ദുബായ് എക്‌സ്‌പോയിലെ കൗതുക പവലിയനുകള്‍

14ദിവസം മാത്രം നീണ്ടുനിന്ന ദുബായ് സന്ദര്‍ശനത്തിനിടയില്‍ വേള്‍ഡ് എക്‌സ്‌പോയിലെ 192 രാജ്യങ്ങളുടേയും പവലിയനുകള്‍ സന്ദര്‍ശിക്കുക അസാധ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എങ്കിലും പൊതുവേ ചുട്ടുപൊള്ളാറുള്ള ദുബായില്‍ ഞങ്ങളുടെ സന്ദര്‍ശന സമയത്തുണ്ടായ തണുത്ത കാലാവസ്ഥ വലിയ അനുഗ്രഹമായിരുന്നു. നട്ടുച്ചനേരത്ത് പോലും പവലിയനുകളില്‍ നിന്ന് പവലിയനുകളിലേക്ക് വിയര്‍ക്കാതെ, തളരാതെ ഓടാന്‍ കഴിഞ്ഞത് ഞങ്ങളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഇന്ത്യയടക്കം കാണാന്‍ ആഗ്രഹിച്ച കുറേ പവലിയനുകള്‍ കണ്ടുതീര്‍ന്നപ്പോള്‍ വിട്ടുപോവാതെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പവലിയനുകളെ കുറിച്ച് ഞങ്ങള്‍ സുഹൃത്തുക്കളോട് അന്വേഷിച്ചു. യൂട്യൂബര്‍മാരുടെ അഭിപ്രായവും ആരാഞ്ഞു. ജര്‍മ്മനിയും […]

14ദിവസം മാത്രം നീണ്ടുനിന്ന ദുബായ് സന്ദര്‍ശനത്തിനിടയില്‍ വേള്‍ഡ് എക്‌സ്‌പോയിലെ 192 രാജ്യങ്ങളുടേയും പവലിയനുകള്‍ സന്ദര്‍ശിക്കുക അസാധ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എങ്കിലും പൊതുവേ ചുട്ടുപൊള്ളാറുള്ള ദുബായില്‍ ഞങ്ങളുടെ സന്ദര്‍ശന സമയത്തുണ്ടായ തണുത്ത കാലാവസ്ഥ വലിയ അനുഗ്രഹമായിരുന്നു. നട്ടുച്ചനേരത്ത് പോലും പവലിയനുകളില്‍ നിന്ന് പവലിയനുകളിലേക്ക് വിയര്‍ക്കാതെ, തളരാതെ ഓടാന്‍ കഴിഞ്ഞത് ഞങ്ങളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.
ഇന്ത്യയടക്കം കാണാന്‍ ആഗ്രഹിച്ച കുറേ പവലിയനുകള്‍ കണ്ടുതീര്‍ന്നപ്പോള്‍ വിട്ടുപോവാതെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പവലിയനുകളെ കുറിച്ച് ഞങ്ങള്‍ സുഹൃത്തുക്കളോട് അന്വേഷിച്ചു. യൂട്യൂബര്‍മാരുടെ അഭിപ്രായവും ആരാഞ്ഞു. ജര്‍മ്മനിയും സൗദി അറേബ്യയും കാണാതെ പോകരുതെന്ന് യഹ്‌യ തളങ്കര തലേന്ന് ഉണര്‍ത്തിയിരുന്നു. ഇന്ത്യന്‍ പവലിയന്‍ കണ്ടിറങ്ങിയ ഉടനെ ഞാന്‍ സുഹൃത്ത് സമീര്‍ ചെങ്കളത്തെ വിളിച്ചു. സമീര്‍ നേരത്തെ തന്നെ ഒട്ടുമിക്ക പവലിയനുകളും സന്ദര്‍ശിച്ചിട്ടുണ്ട്. നിമിഷ നേരങ്ങള്‍ക്കകം സമീറിന്റെ വാട്‌സ്ആപ്പ് മെസേജ് വന്നു. 'ടോപ് 5 പവലിയന്‍സ്' എന്ന തലേക്കെട്ടില്‍, അക്കമിട്ട് അഞ്ചുപവലിയനുകളുടെ പേര് അയച്ചിട്ടുണ്ട്. 1. സൗദി അറേബ്യ, 2. ജര്‍മ്മനി, 3. റഷ്യ, 4. ആസ്‌ട്രേലിയ, 5. തായ്‌ലന്റ്.
