കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു.
ടൗണ്‍ യു.പി സ്‌കൂള്‍ വിദ്യാരംഗം ക്ലബ്ബാണ് അംബികാസുതന്‍ മാങ്ങാടിന്റെ എഴുത്തിന്റെ 50-ാം വാര്‍ഷികം 'കഥായനം' എന്ന പേരില്‍ സ്‌കൂള്‍ അങ്കണത്തില്‍ ആഘോഷിച്ചത്. 'രണ്ട് മത്സ്യങ്ങള്‍' എന്ന കഥയിലെ പാരിസ്ഥിക പശ്ചാത്തലവും അദ്ദേഹം പങ്കുവെച്ചു. മൂകാംബികയുടെ മകന്‍ എന്ന അര്‍ത്ഥത്തിലുള്ള അംബികാസുതന്‍ എന്ന പേര് തനിക്ക് നിര്‍ദ്ദേശിച്ച അജ്ഞാതനായ സന്യാസിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താന്‍ പഠിച്ച പഴയ ക്ലാസ് മുറിയിലെത്തി കുട്ടികള്‍ക്കൊപ്പമിരുന്ന് പഴയ ഓര്‍മ്മകള്‍ അയവിറക്കിയ കഥാകാരന്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. സ്‌കൂളിലെ ലൈബ്രറിയിലേക്ക് തന്റെ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. പത്മനാഭന്‍ ബ്ലാത്തൂര്‍ ആമുഖ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ടി.എന്‍. ജയശ്രീ, പി.ടി.എ പ്രസിഡണ്ട് അനില്‍ കുമാര്‍, കെ.സി ലൈജുമോന്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് അംബികാസുതന്‍ മടങ്ങിയത്.

Related Articles
Next Story
Share it