കുമ്പള: കേരളത്തിലെ ഏക തടാകക്ഷേത്രമായ അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴ് പതിറ്റാണ്ടിലേറെയായുള്ള മുതല ‘ബബിയ’ ഇനി ഓര്‍മ്മ. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. പ്രശസ്തമായ തിരുവനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കുമ്പള അനന്തപുരം ക്ഷേത്രം അറിയപ്പെടുന്നത്. തുടക്കത്തില്‍ ക്ഷേത്രക്കുളത്തിലുണ്ടായിരുന്ന മുതലയെ ഒരു ബ്രിട്ടീഷ് സൈനികന് വെടിവെച്ചുക്കൊന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്. ബബിയക്ക് 77 വയസിലേറെ പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്ന മുതല ഭക്തരെ ആകര്‍ഷിച്ചിരുന്നു. വിവിധ കാര്യങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താനും പൂജയ്ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ അനന്തപുരം ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ ബബിയയെ കാണാനും ശ്രമിച്ചിരുന്നു. വിദേശികള്‍ പോലും ഇവിടെ എത്തിയിരുന്നു. പലപ്പോഴും ക്ഷേത്രക്കുളത്തിന്റെ മുകളില്‍ എത്തിയിരുന്ന ബബിയ കൗതുക കാഴ്ച്ചയായിരുന്നു. ക്ഷേത്രക്കുളത്തിന്റെ അനുബന്ധമായി 200 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കുളത്തിലേക്കും ബബിയ പലപ്പോഴും എത്തിയിരുന്നതായി പറയുന്നു. ഈ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിച്ചതിന് പിന്നാലെയും ബബിയയെ കണ്ടിരുന്നുവത്രെ. തുടര്‍ന്ന് സി.സി.ടി.വി സ്ഥാപിക്കുകയും ഉണ്ടായി. ക്ഷേത്രക്കുളത്തില്‍ നിന്ന് ഈ കുളത്തിലേക്ക് മറ്റു അനുബന്ധ വഴിയുണ്ടെന്നാണ് കരുതുന്നത്. ‘ബബിയ’യുടെ മൃതദേഹം ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് വെച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ള പ്രമുഖരും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ‘ബബിയ’യെ അവസാന നോക്ക് കാണാനെത്തി. വെറ്ററിനറി ഡോക്ടര്‍ എത്തി മൃതദേഹം പരിശോധിച്ചു. വനംവകുപ്പ് അധികൃതര്‍ എത്തിയ ശേഷം സംസ്ക്കാര നടപടികള്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ മുന്‍വശത്ത് സംസ്ക്കരിക്കാനാണ് തീരുമാനം.