ഞങ്ങള്‍ക്ക് ആ ലിസ്റ്റ് വലിയ ഗുണകരമായി. ഇവ അഞ്ചും കാണാതെ മടങ്ങില്ലെന്ന് തീരുമാനിച്ച് നീട്ടിവലിച്ചങ്ങ് നടന്നു. വഴികാണിക്കാന്‍ ഞങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടിവന്നില്ല. മുന്നില്‍, കുലുങ്ങിചിരിച്ച് ഒരു റോബോട്ട് കടന്നുവരുന്നുണ്ട്. എക്‌സ്‌പോക്കകത്തെ എന്തുകാര്യവും ചോദിക്കാം. ഞൊടിയിടെ കൊണ്ട് റോബോട്ട് മറുപടി തരും. ഞങ്ങള്‍ ആദ്യം ജര്‍മ്മനിയുടെ പവലിയന് ഏത് ഭാഗത്താണെന്ന് തിരിക്കി.
കൃത്യമായ വിവരങ്ങള്‍ തന്ന് റോബോട്ട് കടന്നുപോയെങ്കിലും ഹാജറ സഫ റോബോട്ടിനേയും നോക്കി അതിശയിച്ചുനില്‍ക്കുകയാണ്.
'ഇത് ഒറിജിനല്‍ മനുഷ്യനല്ലെ പപ്പാ...'
അവളുടെ കൗതുകം മാറിയിട്ടില്ല. പത്ത് വയസുകാരി കുട്ടിയുടെ കൗതുകത്തിനും സംശയത്തിനും കാരണമുണ്ടായിരുന്നു. ജീവനുള്ള മനുഷ്യര്‍പോലും തരുന്നതിനേക്കാള്‍ എത്ര കൃത്യമായാണ് ആ റോബോട്ട് മറുപടി തന്നത്.
ജര്‍മ്മന്‍ പവലിയന് മുന്നില്‍ നല്ലതിരക്കുണ്ട്. തലങ്ങും വിലങ്ങും നാട്ടിയ ഇരുമ്പ് തൂണുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ക്ഷമയോടെ മുന്നോട്ട് നടന്നു. ഒരു വളണ്ടിയര്‍വന്ന് ക്യൂ നിന്നവര്‍ക്ക് നേരെ കുടിവെള്ളം നീട്ടുന്നുണ്ട്.
കുടിവെള്ളമെന്ന് പറഞ്ഞാല്‍ അക്വഫിനയുടെ മനോഹരമായ 300 എം.എല്‍ ടിന്‍ വെള്ളം. ഞങ്ങള്‍ അല്‍പം മുമ്പ് എക്‌സ്‌പോ സ്ട്രീറ്റില്‍ നിന്ന് ഇത്തരത്തിലൊരു ടിന്‍ വെള്ളം വിലക്ക് വാങ്ങിയിരുന്നു. രെണ്ണത്തിന് അഞ്ച് ദിര്‍ഹമാണ് വില. കൂട്ടിനോക്കുമ്പോള്‍ നാട്ടിലെ 100 രൂപ. അതും വെറും 300 എം.എല്ലിന്. വില കേട്ട് ഞെട്ടിയെങ്കിലും വിലപേശാന്‍ ഞാന്‍ നിന്നില്ല. നേരത്തെ എക്‌സ്‌പോ പാസ്‌പോര്‍ട്ട് വാങ്ങുമ്പോള്‍ വില പേശിയതിന്റെ പേരില്‍ നാണം കെട്ട അനുഭവം ഞാന്‍ മറന്നിട്ടില്ലായിരുന്നു.
