തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയതിന് ഇ.ഡിക്കെതിരെ കേരള പൊലീസ് കേസെടുത്തു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സമ്മര്‍ദം ചെലുത്തുന്നുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗൂഡാലോചനയ്ക്ക് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപനയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിര്‍ണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു മൊഴി. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തു.
നേരത്തെ ഇഡിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇ ഡിയാണ്. 20-11-2020 ന് ഇ.ഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇ.ഡിക്കെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി.