തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെ മന്ത്രി നടത്തിയ പ്രസംഗം അപക്വമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ റിയാസിന്റെ നിലപാടിനെ വിമര്‍ശിച്ചത്. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗവും വന്‍ വിവാദമായിരുന്നു. കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തില്‍ കടകംപള്ളിയെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്റെ നടപടിയില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുക കൂടി ചെയ്തതോടെയാണ് വിഷയം സെക്രട്ടേറിയറ്റിന്റെ പരിഗണനയില്‍ വന്നത്.
പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിയാസിന്റെ പരാമര്‍ശങ്ങളെ വിലയിരുത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അടക്കമുള്ളവര്‍ റിയാസിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു. പ്രസംഗത്തില്‍ ജാഗ്രത പുലര്ത്തണമായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമെല്ലാം സമാന അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.
അതേസമയം, മുഹമ്മദ് റിയാസിനെതിരെ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമെന്നത് തെറ്റായ പ്രചാരണമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പ്രതികരിച്ചു.