ജര്‍മ്മന്‍ പവലിയന്റെ പ്രധാന കവാടത്തിനരികില്‍ വശ്യമായ പുഞ്ചിരിയുമായി നാലഞ്ച് വനിതാ വളണ്ടിയര്‍മാര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. എത്ര ഹൃദ്യമായാണ് അവര്‍ ഓരോ സന്ദര്‍ശകരേയും സ്വാഗതം ചെയ്യുന്നത്. അവര്‍ ഞങ്ങള്‍ ഓരോരുത്തരുടേയും പേര് തിരക്കി. നിമിഷനേരം കൊണ്ട് ഞങ്ങള്‍ ഏഴുപേരുടെയും പേരുകള്‍ പ്രിന്റുചെയ്ത മനോഹരമായ ടാഗുകള്‍ ഞങ്ങള്‍ക്ക് തരികയും ചെയ്തു. പേരോട് കൂടിയ ടാഗ് കഴുത്തിലിട്ട് നടക്കാന്‍ ഒരു ഗമയുണ്ടായിരുന്നു. ഫില്‍സയും ഫിദയും ടാഗോട് കൂടി സെല്‍ഫി എടുക്കുന്നുണ്ട്. നിമിഷ നേരങ്ങള്‍ക്കകം ആ ഫോട്ടോസ് കൂട്ടുകാരുടെ വാട്‌സ്ആപ്പിലേക്ക് പറന്നു.
ജര്‍മ്മനിയിലേക്ക് കടക്കാന്‍ പോവുകയാണ് ഞങ്ങള്‍. ജര്‍മ്മന്‍ പവലിയന്‍ പേര് കൊണ്ട് തന്നെ വ്യത്യസ്തമാണ്. മറ്റു രാജ്യങ്ങളുടെ പവലിയനുകള്‍ക്ക് അതാത് രാജ്യങ്ങളുടെ പേരാണെങ്കില്‍ ജര്‍മ്മന്‍ പവലിയന്റെ പേര് 'കാമ്പസ് ജര്‍മ്മന്‍' എന്നാണ്. അതൊരു കാമ്പസ് തന്നെയായിരുന്നു. പവലിയന്റെ മതിലുകളില്‍ ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളെ കുറിച്ചും അവിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ കുറിച്ചും ബിദുരം കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ അടക്കം കണക്കുകളുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു. ജര്‍മ്മന്‍ പവലിയനില്‍ ഞങ്ങളെ ആദ്യം വരവേറ്റത് ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിലുള്ള മഞ്ഞ പന്തുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഒരു ഹാളാണ്. ഒരു ലക്ഷം ആശയങ്ങള്‍ എന്നെഴുതിവെച്ചിരിക്കുന്ന ആ ഹാളിനകത്ത് പന്തുകള്‍ക്ക് മേല്‍ ആറാടാം, നീണ്ടുനിവര്‍ന്ന് കിടക്കാം... അതൊരു ആനന്ദമായിരുന്നു. കുട്ടികള്‍ അവയ്ക്ക് മേല്‍ വന്നുകിടന്ന് പന്തുകള്‍ കൊണ്ട് സ്വയം മൂടുന്നു. കുതറി എണീക്കുന്നു. ഓടിച്ചാടി കളിക്കുന്നു. മുഖം മാത്രം പുറത്ത് കാണത്തക്ക് വിധം ഇബ്രാഹിം മഞ്ഞപ്പന്തുകള്‍ കൊണ്ട് മൂടിപ്പുതച്ചുകിടന്നു. വല്ലാത്തൊരു ആഹ്ലാദമാണ് ഹാളില്‍ എല്ലാവരും അനുഭവിക്കുന്നത്.
ജര്‍മ്മനി വലിയ പ്രതീക്ഷയുടെ ലോകത്തേക്കാണ് വാതില്‍ തുറക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച, ഭാവിയില്‍ ആ രാജ്യത്തുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍... എല്ലാം 'കാമ്പസ് ജര്‍മ്മന്‍' നമുക്ക് പറഞ്ഞുതരുന്നു. മറ്റ് പവലിയനുകളെ അപേക്ഷിച്ച് വിനോദത്തിനും ഇവിടെ സ്ഥാനമുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കുട്ടികള്‍ ബുദ്ധിയും ശാരീരിക ശേഷിയും അളക്കാനുള്ള വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു. അറിവ് മാത്രമല്ല, ആനന്ദം കൂടിയാണ് കാമ്പസ് ജര്‍മ്മന്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. റൂഫുകളില്‍ തൂക്കിയിട്ട ടാബ് ഡിസ്‌പ്ലേകളില്‍ ആ രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ പറയുന്നുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്. എല്‍.ഇ.ഡി ഡിസ്‌പ്ലേകളില്‍ നമുക്ക് ജര്‍മ്മനിയുടെ വലിയ വളര്‍ച്ചയുടെ അടയാളങ്ങള്‍ കാണാം.


