കൊച്ചി: സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ലൈഫ്മിഷന്‍ യുണിടാക് ഇടപാടില്‍ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച വിലകൂടിയ ഐഫോണുകളില്‍ ഒന്ന് വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 1.13 ലക്ഷം രൂപ വില വരുന്ന വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഈ ഐഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. യുണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിനു വാങ്ങി നല്‍കിയ ആറു ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണാണ് വിനോദിനിക്കു ലഭിച്ചത്. സ്വര്‍ണക്കടത്തു കേസ് വിവാദമായതോടെ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഈ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞത്. ഈ നമ്പരില്‍ നിന്ന് പല പ്രമുഖര്‍ക്കും വിളികള്‍ പോയതും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വിനോദിനിയെ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ യുണിടാക്കിന്റെ ഐ ഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്ണനെ തിരിച്ചടിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കു നല്‍കാനായി സ്വപ്‌ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് അന്ന് കോടിയേരി ഉന്നയിച്ചത്. എന്നാല്‍ കോടിയേരിയെ കണക്കിന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്നും ആരെയെങ്കിലും വിമര്‍ശിക്കുന്നതിന് മുമ്പ് വീട്ടില്‍ ഉള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.