ഗഫൂര്‍ ഹാജി വധക്കേസ് കുറ്റപത്രം വിചാരണക്കായി ജില്ലാ കോടതിക്ക് കൈമാറും; രണ്ട് പ്രതികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരായ കുറ്റപത്രം വിചാരണക്കായി ജില്ലാ കോടതിക്ക് കൈമാറും. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ടി.എം ഉബൈസ്(38) ഭാര്യ ബാര മീത്തല്‍ മാങ്ങാട്ടെ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ(38), പൂച്ചക്കാട് മുക്കൂട് ജീലാനി നഗറിലെ പി.എം അസ്നിഫ(40), മധൂര്‍ കൊല്യയിലെ ആയിഷ(40), പൂച്ചക്കാട് ബിസ്മില്ലാ റോഡിലെ പി.എസ് സൈഫുദ്ദീന്‍ ബാദുഷ(33), പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി, കെ.ജെ ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പച്ചിരുന്നു. ഉവൈസും ഷമ്മാസും കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതിനാല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെ രണ്ടുപേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 262 സാക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാണ് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2023 ഏപ്രില്‍ 14ന് രാത്രിയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ആദ്യം സംശയം തോന്നാതിരുന്നതിനാല്‍ മൃതദേഹം പള്ളിപ്പറമ്പില്‍ ഖബറടക്കിയിരുന്നു. എന്നാല്‍ അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ കിടപ്പുമുറിയില്‍ നിന്ന് 596 പവന്‍ സ്വര്‍ണ്ണം കാണാതായതോടെ മരണത്തില്‍ സംശയമുയരുകയും മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഖബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തതോടെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. അന്വേഷണം കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ ഏറ്റെടുത്തതോടെയാണ് കേസ് തെളിഞ്ഞത്.