കാമ്പസ് ജര്‍മ്മനിയില്‍ ഏറ്റവും ഒടുവില്‍ ഞങ്ങള്‍ എത്തിയത് ഊഞ്ഞാലുകള്‍ തൂക്കിയിട്ട, നീലിമയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു ഹാളിലേക്കാണ്. 52 പേര്‍ക്കാണ് ഈ ഹാളില്‍ ഒന്നിച്ച് പ്രവേശനം. തലയെണ്ണിയുള്ള പ്രവേശനത്തിന്റെ കാരണം വൈകാതെ തന്നെ പിടികിട്ടി. ഒരേസമയം 52 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഊഞ്ഞാലുകള്‍ ഒരുക്കിയിട്ടുള്ളത്. ഞങ്ങള്‍ ഓരോ ഊഞ്ഞാലുകളില്‍ ചെന്നിരുന്നു. തല്‍ക്കാലം ആടാനുള്ള അനുവാദം ഇല്ല. ആദ്യം ഒരു വനിതാ വളണ്ടിയര്‍ ഞങ്ങളോട് കൂറേ കാര്യങ്ങള്‍ വിവരിച്ചു. വലിയവലിയ കാര്യങ്ങളാണ് പറയുന്നത്. പ്രതീക്ഷയുടേയും സ്വപ്‌നങ്ങളുടേയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകുന്ന കുറേ വിവരണങ്ങള്‍.
നിമിഷ നേരങ്ങള്‍ക്കകം ഹാളിനകത്തെ വെളിച്ചം മാറി... വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞു. സ്വര്‍ഗാരാമത്തിലാണോ ഞങ്ങള്‍ എന്ന് തന്നിപ്പിക്കുന്ന വിസ്മയ നിമിഷങ്ങള്‍. ഊഞ്ഞാലുകള്‍ ആടാന്‍ തുടങ്ങി. ഞങ്ങള്‍ ആനന്ദത്തില്‍ ആറാടുകയാണ്. അനിര്‍വചനീയായൊരു അനുഭൂതി. 52 പേരും ഒന്നിച്ചാടുന്നു. ഏറ്റവും മുന്നില്‍ ഫുട്‌ബോള്‍ പന്തുപോലെയുള്ള വലിയ ഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവ മുകളിലോട്ടും താഴോട്ടും ചലിച്ച് നൃത്തം വയ്ക്കുകയാണ്. ജര്‍മ്മനി സന്ദര്‍ശകരെ ശരിക്കും ആനന്ദിപ്പിച്ചു. ഹാളിനകത്ത് മുഴുങ്ങിയ മനോഹരമായ സംഗീതത്തിനിടയില്‍ നാല് വശങ്ങളിലേയും എല്‍.ഇ.ഡി സ്‌ക്രീനില്‍ കുറേ പേരുകള്‍ തെളിയുന്നു. അക്കൂട്ടത്തിലതാ അങ്ങിങ്ങായി ഷാഫി... ഫാത്തിമ... ഇബ്രാഹിം.... ഫിദ... ഫില്‍സ... ഹാരിസ്... സഫ...
ഹാളിലെ 52 പേരുടേയും പേരുകള്‍ ജര്‍മ്മന്‍ പവലിയന്റെ സ്‌ക്രീനില്‍ മാറി മാറി തെളിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ശ്വാസംമുട്ടുകയായിരുന്നു ഞങ്ങള്‍ക്ക്....
******
ഞങ്ങള്‍ സൗദി അറേബ്യയുടെ പവലിയന് മുന്നിലെത്തുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. നിര്‍മാണ ഭംഗികൊണ്ട് തന്നെ ശ്രദ്ധേയമാണ് സൗദിയുടെ പവലിയന്‍. താഴെ പതിക്കുന്നത് പോലെ മുന്നിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ഭംഗി കണ്ടാല്‍ തന്നെ അതിശയിച്ചു പോവും. എല്ലാ വഴികളും എല്ലാ നേരവും സൗദി പവലിയനിലേക്ക് ഒഴുകുകയാണ്. ഈ പവലിയന്‍ ഇതിനകം തന്നെ മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സന്ദര്‍ശകരെ ആദ്യം വരവേല്‍ക്കുന്നത് കുളിര്‍മയുള്ള ഒരു കാഴ്ചകളാണ്. നൃത്തം വെച്ച് മഴ പോലെ പെയ്യുന്ന വൃത്തത്തിനുള്ളില്‍ കയറിപ്പറ്റി ആനന്ദത്തിന്റെ കുളിരണയുകയാണ് പലരും. ഒരേ നേരം അഞ്ചെട്ട് പേര്‍ക്ക് ആ മഴ വൃത്തത്തിനുള്ളില്‍ കയറിക്കൂടാം. പലരും, നനയാതെ വൃത്തത്തിനകത്ത് കയറിപ്പറ്റുകയും നനയാതെ തന്നെ വൃത്തത്തിനുള്ളില്‍ നിന്ന് ഇറങ്ങി വരികയും ചെയ്യുന്നത് വിജയശ്രീലാളിതരെ പോലെയാണ്. നനഞ്ഞു പോവുന്നവര്‍ ചമ്മലോടെ മുഖം പൊത്തുന്നു. ആ മഴപ്പെയ്ത്ത് വല്ലാത്തൊരു ഭംഗി തന്നെയാണ്.
കിട്ടിയ തക്കം നോക്കി ഞാനും ഹാരിസും ഇബ്രാഹിമും സഫയും മഴ വൃത്തത്തില്‍ കയറിക്കൂടി. വിദേശികളായ ചില കുട്ടികളുമുണ്ട്. നാലു ചുറ്റും വീഴുന്ന വെള്ളത്തിന്റെ ഒഴുക്ക് ഇടയ്ക്കിടെ നമ്മെ കബളിപ്പിക്കും. വെള്ളം നിന്നു എന്നു തോന്നിയ നിമിഷങ്ങളിലൊന്നില്‍ ഞാന്‍ പുറത്തേക്ക് ചാടി. പക്ഷെ കബളിപ്പിക്കപ്പെട്ടു. വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്നു പോയി ഞാന്‍. ഷൂ പോലും നനഞ്ഞിരുന്നു. ആരൊക്കെയോ കളിയാക്കി ചിരിക്കുന്നുണ്ട്. ഏതൊക്കെയോ രാഷ്ട്രക്കാര്‍. ചമ്മല്‍ മറക്കാന്‍ ഞാന്‍ മാസ്‌ക് കുറേക്കൂടി മുകളിലേക്ക് കയറ്റി. തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും നനഞ്ഞു കുതിര്‍ന്ന ആ രംഗം മുഴുവന്‍ ഫിദ ക്യാമറയിലാക്കിയിരുന്നു.
സൗദി പവലിയന്റെ ഒന്നാം നിലയിലേക്കുള്ള ഗുഹ പോലുള്ള വഴിയില്‍ കണ്ട കാഴ്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞങ്ങളെ അല്‍ഭുതം കൊള്ളിച്ചു. സൗദിയുടെ ഇന്നലെകളുടെ നേര്‍ ചിത്രം. എല്‍.ഇ.ഡി. ഡിസ്‌പ്ലേകളിലും മറ്റുമായി, സൗദി അറേബ്യ പിന്നിട്ട കാലഘട്ടങ്ങളുടെ ചരിത്രം, സംസ്‌കാരം, പാരമ്പര്യം, കലകള്‍ എല്ലാം വ്യക്തമായി കാണാം. സൗദി അറേബ്യയുടെ ഇന്നലെകളെ പുണര്‍ന്നാണ് പുതിയ കാലത്തിന്റെ അതിശയങ്ങളിലേക്ക് സന്ദര്‍ശകര്‍ എത്തുന്നത്.
