മുന്നാട്: കാസര്‍കോട് ജില്ലയിലെ സഹകാരി പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും മുതിര്‍ന്ന നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ അഡ്വ. പി. രാഘവന് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്നാട്ടെ വീട്ടിലായിരുന്നു അന്ത്യം. രണ്ടര വര്‍ഷത്തോളമായി വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു.
1991 മുതല്‍ 2001 വരെ തുടര്‍ച്ചയായി പത്ത് വര്‍ഷം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ പി. രാഘവന് വിവിധ നിയമസഭാ കമ്മിറ്റികളില്‍ അംഗമായിരുന്നു. 1984 ല്‍ സി.പി.എം ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതല്‍ ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവര്‍ത്തിച്ചു. ഇടതുമുന്നണി ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കേന്ദ്ര കൗണ്‍സിലംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, കേരള റോഡ് ട്രാന്‍സ്പോപോര്‍ട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ നീണ്ടകാലം പ്രവര്‍ത്തിച്ചു. 1974 മുതല്‍ 84 വരെ സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. 2021 ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് സ്ഥാനമൊഴിഞ്ഞത്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പൊലീസ് പീഡനവും ജയില്‍ ശിക്ഷയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1969ലെ തലപള്ളം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു. ചാരനെന്ന് മുദ്രകുത്തി വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളെയും ബീഡി തൊഴിലാളികളെയും സംഘടിപ്പിച്ച് അവര്‍ക്ക് വേണ്ടി സമരം ചെയ്തു.
ജില്ലയില്‍ ചെറുതും വലുതുമായ നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുകയും സ്ഥാപക പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1981ല്‍ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് രൂപീകരിച്ച് അതിന്റെ പ്രസിഡണ്ടായി. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് ബീഡി തൊഴിലാളി സംഘം, ബസ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് ജില്ലാ ബസ് ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘം എന്നിവ രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ സഹകരണ പ്രസിന്റെ പ്രവര്‍ത്തനങ്ങളെ സജീവമാക്കി അതിന്റെ പ്രസിഡണ്ടായി. 1984ല്‍ മുന്നാട് കേന്ദ്രമായി ബേഡഡുക്ക എഡ്യുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ച് പ്രസിഡണ്ട് പദം അലങ്കരിച്ചു. കുണ്ടംകുഴിയില്‍ ക്ലേവര്‍ക്കേഴ്സ് സഹകരണ സൊസൈറ്റിയും കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും രൂപീകരിക്കുന്നതില്‍ മുന്‍നിര നേതൃത്വം നല്കി. 1979 മുതല്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടായി 8 വര്‍ഷം തുടര്‍ന്നു. കാസര്‍കോട് കോഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത് അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒട്ടേറെ സഹകരണ-വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ കീഴില്‍ രൂപം നല്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം യാഥാര്‍ത്ഥ്യമാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സ്വാശ്രയ കോളേജായ പീപ്പിള്‍സ് കോ-ഓപറേറ്റീവ് കോളേജിന് മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തില്‍ 2005ല്‍ തുടക്കമിട്ടു. 2017 വരെ നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
യു.ഡി.എഫിന്റെ പക്കല്‍ നിന്ന് 1991ല്‍ ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് പി. രാഘവനെയായിരുന്നു. ആ ദൗത്യം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. 900 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി. രാഘവന് ഉദുമ മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ 1996ല്‍ ഭൂരിപക്ഷം കാല്ലക്ഷത്തിലേറെയാക്കി ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഇതുവരെ മണ്ഡലത്തില്‍ പാറിക്കളിച്ചത് ചെങ്കൊടിയാണ്.
ഉഡുപ്പിയിലെ ലോ കോളേജില്‍ നിന്ന് നിയമബിരുദമെടുത്ത പി. രാഘവന് കുറച്ച് കാലം കാസര്‍കോട് ബാറില്‍ അഭിഭാഷകനായി ജോലി ചെയ്തെങ്കിലും പിന്നീട് പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്ക് തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ഏര്‍പെടുത്തിയ 2021ലെ ഇ.നാരായണന് പുരസ്കാരം പി.രാഘവനായിരുന്നു. മുന്‍ മന്ത്രി ഇ.പി. ജയരാജന് മുന്നാട്ടെ വീട്ടിലെത്തി പുരസ്കാരം പി.രാഘവന് സമ്മാനിക്കുകയായിരുന്നു.
പരേതരായ ചേവിരി രാമന് നായരുടെയും പേറയില്‍ മാണിയമ്മയുടെയും മകനാണ്. കെ. കമലാക്ഷിയാണ് ഭാര്യ. മക്കള്‍: കെ.ആര്.അജിത്കുമാര്‍ (എം.ബി.എ കോളേജ് മുന്നാട്), കെ.ആര്. അരുണ്‍കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ്). മരുമക്കള്‍: ദീപ കെ.എസ് (സീനിയര്‍ ക്ലര്‍ക്ക്, കലക്ടറേറ്റ്, കാസര്‍കോട്), അനുഷ (കോഴിക്കോട്). സഹോദരങ്ങള്‍: പി.നാരായണി അമ്മ (കുണ്ടംപാറ), പി. ജാനകി (ഒറ്റമാവുങ്കാല്‍), പരേതരായ പി. കൃഷ്ണന് നായര്‍ (അരിച്ചെപ്പ്), പി. നാരായണന് നായര്‍ (പയ്യങ്ങാനം), പി. കുഞ്ഞിരാമന് നായര്‍ (പാലക്കുണ്ട്).