പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിട്ടും കാര്യമുണ്ടായില്ല; പൊന്നാനിയില്‍ ടി എം സിദ്ദീഖ് വേണ്ട, നന്ദകുമാര്‍ തന്നെ മതിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം

പൊന്നാനി: പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ പി നന്ദകുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം മണ്ഡലം കമ്മിറ്റിയിലും ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം പഴയ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാന്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിര്‍ദ്ദേശിക്കുകയും ഇത് യോഗം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സിദ്ദീഖ് വേണ്ടെന്നാണ് സംസ്ഥാന […]

പൊന്നാനി: പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ പി നന്ദകുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം മണ്ഡലം കമ്മിറ്റിയിലും ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം പഴയ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാന്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിര്‍ദ്ദേശിക്കുകയും ഇത് യോഗം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സിദ്ദീഖ് വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേരേണ്ടിയിരുന്ന യോഗം മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വി.വി. സുരേഷിന്റെ വീട്ടിലാണ് നടന്നത്. പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് യോഗം ഓഫീസില്‍ നിന്ന് മാറ്റിയത്. സി.പി.എം നിശ്ചയിച്ച സ്ഥാനാര്‍ത്ഥി നന്ദകുമാറും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി സിദ്ദീക്കും യോഗത്തില്‍ സന്നിഹിതരായിരുന്നു.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം സി.പി.എം നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെയാണ് പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന് ഇത്തവണ അവസരം നഷ്ടപ്പെട്ടത്. എന്നാല്‍ പകരം കണ്ടെത്തിയ സ്ഥാനാര്‍ത്ഥി നന്ദകുമാറിനെ വേണ്ടെന്നും സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ട് പൊന്നാനിയിലെ സി.പി.എം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തെരുവിലിറങ്ങുകയായിരുന്നു.

Related Articles
Next Story
Share it