പഴയ കൊട്ടാരങ്ങളും മസ്ജിദുകളുമൊക്കെ പുനരാവിഷ്‌കരിച്ചിരിച്ചിട്ടുണ്ട്. പത്തുനൂറു വര്‍ഷമപ്പുറത്തുള്ള സൗദി അറേബ്യയെ ഞങ്ങളവിടെ കണ്ടു.
മുകള്‍ നിലയില്‍ ആ രാഷ്ട്രത്തിന്റെ പുതിയകാല കാഴ്ചകള്‍ കാണാം. വിശുദ്ധ കഅബയും മരുഭൂമിയും രാജ്യം നേടിയ വളര്‍ച്ചയുമൊക്കെ ചുറ്റുമതിലുകളെ പൊതിഞ്ഞു നില്‍ക്കുന്ന എല്‍.ഇ.ഡി സ്‌ക്രീനില്‍ നിറഞ്ഞുകാണാം.
ആ ഹാളിന്റെ ഒത്ത നടുക്ക് വൃത്താകൃതിയില്‍ കിണര്‍ പോലൊരു കാഴ്ച. എല്ലാ കണ്ണുകളും ആ ചെറു ഗര്‍ത്തത്തിലേക്കാണ്.
'മരണക്കിണറാണോ. നമുക്കും നോക്കാല്ലോ....' ഇബ്രാഹിം ഞങ്ങളെ വിളിച്ചു. കാര്‍ണിവലുകളിലെ മരണക്കിണറിന് മുന്നിലാണ് സാധാരണ ഇത്തരം കാഴ്ചകള്‍ കാണാറുള്ളത്. ഞങ്ങള്‍ അരികില്‍ ചെന്നു നോക്കി.
ഏതാണ് രണ്ട് മീറ്റര്‍ നീളം തോന്നിക്കുന്ന ആ ഗര്‍ത്തത്തിന്റെ ഉള്‍ഭാഗം നിറയെ എല്‍.ഇ.ഡി. സ്‌ക്രീനാണ്. വൃത്തത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആ സ്‌ക്രീനില്‍ ഡ്രോണ്‍ ഉപയോഗിച്ച് മനോഹരമായി പകര്‍ത്തിയ വിശുദ്ധ കഅബയുടെ മേല്‍ ഭാഗം തെളിഞ്ഞു. ക്യാമറ പതുക്കെ കഅബക്ക് ചുറ്റും നിറഞ്ഞ ആയിരങ്ങളിലേക്ക് ഇറങ്ങി വരുന്നു.
സൗദിയുടെ ഭൂപ്രകൃതിയും മരു ഭൂമിയെ കീറി മുറിച്ച് പാഞ്ഞു വരുന്ന വാഹനങ്ങളുടെ ദൃശ്യവുമൊക്കെ കണ്ണിനു വിരുന്നായി ഞങ്ങള്‍ക്ക്. ഏറ്റവും ആധുനിക രീതിയില്‍ സജ്ജീകരിച്ച ഈ കിണറാണ് സൗദി അറേബ്യന്‍ പവലിയന് മറ്റൊരു വേള്‍ഡ് റെക്കോര്‍ഡ് ചാര്‍ത്തിക്കൊടുത്തത്. കടലും തീരവും പ്രകൃതിഭംഗിയുമൊക്കെ മനോഹരമായി പകര്‍ത്തിയ മറ്റൊരു കാഴ്ചയുടെ മാധുര്യം നുണഞ്ഞാണ് ഞങ്ങള്‍ സൗദിയില്‍ നിന്നിറങ്ങിയത്.
വലിയ കേബിളുകള്‍ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഏതോ ഉപകരണം കൊണ്ട് നിര്‍മ്മിച്ച റഷ്യന്‍ പവലിയനിലും ആസ്‌ട്രേലിയുടെ ആകര്‍ഷകമായ പവലിയനിലും ഒരു ഓട്ട പ്രദക്ഷിണം നടത്തി തായ്‌ലന്റ് പവലിയനിലെ അത്ഭുത കാഴ്ചകള്‍ കണ്ട് ഇറങ്ങുമ്പോള്‍ സമയം രാത്രി 11 മണി പിന്നിട്ടിരുന്നു.

Related Articles
Next Story
Share it